എഴുകോൺ: ജോലിയ്ക്കായി കൊണ്ടുപോയ കരാർ തൊഴിലാളികളെ കരാറുകാരൻ ജാതിപ്പേര് വിളിച്ച് മർദിച്ചതായി പരാതി. ഓടനാവട്ടം കുടവട്ടൂർ സുദർശന മന്ദിരത്തിൽ കെ. എം. സുധർമൻ, നിരപ്പുവിള വീട്ടിൽ സുഭാഷ്, ബാബു എന്നിവർക്കാണ് മർദ്ദനമേറ്റത്. കർണാടകത്തിൽ കിണർ നിർമ്മാണ കരാറുകാരൻ കരീപ്ര കടയ്ക്കോട് ഉദയാ സദനത്തിൽ ടി. ഉദയനാണ് തൊഴിലാളികളെ മർദ്ദിച്ചത്. ഡിസംബർ 24ന് ഉത്തര കർണാടകത്തിലെ കാർവാർ മജാളി പഞ്ചായത്തിൽ വച്ചായിരുന്നു സംഭവം. ജോലി കഴിഞ്ഞ് രാത്രി ഉദയനൊപ്പം ബഞ്ചിൽ ഒരുമിച്ചിരുന്ന് ഭക്ഷണം കഴിച്ചെന്നാരോപിച്ചായിരുന്നു അക്രമം. മൂക്കിന്ന് ഗുരുതരമായി പരിക്കേറ്റ് അബോധാവസ്ഥയിലായ സുധർമനെ വീണ്ടും മർദ്ദിച്ചു. അക്രമം തടയാൻ ശ്രമിച്ച സുഭാഷിനെയും ബാബുവിനെയും മർദ്ദിച്ചു. രക്ഷപ്പെടാൻ ശ്രമിച്ച ജോലിക്കാരുടെ മൊബൈൽ ഫോണുകളും വസ്ത്രങ്ങളുമടങ്ങിയ ബാഗുകൾ ബലമായി കൈവശപ്പെടുത്തി ഗുണ്ടകളെ ഉപയോഗിച്ച് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായും പരാതിയിൽ പറയുന്നു. അവശനിലയിലായ സുധർമനെയും കൂട്ടി ബാബുവും സുഭാഷും 20 കിലോമീറ്ററോളം നടന്നാണ് റെയിൽവേ സ്റ്റേഷനിലെത്തിയത്. അവിടെയുണ്ടായിരുന്നവരുടെ സഹായത്തോടെ കണ്ണൂരിൽ എത്തി റെയിൽവേ പൊലീസിൽ വിവരമറിയിച്ചു. പൊലീസ് ഉദ്യോഗസ്ഥരോടൊപ്പമാണ് കൊല്ലത്ത് എത്തിയത്. നാട്ടിൽ എത്തിയ ഉടനെ തന്നെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ചികിത്സതേടിയ സുധർമ്മനെ തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് മാറ്റി. ഉദയനെതിരെ തൊഴിലാളികൾ പൂയപ്പള്ളി പൊലീസിൽ പരാതി നൽകി. കടയ്ക്കോട്, കുടവട്ടൂർ പ്രദേശങ്ങളിൽനിന്ന് സാമ്പത്തിക ദുരിതമനുഭവിക്കുന്നവരെ കർണാടകത്തിൽ എത്തിച്ച് കഠിനമായി ജോലി ചെയ്യിക്കുകയും അർഹിക്കുന്ന വേതനം നൽകാതെ ജാതിപ്പേര് പറഞ്ഞ് ആക്ഷേപിക്കുന്നതും മർദ്ദിക്കുന്നതും പതിവാണെന്ന് തൊഴിലാളികൾ പറഞ്ഞു.