dyfi
ഡി.വൈ.എഫ്.ഐയുടെ നേതൃത്വത്തിൽ ആറുമുറിക്കട എസ്.ബി.ഐ ബ്രാഞ്ചിന് മുന്നിൽ നടന്ന ധർണ ജില്ലാ സെക്രട്ടറി എസ്.ആർ. അരുൺബാബു ഉദ്ഘാടനം ചെയ്യുന്നു

എഴുകോൺ: സ്റ്റേറ്റ് ബാങ്ക് ഒഫ് ഇന്ത്യയുടെ എഴുകോൺ ആറുമുറിക്കട ബ്രാഞ്ച് അടച്ചുപൂട്ടാനുള്ള തീരുമാനം പിൻവലിക്കണമെന്ന് ഡി.വൈ.എഫ്‌.ഐ നെടുവത്തൂർ ഏരിയ കമ്മിറ്റി ആവശ്യപ്പെട്ടു. ആറുമുറിക്കടയിലെ പേഴ്സണൽ ബാങ്കിംഗ് ശാഖ കുണ്ടറ ആശുപത്രിമുക്കിലെ ശാഖയുമായി ലയിപ്പിക്കാൻ അധികൃതർ തീരുമാനിച്ചിരിക്കുകയാണ്. സ്റ്റേറ്റ് ബാങ്ക് ഒഫ് ട്രാവൻകൂറിനെ സ്റ്റേറ്റ് ബാങ്ക് ഒഫ് ഇന്ത്യയിൽ ലയിപ്പിച്ച ശേഷം നിരവധി ശാഖകൾ അടച്ചുപൂട്ടിയിരുന്നു. ഇതിന്റെ തുടർച്ചയായി കേരളത്തിൽ ഇപ്പോൾ 9 ശാഖകൾ കൂടി നിറുത്തലാക്കുകയാണ്. കൊല്ലം ജില്ലയിൽ ആറുമുറിക്കടയിലെ ശാഖയാണ് അടച്ച് പൂട്ടൽ നടപടി നേരിടുന്നത്. എഴുകോൺ പഞ്ചായത്തിൽ പ്രവർത്തിക്കുന്ന ഏക ദേശസാത്‌കൃത ബാങ്കാണ് ആറുമുറിക്കടയിലെ എസ്.ബി.ഐ ശാഖ. ശാഖ പൂട്ടുന്നത്തോടെ വിദ്യാഭ്യാസ, കാർഷിക വായ്പകൾ ലഭ്യമാകുന്നതിന് എഴുകോൺ പഞ്ചായത്തിലുള്ളവർ കൊട്ടാരക്കരയിലോ കുണ്ടറയിലോ പോകേണ്ടുന്ന സ്ഥിതിയാകും. ശാഖ അടച്ചുപൂട്ടുന്നതിനെതിരെ ബ്ലോക്ക് കമ്മിറ്റി നേതൃത്വത്തിൽ ബാങ്കിലേക്ക് യുവജന മാർച്ചും ധർണയും നടന്നു. ആറുമുറിക്കടയിൽ നിന്നും ആരംഭിച്ച മാർച്ച് ഡി.വൈ.എഫ്.ഐ ജില്ലാ സെക്രട്ടറി എസ്.ആർ. അരുൺബാബു ധർണ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക്‌ പ്രസിഡന്റ്‌ ജെ. അനുരൂപ് അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി എ.അഭിലാഷ്, ട്രഷറർ ആർ. പ്രശാന്ത്, ജോയിന്റ് സെക്രട്ടറി എ.എസ്. അനീഷ്, എക്സിക്യൂട്ടീവ് അംഗം അമീഷ്ബാബു, എൻ.നിയാസ്, എസ്. ഉണ്ണികൃഷ്ണൻ, സന്ദീപ് കോട്ടേക്കുന്നിൽ, രാംകുമാർ, അരുൺരാജ്, അതുൽ കൃഷ്ണൻ, ഗോപീകൃഷ്ണൻ എന്നിവർ സംസാരിച്ചു.