navas
ഭരണിക്കാവ് ടൗണിൽ പൈപ്പ് ലൈൻ പൊട്ടി കുടിവെള്ളം പാഴാവുന്നു

ശാസ്താംകോട്ട : ഭരണിക്കാവ് ടൗണിൽ പൈപ്പ് ലൈനിലെ ചോർച്ച പരിഹരിക്കാത്തതിനാൽ കുടിവെള്ളം പാഴാകുന്നു. . ദിവസങ്ങളായി തുടർച്ചയായി വെള്ളം ഒഴുകിയതോടെ കൊല്ലം-തേനി ദേശീയപാതയിൽ കുഴികൾ രൂപപ്പെട്ട് വെള്ളക്കെട്ടായി മാറി.ടൗണിൽ ട്രാഫിക് ഐലൻഡിനും ഹൈമാസ്റ്റ് ലൈറ്റിനും ഇടയിലാണ് വാട്ടർ അതോറിട്ടിയുടെ ഭൂഗർഭ പൈപ്പ് ലൈനിൽ ചോർച്ചയുണ്ടായത്. പൈപ്പ് പൊട്ടിയ ഭാഗം കണ്ടെത്തണമെങ്കിൽ ഹൈമാസ്റ്റ് ലൈറ്റും ട്രാഫിക് ഐലൻഡിന്റെ കുറച്ച് ഭാഗവും ഇളക്കി നീക്കേണ്ടി വരും.ഇത് സംബന്ധിച്ച് പഞ്ചായത്ത് അധികൃതരെ വിവരം അറിയിച്ചിട്ടുണ്ടെന്നും ഹൈമാസ്റ്റ് ലൈറ്റ് അഴിച്ചുമാറ്റാതെ ചോർച്ച പരിഹരിക്കാൻ കഴിയില്ലെന്നുമാണ് ജല അതോറിട്ടി അസി.എക്സിസിക്യുട്ടീവ് എൻജിനീയർ പറഞ്ഞത്. റോഡ് കുഴിക്കാൻ ദേശീയപാത വിഭാഗത്തിന്റെ അനുമതിയും ലഭിച്ചില്ല.അതിനാലാണ് അറ്റകുറ്റപ്പണി വൈകുന്നതെന്നാണ് അധികൃതരുടെ വിശദീകരണം. ജല അതോറിട്ടി -പഞ്ചായത്ത് -ദേശീയപാത വകുപ്പുകളുടെ ഏകോപനമില്ലായ്മ കാരണം ദിവസങ്ങളായി കുടിവെള്ളം നഷ്ടമാവുകയും ദേശീയ പാത തകരുകയുമാണ്.ഭരണിക്കാവ് ഓവർ ഹെഡ് ടാങ്കിൽ നിന്ന് ആയിക്കുന്നം പ്രദേശങ്ങളിലേക്ക് കുടിവെള്ളമെത്തിക്കുന്ന കൂറ്റൻ പൈപ്പ് ലൈനാണ് പൊട്ടിയത്.