പുനലൂർ: ദക്ഷിണ റെയിൽവേ മധുര ഡിവിഷണൽ ജനറൽ മാനേജരുടെ സന്ദർശനത്തിന്റെ മുന്നോടിയായി തിരുനെൽവേലി -പുനലൂർ റെയിൽവേ റൂട്ടിൽ ട്രാക്ക് പരിശോധന നടത്തി.മധുര ഡിവിഷണൽ മാനേജർ ലെനിന്റെ നേതൃത്വത്തിലുളള ഉദ്യോഗസ്ഥ സംഘമാണ് പരിശോധനകൾ നടത്തിയത്.ഫെബ്രുവിരി 17നാണ് ജനറൽ മാനേജരുടെ സന്ദർശനം.എൻജിന് പുറമെ രണ്ട് ബോഗികളിലായാണ് ഉദ്യോഗസ്ഥർ പരിശോധനകൾ നടത്തിയത്. മാനേജരുടെ ബോഗിയിൽ പ്രത്യേകം സജ്ജമാക്കിയ കമ്പ്യൂട്ടർ വഴിയാണ് ട്രാക്കുകൾ നിരീക്ഷിച്ച് സ്ഥിതിഗിതികൾ വിലയിരുത്തിയത്.രാവിലെ 9.30ന് തിരുനെൽവേലിയിൽ നിന്ന് പുറപ്പെട്ട് തെങ്കാശി, ചെങ്കോട്ട, ഭഗവതിപുരം, ആര്യങ്കാവ്,ന്യൂ ആര്യങ്കാവ്,ഇടപ്പാളയം,കഴുതുരുട്ടി, തെന്മല, ഇടമൺ എന്നീ റെയിൽസ്റ്റേഷനുകളും സന്ദർശിച്ച ശേഷം വൈകിട്ട് 4മണിയോടെ പുനലൂരിൽ എത്തി.ഇതിനിടെ കോട്ടവാസൽ, ആര്യങ്കാവ്, എം.എസ്.എൽ.തുടങ്ങിയ സ്ഥലങ്ങളിലെ തുരങ്കങ്ങളും കണ്ണറ പാലങ്ങളും പരിശോധിച്ച് സ്ഥിതിഗതികൾ വിലയിരുത്തിയ ശേഷമാണ് തിരികെ മടങ്ങിയത്.സീനിയർ ഡിവിഷൻ എൻജിനീയർ വിന്റോ, അസി.ഡിവിഷണൽ എൻജിനീയർ കബിലൻ തുടങ്ങിയ ഉദ്യോഗസ്ഥരും മാനേജർക്കൊപ്പം എത്തിയിരുന്നു.