''മുറിവേൽപ്പിക്കിലും ധൂർത്തർ
പത്രം ചുട്ടുകരിക്കിലും
മുഷ്ക്കിന്നു കീഴടങ്ങാതെ
മരിപ്പോളം തടുക്കുവിൻ''
മഹാകവി കുമാരനാശാന്റെ ഉദ്ബോധനം എന്ന കവിതയിലെ വരികളാണിത്. ഈഴവ, പിന്നാക്ക വിഭാഗങ്ങളുടെ അവകാശങ്ങൾക്ക് വേണ്ടി സന്ധിയില്ലാതെ ശബ്ദമുയർത്തിയ 'സുജനാനന്ദിനി' എന്ന പത്രത്തിന്റെ ഓഫീസ് ചുട്ടുകരിച്ചതിന്റെ പ്രതിഷേധമാണ് ഈ വരികളിൽ ജ്വലിക്കുന്നത്. കേരളത്തെ ഇന്ന് കാണുന്ന തരത്തിൽ രൂപപ്പെടുത്തുന്നതിൽ നിർണായക പങ്കുവഹിച്ച പത്രമാണ് സുജനാനന്ദിനി. ചാതുർവർണ്യത്തിനെതിര അഗ്നിചിതറുന്ന വാക്കുകളുമായി പുറത്തിറങ്ങിയിരുന്ന സുജനാനന്ദിനിക്കും അതിന്റെ പത്രാധിപർ പരവൂർ വി. കേശവനാശാനും കേരള ചരിത്രത്തിൽ വേണ്ടത്ര പ്രാധാന്യം ഇനിയും ലഭിച്ചിട്ടില്ല. അക്ഷരങ്ങളിൽ അവകാശ സമരത്തിന്റെ അഗ്നിനിറച്ച പരവൂർ കേശവനാശാൻ ഓർമ്മയായിട്ട് ഇന്ന് 104 വർഷം പിന്നിടുന്നു.
കേരള നവോത്ഥാന ചരിത്രത്തിലെ ഏറ്റവും വലിയ ഇടിമുഴക്കമായ അരുവിപ്പുറം ശിവപ്രതിഷ്ഠയ്ക്ക് പിന്നാലെ ചാതുർവർണ്യത്തിനെതിരെ സ്ഫോടനാത്മകമായ പല ചലനങ്ങളുമുണ്ടായി. അക്കൂട്ടത്തിലൊന്നായിരുന്നു 1892ൽ കൊല്ലം പരവൂരിൽ നിന്നും പ്രസാധനം ആരംഭിച്ച സുജനാനന്ദിനി. അക്കാലത്തെ ഈഴവ പ്രമാണിമാരിൽ പ്രമുഖനായിരുന്ന എഴിയത്ത് വൈരവൻ വൈദ്യരുടെയും കുഞ്ഞുകുറുമ്പയമ്മയുടെയും മകനായിരുന്നു സുജനാനന്ദിനിയുടെ പത്രാധിപർ പരവൂർ വി. കേശവനാശാൻ. അദ്ദേഹം പിതാവിൽ നിന്നും ആയുർവേദ ശാസ്ത്രം അഭ്യസിച്ച ശേഷം അക്കാലത്തെ പ്രമുഖ അയുർവേദ ആചാര്യന്മാരിൽ നിന്നും ഉപരിപഠനം നേടി. പിന്നീട് ജ്യോതിശാസ്ത്രവും പഠിച്ചു. സാഹിത്യത്തിൽ അതീവ തത്‌പരനായിരുന്ന അദ്ദേഹം മികച്ച പരിഭാഷകൻ, നിരൂപകൻ എന്നീ നിലകളിലും ശ്രദ്ധേയനായി. ചിത്തിര തിരുനാൾ മഹാരാജാവിന്റെ ജനനം ആസ്പദമാക്കി ഒരു മഹാകാവ്യമെഴുതി. ഇങ്ങനെ ഒരു മഹാകവിയോ ആയുർവേദ ആചാര്യനോ മാത്രം ആകേണ്ടിയിരുന്നയാളാണ് കേശവനാശാൻ. പക്ഷേ മഹാഗുരുവിന്റെ ദിവ്യജ്യോതിസിന് പിന്നാലെയുള്ള യാത്രയാണ് കേശവനാശാനെ പത്രാധിപരാക്കിയത്.
അവകാശങ്ങൾക്ക് വേണ്ടി ശബ്ദമുയർത്താതിരിക്കാനാണ് സവർണർ അവർണർക്ക് അക്ഷരം നിഷേധിച്ചത്. പക്ഷേ ശ്രീനാരായണ ഗുരുദേവൻ അടക്കമുള്ളവരുടെ നേതൃത്വത്തിൽ നടന്ന നവോത്ഥാന മുന്നേറ്റത്തിൽ ചാതുവർണ്യത്തിന്റെ ഈ കുടിലതന്ത്രം പൊളിഞ്ഞുവീണു. അവർണരിൽ ഒരുവിഭാഗം അക്ഷരം പഠിച്ചു. മനുഷ്യരെന്ന പരിഗണന പോലും ലഭിക്കാത്ത മഹാജനതയ്‌ക്ക് വേണ്ടി നാവുയർത്താൻ പോലും അധികാരമില്ലാത്തവർ ഉച്ചത്തിൽ ശബ്ദിച്ചു തുടങ്ങി. അത്തരത്തിൽ 1892 ജനുവരിയിൽ പരവൂരിൽ തുടങ്ങിയ വിസ്ഫോടന പരമ്പരയാണ് സുജനാനന്ദിനി. തിരുവിതാംകൂറിലെ ഈഴവരുടെ ആദ്യപത്രമായിരുന്നു അത്. മാസത്തിൽ രണ്ട് തവണയാണ് സുജനാനന്ദിനി പുറത്തിറങ്ങിയിരുന്നത്. ഈഴവ പിന്നാക്ക വിഭാഗങ്ങളുടെ സഞ്ചാര സ്വതാന്ത്ര്യം, സ്കൂൾ പ്രവേശനം, ഉദ്യോഗം തുടങ്ങിയ മനുഷ്യാവകാശങ്ങൾക്ക് വേണ്ടി കേശവനാശാൻ സുജനാനന്ദിനിയിലൂടെ ഗർജ്ജിച്ചു. കൊല്ലം വർഷം 1068 ധനു മൂന്നാം തീയതിലെ സുജനനാനന്ദിനി ലക്കത്തിൽ 'സർക്കാർ വിദ്യാഭ്യാസത്തിൽ പക്ഷപാതം അനുവദിക്കപ്പെടാമോ' എന്ന തലക്കെട്ടിൽ പ്രസിദ്ധീകരിച്ച മുഖപ്രസംഗത്തിലെ ഒരു ഭാഗം ഇങ്ങനെയായിരുന്നു.
'' പ്രജകൾ വിദ്യാവിഹീനന്മാരും അപരിഷ്കൃതന്മാരും ആയിരുന്നാൽ അവരെ ന്യായാനുസരണം ഭരിക്കുന്നതിനും അവരുടെ ഇടയിൽ രാജ്യ നിബന്ധനയെ ക്രമപകാരം പ്രചരിപ്പിക്കുന്നതിനും അസാമാന്യമായ പ്രയാസവും ബുദ്ധിമുട്ടും ആവശ്യമായി വരും എന്നുള്ളത് പല രാജ്യചരിത്രങ്ങൾ നമ്മെ പഠിപ്പിക്കുന്നു. പ്രജകളിൽ നീതി, സത്യം, ധൈര്യം ആദിയായ സൽഗുണങ്ങൾ വിദ്യാഭ്യാസത്തിൽ നിന്നും ഉളവാകേണ്ടതാകുന്നു. ഈ വക ഗുണങ്ങൾ ഒരു രാജ്യത്തിലെ പ്രജകളിൽ പ്രത്യേക ഒരംശത്തിന് ആവശ്യമില്ലെന്നോ അവർ അതിൽ അർഹരായി തീരരുതെന്നോ ഏതെങ്കിലും ഗവൺമെന്റോ അതിലെ അധികാരികളോ വിചാരിച്ചാൽ ആ രാജ്യം ദുർഭരണത്തിൽ പ്രഖ്യാതിയെ കാംക്ഷിക്കുന്നു എന്നല്ലാതെ വിചാരിക്കാൻ പാടുള്ളതല്ല.''
കേശവനാശാന്റെ അക്ഷരങ്ങൾ പിന്നാക്ക വിഭാഗങ്ങൾക്ക് നാവുയർത്താനും പോരാടാനുമുള്ള കരുത്ത് നൽകി. അതേസമയം അധികാര വർഗ്ഗത്തെയും സവർണരെയും അസ്വസ്ഥരാക്കി. വെറും അസ്വസ്ഥതയല്ല. ചാതുർവണ്യം എന്ന കുടിലതന്ത്രത്തിലൂടെ നിലനിർത്തിയിരുന്ന അധീശത്വം തകരുമെന്ന ഭീതി അവരുടെ മനസുകളിൽ സൃഷ്ടിച്ചു. അത്രയേറെ കരുത്തുള്ളതായിരുന്നു സുജനാനന്ദിനിയിലെ മുഖപ്രസംഗങ്ങൾ. ഒടുവിൽ സവർണവിഭാഗം സുജനാനന്ദിനിയെ കശാപ്പ് ചെയ്യാൻ തീരുമാനിച്ചു. 1905ലെ ഒരു അർദ്ധരാത്രിയിൽ സുജനാനന്ദിനിയുടെ പരവൂരിലെ അച്ചടിശാല അഗ്നിക്കിരയാക്കി. വിദ്യാലയ പ്രവേശനത്തിനായി ഈഴവർ സമ്മർദ്ദം ശക്തമാക്കിയ കാലമായിരുന്നു അത്. പക്ഷെ അനുവദിക്കില്ലെന്ന ഉറച്ചനിലപാടിലായിരുന്നു സവർണരും ഉദ്യോഗസ്ഥ പ്രമാണികളും. ഇതിനിടെ ആലപ്പുഴയിലെ ഹരിപ്പാട്ട് ഒരു ഈഴവ ബാലന് വിദ്യാലയ പ്രവേശനം ലഭിച്ചു. ഇതിനെതിരെ സവർണർ രംഗത്ത് എത്തിയതോടെ പ്രദേശത്ത് ഈഴവ- നായർ ലഹള പൊട്ടിപ്പുറപ്പെട്ടു. ഇതിനിടെ പരവൂർ മണിയംകുളം സ്കൂളിൽ ഈഴവ സമുദായാംഗമായ ബാലന് പ്രവേശനം നൽകിയതിനെതിരെ സവർണർ സംഘടിതമായി പ്രതിഷേധം തുടങ്ങി. പ്രതിഷേധം മൂർച്ഛിക്കുന്നതിനിടയിൽ ആ അക്ഷരശാല ഭാഗികമായി അഗ്നിക്കിരയായി.
ഹരിപ്പാട്ട് ആരംഭിച്ച ഈഴവ - നായർ ലഹള പരവൂർ അടക്കമുള്ള തെക്കൻ മേഖലയിലേക്കും വ്യാപിച്ചു. ഈഴവ സമുദായാംഗങ്ങൾ വ്യാപകമായി ആക്രമിക്കപ്പെട്ടു. ഈഴവരുടെ വിദ്യാലയ പ്രവേശനത്തിനായി ശബ്ദമുയർത്തിയ കേശവനാശാൻ ലഹള അവസാനിപ്പിക്കണമെന്ന് സുജനാനന്ദിനിയിൽ മുഖപ്രസംഗമെഴുതി. തൊട്ടുപിന്നാലെ ബ്രട്ടീഷ് റസിഡന്റിന് കേശനാശാൻ പരാതി നൽകി. അന്ന് രാത്രിയാണ് സുജനാനന്ദിനിയുടെ അച്ചടിശാല ചുട്ടുകരിക്കപ്പെട്ടത്. പക്ഷെ കേശവനാശാൻ കൊളുത്തിയ അവകാശസമരത്തിന്റെ തീ ജ്വാലകൾ അണഞ്ഞില്ല. കൂടുതൽ കത്തിപ്പടർന്നു. ആ അഗ്നിജ്വാലകളിൽ ചാതുർവണ്യം കത്തിയെരിഞ്ഞു. ജാതിയുടെ വേലിക്കെട്ടുകൾ പൊളിച്ചടുക്കി ഈഴവരാദി പിന്നാക്ക വിഭാഗങ്ങൾ ഉന്നത വിദ്യാഭ്യാസവും ഉന്നത ഉദ്യോഗങ്ങളും നേടി.
കേരളത്തെ ഇന്ന് കാണുന്ന തരത്തിൽ രൂപപ്പെടുത്തിയ നവകേരള ശില്പികളിൽ പ്രമുഖനാണ് പരവൂർ കേശവനാശാൻ. പക്ഷെ ചരിത്രത്തിൽ കേശവനാശാനെ അർഹിക്കുന്ന പ്രാധാന്യത്തോടെ അടയാളപ്പെടുത്തിയിട്ടില്ല. കേശവനാശാന് നേരെ ചരിത്രത്തിൽ നിഴൽ പടർന്നപ്പോൾ മറഞ്ഞത് കേരളത്തിലെ പിന്നാക്ക വിഭാഗങ്ങൾ അനുഭവിച്ച യാതനകളുടെ ആഴവും അതിനെതിരായ അതിജീവനവുമാണ്. ചരിത്രത്തിലെ ഈ വിടവ് നികത്തപ്പെടണം. പരവൂർ വി.കേശവനാശാന്റെ ജീവിതത്തെപ്പറ്റി കൂടുതൽ പഠനങ്ങളും ഗവേഷണങ്ങളും ഉണ്ടാകണം.