police

തിരുവനന്തപുരം: പിഴവുകൾ പതിവായ സംസ്ഥാന പൊലീസിൽ പ്രതിച്ഛായ മെച്ചപ്പെടുത്താനായി ആഭ്യന്തരവകുപ്പ് നടത്തിയത് വെറും കസേരകളി. നിയമസഭാതിരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം അവശേഷിക്കെ എസ്.പിമാർ മുതൽ എ.ഡി.ജി.പി റാങ്ക് വരെയുള്ള ഏതാനും പേരുടെ കസേരകളിൽ അഴിച്ചുപണി നടത്തിയെങ്കിലും ക്രമസമാധാനം,​ കുറ്റാന്വേഷണം തുടങ്ങി താഴേതട്ടിലുളള മേഖലകളിലൊന്നും മാറ്റമുണ്ടാകാത്തതിനാൽ പൊലീസിന്റെ പ്രവർത്തനത്തിൽ വരും നാളുകളിലും കാര്യമായ മാറ്റത്തിന് യാതൊരു സാദ്ധ്യതയുമില്ല. വിരമിക്കലിന് മാസങ്ങൾ മാത്രം അവശേഷിക്കെ പൊലീസ് മേധാവിയെ മാറ്റുക സാദ്ധ്യമല്ല. സർക്കാരിലും ഭരണകക്ഷി നേതാക്കളിൽ ഭൂരിപക്ഷം പേർക്കും സംസ്ഥാന പൊലീസ് മേധാവിയെപ്പറ്റി നല്ല അഭിപ്രായമില്ലെങ്കിലും മുഖ്യമന്ത്രിയുടെ വിശ്വസ്തനായതിനാലും തിരഞ്ഞെടുപ്പിന് മുന്നോടിയായി ഡി.ജി.പി മാറണമെന്ന് അഭിപ്രായമില്ലെന്ന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷൻ വ്യക്തമാക്കിയ സാഹചര്യത്തിലും മേധാവിക്ക് സ്ഥാനചലനമില്ലെന്ന് ഉറപ്പായിക്കഴിഞ്ഞു.

ഫയർഫോഴ്സ് മേധാവിയായിരുന്ന ഡി.ജി.പി ശ്രീലേഖ വിരമിക്കുകയും ജില്ലാ പൊലീസ് മേധാവിമാരുടേതുൾപ്പെടെ ചില കസേരകൾ ഒഴിഞ്ഞുകിടക്കുകയും ചെയ്തസാഹചര്യത്തിലാണ് തിരഞ്ഞെടുപ്പ് കൂടി മുന്നിൽകണ്ട് ആഭ്യന്തര വകുപ്പ് അഴിച്ചുപണി ആസൂത്രണം ചെയ്തത്. എസ്.പി,​ ഡി.ഐ.ജി,​ ഐ.ജി,​ എ.ഡി.ജി.പി റാങ്കുകളിലുണ്ടായിരുന്നവരെ ഇളക്കി കസേരകൾ മാറ്റി പ്രതിഷ്ഠിച്ചെന്നല്ലാതെ പൊലീസിലെ മാറ്റം ജനങ്ങൾക്ക് അനുഭവപ്പെടത്തക്ക യാതൊന്നും സേനയിലുണ്ടായില്ല.

അച്ചടക്കം നഷ്ടമായ നിയമപരിപാലനം, സി.ഐക്ക് ഇഷ്ട നിയമം

ഈ സർക്കാർ അധികാരത്തിൽ വന്നതിനൊപ്പം എസ്.ഐമാരായും സി.ഐമാരായും ഡിവൈ.എസ്.പിമാരായും ക്രമസമാധാന പാലനത്തിനെത്തിയവരാണ് പല സ്റ്റേഷനുകളിലായി ഇപ്പോഴും അതേചുമതലകൾ വഹിക്കുന്നത്. അഴിമതിയും മോശം പെരുമാറ്റവും കൃത്യവിലോപവും കാരണം ലോക്കൽ നിയമനത്തിന് വിലക്കുള്ളവർ മുതൽ ക്രിമിനൽ കേസുകളിൽ അന്വേഷണം നേരിടുന്നവർവരെ ഇക്കൂട്ടത്തിലുണ്ട്. ഇഷ്ടക്കാർക്കെതിരെ കേസ് വന്നാൽ പരാതി സ്വീകരിക്കാതെയും വാദിക്കെതിരെ എതിർകേസെടുത്ത് കോടതിയിലെത്തിക്കുകയും വാദിക്ക് വേണമെങ്കിൽ സ്വകാര്യ അന്യായം ഫയൽ ചെയ്യാമെന്ന് കല്പിക്കുകയും ചെയ്യുന്നവരും അന്വേഷിച്ച പൊലീസുദ്യോഗസ്ഥൻ സൈറ്റിൽ നിന്ന് നൽകിയ ഫോട്ടോ ഉൾപ്പെടെയുള്ള തെളിവുകൾ നശിപ്പിക്കുകയും കേസിൽ പ്രതിയാക്കുമെന്ന് ഭീഷണിപ്പെടുത്തി കൈക്കൂലി ആവശ്യപ്പെടുന്നവരും കസ്റ്റഡി കൊലപാതകത്തിൽ പ്രതിയായവരും പീഡനക്കേസുകളിൽ വിചാരണനേരിടുന്നവരും മറ്റ് ക്രിമിനൽ കേസുകളിൽ പ്രതികളായവരുമാണ് ക്രമസമാധാനം നിയന്ത്രിക്കുന്നത്. പലപ്പോഴും ഇവർ പറയുന്ന ന്യായം മുകളിൽ നിന്ന് നിർദ്ദേശമുണ്ട് ഇടപെടലുണ്ട് എന്നതാണ് മറ്റ് പരിഗണനകളില്ലാതെ സത്യസന്ധമായി ചുമതലകൾ നിറവേറ്റുന്നതിന് നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥരുടേതാണ് ഇൗ ഒളിച്ചുകളികൾ.

എസ്.എച്ച്.ഒമാരായി സി.ഐമാർ വന്നതോടെ കൂടുതൽ വഷളായി

പൊലീസ് സ്റ്റേഷനുകളുടെ പ്രവർത്തനം മെച്ചപ്പെടുത്താൻ സി.ഐമാരെ സ്റ്റേഷൻ ഹൗസ് ഓഫീസ‌ർമാരാക്കിക്കൊണ്ടുള്ള പരിഷ്കാരം ഈ സർക്കാരാണ് നടപ്പാക്കിയത്. ഇതനുസരിച്ച് സി.ഐമാർ സ്റ്റേഷൻ ഭരണം തുടങ്ങിയതോടെ മുമ്പ് സ്റ്റേഷനുകളിൽ രാജാക്കൻമാരായി വാണിരുന്ന എസ്.ഐമാർ നോക്കുകുത്തികളായി. പരാതികളും കേസ് അന്വേഷണവുമുൾപ്പെടെ എല്ലാ കാര്യങ്ങളും സി.ഐ മുഖാന്തിരമേ പാടുളളൂവെന്ന് വന്നതോടെ എസ്.ഐ മാർക്ക് പട്രോളിംഗും വാഹന പരിശോധനയും മാത്രമായി പണി.ഓരോ സ്റ്റേഷനിലും സ്ഥാനക്കയറ്റം ലഭിച്ചതുൾപ്പെടെ നാലും അഞ്ചും എസ്.ഐമാർ വീതമുണ്ട്. ക്രമസമാധാന പാലനത്തിൽ മുൻ പരിചയമില്ലാത്തവരും ഉഴപ്പൻമാരുമായ സി.ഐമാർ അധികാരത്തിലുള്ള സ്റ്റേഷനുകളിൽ പരാതി അന്വേഷണം പോലും ശരിയായ വിധത്തിൽ നടപ്പില്ലാതായി. സി.ഐമാരെ ഓവർടേക്ക് ചെയ്ത് കാര്യങ്ങൾ ചെയ്യാനാകാത്തതിനാൽ സമർത്ഥൻമാരായ എസ്.ഐമാർക്കും നിസഹായരാകേണ്ടിവന്നു.

രാഷ്ട്രീയ-പൊലീസ് ഉന്നതരുടെ അനാവശ്യ ഇടപെടൽ

പൊലീസ് സ്റ്റേഷനുകളെ സബ് ഡിവിഷൻ മാതൃകയിൽ ബീറ്റ് തിരിച്ച് ഓരോ ബീറ്റിലെയും ക്രമസമാധാന ചുമതല എസ്.ഐമാർക്ക് വീതിച്ച് നൽകുകയും സി.ഐ ഇക്കാര്യങ്ങൾക്ക് മേൽനോട്ടം വഹിക്കുകയും ചെയ്തിരുന്നെങ്കിൽ കുറ്റമറ്റ കുറ്റാന്വേഷണവും ക്രമസമാധാന പാലനവും നിറവേറ്റപ്പെടുമായിരുന്നു. എക്കാലത്തെയും പോലെ രാഷ്ട്രീയ സ്വാധീനമാണ് സ്വതന്ത്രമായ നീതി നി‌ർവ്വഹണത്തിനുള്ള മറ്രൊരു തടസം. തൊട്ടതിനും പിടിച്ചതിനുമെല്ലാം രാഷ്ട്രീയത്തിലെയും പൊലീസിലെ തന്നെ ഉന്നതൻമാരുടെയും ഇടപെടലുണ്ടാകുകയും അവരുടെ താൽപ്പര്യങ്ങൾക്ക് അനുസരിച്ച് നീതി നിർവ്വഹിക്കപ്പെടുകയും ചെയ്യുന്നതും പൊലീസിനെ കളങ്കപ്പെടുത്തുന്നുണ്ട്. രാഷ്ട്രീയ നേതാക്കൾക്ക് മുന്നിൽ നട്ടെല്ല് വളയ്ക്കാനും ഓച്ചാനിച്ച് നിൽക്കാനും മടിയില്ലാത്തവരും പാർട്ടിനേതാക്കൾക്ക് താൽപ്പര്യമുള്ളവരുമാണ് ഇപ്പോൾ ലോക്കൽ പൊലീസ് സ്റ്റേഷനുകളിലുള്ളത്.

ഡിവൈ.എസ്.പി കണ്ടെയ്ൻമെന്റ് നിശ്ചയിച്ചത് നേതാവിന്റെ നിർദ്ദേശപ്രകാരം

കൊവിഡ് മഹാമാരിയിൽ സംസ്ഥാനത്തെ ഒരുപ്രധാന നഗരത്തിൽ ഒരു ഡിവൈ.എസ്.പി കണ്ടെയ്ൻമെന്റ് സോണുകൾ നിശ്ചയിക്കുകയും പുനക്രമീകരിക്കുകയും ചെയ്തത് പോലും സ്ഥലത്തെ രാഷ്ട്രീയപാർട്ടി ഓഫീസിൽ നിന്നുള്ള നിർദ്ദേശാനുസരണമാണ്. ഒന്നിലധികം പോർട്ടുകളുള്ള തീരദേശവും പ്രമുഖ മാർക്കറ്റുകളും ഉൾപ്പെടുന്ന നഗരത്തിൽ തങ്ങളുടെ രാഷ്ട്രീയമേൽക്കോയ്മ നിലനിർത്താനായി കണ്ടെയ്ൻമെന്റ് സോണുകൾ ഡിവൈ.എസ്.പി മാറ്റിയെഴുതിയപ്പോൾ യുവ ഐ.പി.എസുകാരനായ ജില്ലാ പൊലീസ് മേധാവിയ്ക്ക് പോലും ഇത് കണ്ടില്ലെന്ന് നടിക്കേണ്ടിവന്നു.

രാഷ്ട്രീയ അതിപ്രസരത്തിലും ബാഹ്യ ഇടപെടലിലും മനം മടുത്ത നിരവധി മിടുക്കൻമാരായ ഓഫീസർ‌മാർ വിജിലൻസ്, ക്രൈംബ്രാഞ്ച് ഓഫീസുകളിൽ ഒതുങ്ങിക്കൂടി കഴിയുന്നുണ്ട്. തിരഞ്ഞെടുപ്പിന് മുന്നോടിയായി പൊലീസിന്റെ താഴെത്തട്ടിൽ അഴിച്ചുപണി പതിവുള്ളതാണെങ്കിലും തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പിലെ ചരിത്രവിജയത്തിന്റെ ആത്മവിശ്വാസത്തിൽ വലിയ പൊളിച്ചുപണിയൊന്നും കൂടാതെ നിയമസഭാ തിരഞ്ഞെടുപ്പിനെ നേരിടാനാണ് സർക്കാർ ആലോചിക്കുന്നത്. പാർലമെന്റ് തിരഞ്ഞെടുപ്പിലേതുപോലെ ജില്ലവിട്ടുള്ള സ്ഥലം മാറ്റങ്ങൾ പൊലീസ് സേനാംഗങ്ങളുടെ എതി‌ർപ്പിന് കാരണമാകുമെന്ന കണക്കുകൂട്ടലിൽ സബ്ഡിവിഷനുകളിലോ അയൽജില്ലകളിലോ ഒതുങ്ങും വിധം എസ്.ഐമാരെയും സി.ഐമാരെയും ഡിവൈ.എസ്.പിമാരെയും മാറ്റിയും തിരിച്ചും തിരഞ്ഞെടുപ്പ് നേരിടുകയാണ് സ‌ർക്കാരിന്റെ ലക്ഷ്യം.