ചാത്തന്നൂർ: കോടിക്കണക്കിന് രൂപയുടെ ആസ്തിയാണ് അലൂമിനിയം ഇൻഡസ്ട്രീസ് ലിമിറ്റഡിന് കീഴിലായി രാജ്യത്തങ്ങോളം ഇങ്ങോളമായി ഉള്ളത്. രേഖകൾ പ്രകാരം 3,800 കോടിയിലേറെ രൂപയുടെ സ്വത്തുവകകൾ അലിൻഡിനുണ്ട്. 7,911 ഓളം വരുന്ന ഓഹരി ഉടമകളുള്ള സ്ഥാപനത്തിന്റെ ആസ്തിയിൽ കേരള സർക്കാരും ലൈഫ് ഇൻഷ്വറൻസ് കോർപ്പറേഷനും പൊതുജനങ്ങളും അടക്കം പങ്കാളികളാണ്.
1940 കാലഘട്ടത്തിൽ സർ സി.പി. രാമസ്വാമി അയ്യരാണ് മദ്രാസിലെ പ്രമുഖ വ്യവസായ ഗ്രൂപ്പായ ശേഷസായി ബ്രദേഴ്‌സിനെ കുണ്ടറയിൽ അലിൻഡ് സ്ഥാപിക്കുന്നതിന് മാനേജിംഗ് ഏജൻസിയായി കൊണ്ടുവന്നത്. ഈ കമ്പനിയുടെ പ്രതിനിധിയായ വി. ശേഷസായിയെ എക്‌സ് ഒഫീഷ്യോ അംഗമായി ഉൾപ്പെടുത്തിയാണ് ആദ്യ ഡയറക്ടർ ബോർഡ് രൂപീകരിക്കുന്നത്. കെ.പി.പി മേനോനായിരുന്നു തിരുവിതാംകൂർ സർക്കാർ പ്രതിനിധി.
വളർച്ചയുടെ പടവുകൾ താണ്ടി രാജ്യത്തിന്റെ നാനാഭാഗങ്ങളിലായി വ്യാപിച്ച വ്യവസായ ശൃംഖലയുടെ മൂല്യം ഇന്ന് ആയിരക്കണക്കിന് കോടി രൂപയാണ്. ഇപ്പോൾ തകർച്ചയുടെ വക്കോളമെത്തിയ സ്ഥാപനത്തിൽ പുനരുദ്ധാരണ പദ്ധതികൾ നടപ്പാക്കാൻ അധികൃതർ ഇനിയും അമാന്തിച്ചാൽ കേരള സർക്കാരുൾപ്പെടെയുള്ള ഓഹരി ഉടമകൾക്കാകും അതിന്റെ നഷ്ടം.
ആസ്തി വിവരങ്ങൾ
(ഏകദേശ മൂല്യം ബ്രായ്ക്കറ്റിൽ)
01. 1946ൽ തിരുവിതാംകൂർ സർക്കാരിൽ നിന്ന് കുത്തക പാട്ട വ്യവസ്ഥയിൽ ലഭിച്ച കുണ്ടറയിലെ 63 ഏക്കർ സ്ഥലവും കെട്ടിടങ്ങളും (100 കോടി)
02. 1955ൽ ഒഡിഷയിലെ ഹിരാകുഡിൽ വിലയ്ക്ക് വാങ്ങിയ 46 ഏക്കർ ഭൂമി. (100 കോടി)
03. 1963ൽ ഹൈദരാബാദിലെ ശ്രീലിംഗപള്ളിയിൽ വിലയ്ക്ക് വാങ്ങിയ 100 ഏക്കർ ഭൂമിയും കെട്ടിടങ്ങളും (2500 കോടി)
04. 1969ൽ മാന്നാറിൽ സ്വിച്ച് ഗിയർ ഡിവിഷന് വേണ്ടി വാങ്ങിയ 46 ഏക്കർ ഭൂമിയും കെട്ടിടങ്ങളും (100 കോടി)
05. 1981ൽ തിരുവനന്തപുരം വിളപ്പിൽശാലയിൽ റിലേ യൂണിറ്റിനായി വാങ്ങിയ മൂന്ന് ഏക്കർ സ്ഥലവും കെട്ടിടങ്ങളും (25 കോടി)
06. തിരുവനന്തപുരം വഴുതയ്ക്കാട് ഉദാരശിരോമണി റോഡിൽ 27 സെന്റ് സ്ഥലവും ഓഫീസ് കോംപ്ലക്‌സും (20 കോടി).
07. കൊച്ചി പനമ്പിള്ളി നഗറിൽ ഓഫീസ് കോംപ്ലക്‌സിനായി വാങ്ങിയ 35 സെന്റ് ഭൂമി (25 കോടി).
08. മുംബയ് നരിമാൻ പോയിന്റിൽ 1,440 സ്ക്വയർഫിറ്റ് ഓഫീസ് കെട്ടിടം (1000 കോടി).
ഓഹരി ഉടമകളിലെ പ്രമുഖർ
01. കേരള സർക്കാർ: 45,714 ഓഹരികൾ
02. തിരുവിതാംകൂർ രാജകുടുംബാംഗം ലക്ഷ്മിഭായി തമ്പുരാട്ടി: 100
03. ലൈഫ് ഇൻഷ്വറൻസ് കോപ്പറേഷൻ ഒഫ് ഇന്ത്യ: 6,71,714
04. ആൾസ്തോം അറ്റ്ലാന്റിക് (ജി.ഇ.സി, സാങ്കേതിക സഹായി): 1,53,551
05. ശേഷസായി ബ്രദേഴ്‌സ് (മാനേജിംഗ് ഏജൻസീസ്): 42
06. പൊതുമേഖലാ ബാങ്കുകൾ: 7,800
07. പൊതുജനങ്ങൾ: 18,18,189