bus

 ഡിപ്പോകളുടെ വരുമാനം ഇടിഞ്ഞു

കൊല്ലം: സർവീസുകൾ കൂട്ടത്തോടെ ആരംഭിച്ചതോടെ കെ.എസ്.ആർ.ടി.സി കടുത്ത നഷ്ടത്തിൽ. ലോക്ക് ഡൗണിന് ശേഷം യാത്രക്കാരുടെ എണ്ണത്തിന് അനുസരിച്ച് സർവീസുകൾ നടത്തിയിരുന്നപ്പോൾ ജില്ലയിലെ എല്ലാ ഡിപ്പോകളിലെയും ഇ.പി.കെ.എം (ഏണിംഗ്സ് പെർ കിലോ മീറ്റർ) ശരാശരി 40 രൂപയായിരുന്നു. ഇപ്പോൾ 35ൽ താഴേക്ക് ഇടിഞ്ഞു.

2020 ജനുവരിയിൽ നിലനിന്നിരുന്ന ഷെഡ്യൂൾ പ്രകാരമാണ് ഇപ്പോൾ സർവീസ് നടത്തുന്നത്. കൊവിഡ് വന്നതോടെ വലിയൊരു വിഭാഗം ആളുകൾ സ്വന്തം വാഹനങ്ങളിലാണ് യാത്ര. അതുകൊണ്ട് ചില സർവീസുകൾ പല സമയങ്ങളിലും കാലിയാണ്. ലോക്ക് ഡൗണിന് ശേഷം യാത്രക്കാരുടെ ആവശ്യം കണക്കിലെടുത്താണ് സർവീസുകൾ ഓപ്പറേറ്റ് ചെയ്തിരുന്നത്. യാത്രക്കാർ കുറവുള്ള ഉച്ച സമയങ്ങളിൽ നിരത്തിലിറങ്ങിയ സർവീസുകൾ പലതും നിറുത്തിയിടുമായിരുന്നു. അതുകൊണ്ട് ഇ.പി.ബി (ഏണിംഗ്സ് പെർ ബസ്) ശരാശരി 12,000 രൂപയായിരുന്നു. ഇപ്പോൾ അത് ശരാശരി 9,000 രൂപയായി ഇടിഞ്ഞു.

 ഡീസൽ ചെലവ് ഉയർന്നു

ലോക്ക് ഡൗണിന് ശേഷം സർവീസ് ആരംഭിച്ചപ്പോൾ പ്രതിദിനം 2,700 ലിറ്റർ ഡീസലാണ് ശരാശരി ഉപയോഗിച്ചിരുന്നത്. സർവീസുകൾ പഴയ നിലയിലായതോടെ ഡീസൽ ഉപഭോഗം ഒരു വർഷം മുൻപുള്ള 4,600 ലിറ്ററിലേക്ക് ഉയർന്നു. അന്നത്തേക്കാൾ ഡീസൽ വില ലിറ്ററിന് 11 രൂപ ഇപ്പോൾ കൂടുതലുമാണ്.

 ഷെഡ്യൂൾ ആശാസ്ത്രീയം

ബസുകൾ കൂട്ടത്തോടെ ഓടിത്തുടങ്ങിയിട്ടും യാത്രാ ക്ലേശത്തിന് പരിഹാരമായില്ല. യാത്രക്കാരുടെ ആവശ്യം കണക്കിലെടുക്കാതെ ഷെഡ്യൂൾ തയ്യാറാക്കുന്നതാണ് പ്രശ്നം. എല്ലാ ഡിപ്പോകളിലും ഓർഡിനറി ഷെഡ്യൂളുകൾ പോലും ചീഫ് ഓഫീസിലാണ് തയ്യാറാക്കുന്നത്. പ്രാദേശിക സാദ്ധ്യതകൾ പ്രയോജനപ്പെടുത്താൻ ഓർഡിനറി ഷെഡ്യൂളുകൾ തയ്യാറാക്കാനുള്ള അധികാരം ഡിപ്പോകൾക്ക് നൽകാൻ അധികൃതർ തയ്യാറാകുന്നില്ല.

 പെരുവഴിയിൽ വിദ്യാർത്ഥികൾ

1. അദ്ധ്യയനം ആരംഭിച്ച വെള്ളിയാഴ്ച വിദ്യാർത്ഥികളും അദ്ധ്യാപകളും സ്കൂളിലെത്താനും മടങ്ങാനും ബസ് കാത്തുനിന്ന് മടുത്തു

2. ഇന്ന് കൂടുതൽ വിദ്യാർത്ഥികൾ സ്കൂളുകളിലേക്കെത്തും

3. ഇവരിൽ ഭൂരിഭാഗവും ആശ്രയിക്കുന്നത് പൊതുഗതാഗതത്തെയാണ്

4. കൊല്ലം - കൊട്ടാരക്കര റൂട്ടിലാണ് കൂടുതൽ പരാതിയുള്ളത്

5. ബസുകളിലെ സാമൂഹിക അകലവും വെല്ലുവിളി

''

ബസുകൾ കുറവാണെന്ന പരാതിയിൽ കഴമ്പില്ല. കൊവിഡിന് മുൻപുള്ളതുപോലെ എല്ലാ സർവീസുകളും നിരത്തിലിറക്കിയിട്ടുണ്ട്.

കെ.എസ്.ആർ.ടി.സി