vacine

 കൊവിഡ് പ്രതിരോധം അന്തിമ ഘട്ടത്തിൽ

കൊല്ലം: കൊവിഡ് പ്രതിരോധ വാക്സിൻ വിതരണത്തിനുള്ള ഒരുക്കങ്ങൾ ജില്ലയിൽ അന്തിമഘട്ടത്തിൽ. പി.എച്ച്.സികളിലെയും പ്രധാന സർക്കാർ ആശുപത്രികളിലെയും ഡോക്ടർമാർ അടക്കം 85 പേർക്ക് വാക്സിൻ വിതരണത്തിനുള്ള പരിശീലനം നൽകി. വരും ദിവസങ്ങളിൽ ഇ.എസ്.ഐ ആശുപത്രികളിലെയും മെഡിക്കൽ കോളേജിലെയും പ്രധാന മെഡിക്കൽ കോളേജുകളിലെയും ഡോക്ടർമാർക്ക് പരിശീലനം നൽകും.

ആദ്യഘട്ടത്തിൽ ഡോക്ടർമാർ അടക്കമുള്ള ആശുപത്രി ജീവനക്കാർക്കും ആശ പ്രവർത്തകർക്കും അങ്കണവാടി ജീവനക്കാർക്കുമാകും വാക്സിൻ നൽകുക. ഇതിൽ സർക്കാർ മേഖലയിലുള്ള ആരോഗ്യ പ്രവർത്തകരുടെ വിവര ശേഖരണം പൂർത്തിയായി. സ്വകാര്യ മേഖലയിലുള്ളവരുടെ പട്ടിക തയ്യാറായി വരികയാണ്. വാക്സിൻ വിതരണവുമായി ബന്ധപ്പെട്ട ജില്ലാതല ടാസ്ക് ഫോഴ്സ് യോഗം കളക്ടറുടെ അദ്ധ്യക്ഷതയിൽ കഴിഞ്ഞ ദിവസം ചേർന്നിരുന്നു. ഇന്ന് മുതലുള്ള മൂന്ന് ദിവസങ്ങളിലായി ബ്ലോക്ക്, പഞ്ചായത്ത് തല ടാസ്ക് ഫോഴ്സ് യോഗങ്ങളും ബോധവത്കരണവും നടക്കും.

ആശ്രാമം നഴ്സിംഗ് സ്കൂളിൽ പ്രത്യേകം തയ്യാറാക്കിയ ഐസ് ലൈൻഡ് റഫ്രിജറേറ്ററുകളിലാകും ജില്ലയിലേക്കെത്തുന്ന വാക്സിനുകൾ സൂക്ഷിക്കുക. ഇവിടെ നിന്നാകും മറ്റ് കേന്ദ്രങ്ങളിലേക്ക് വിതരണം ചെയ്യുക. പ്രത്യേക പരിശീലനം ലഭിച്ച ജീവനക്കാരെ ഇവിടെ നിയോഗിച്ചിട്ടുണ്ട്. സർക്കാർ അംഗീകാരം നൽകിയിട്ടുള്ള വാക്സിനുകളിൽ ഏതെങ്കിലും ഒന്ന് മാത്രമേ ജില്ലയിൽ വിതരണത്തിന് ഏത്തുകയുള്ളു.

 വാക്സിനേഷൻ കേന്ദ്രങ്ങൾ നാളെ തീരുമാനിച്ചേക്കും

വാക്സിനേഷൻ നടക്കുന്ന കേന്ദ്രങ്ങൾ നാളെ തീരുമാനിച്ചേക്കും. മൂന്ന് മുറികളാണ് വാക്സിൻ വിതരണത്തിന് ആവശ്യമുള്ളത്. ആദ്യമുറിയിൽ വാക്സിൻ എടുക്കാൻ എത്തുന്നയാളുടെ വിവരങ്ങൾ ശേഖരിക്കും. രണ്ടാമത്തെ മുറിയിൽ വച്ച് വാക്സിൻ നൽകും. മൂന്നാമത്തെ മുറിയിൽ അര മണിക്കൂർ നിരീക്ഷിക്കും. ഇതിനുള്ള സൗകര്യമുള്ള പി.എച്ച്.സികളും പ്രധാന സ്വകാര്യ ആശുപത്രികളുമാകും നിശ്ചയിക്കുക. 18 വയസിന് മുകളിലുള്ളവർക്ക് മാത്രമാകും ആദ്യഘട്ടത്തിൽ വാക്സിൻ നൽകുക. ഗർഭിണികൾക്കും കുട്ടികൾക്കും ആദ്യഘട്ടത്തിൽ നൽകില്ല. രണ്ടാമത്തെ ഡോസ് 21 ദിവസങ്ങൾക്ക് ശേഷമാകും. ഇതിനുള്ള സന്ദേശം മൊബൈലിൽ എത്തും.

പരിശീലനം നേടിയ ഡോക്ടർമാർ: 85

 ആരോഗ്യപ്രവർത്തകരുടെ വിവരശേഖരണം: 60%