പാർക്കിംഗ് കേന്ദ്രങ്ങളില്ലാതെ കൊല്ലം നഗരം
കൊല്ലം: വാഹനവുമായി കൊല്ലം നഗരത്തിലെത്തുന്നവർ പാർക്ക് ചെയ്യാനിടമില്ലാതെ തലങ്ങും വിലങ്ങും ഓടുകയാണ്. നഗരത്തിലെ പാർക്കിംഗ് സൗകര്യമില്ലായ്മ, ഗതാഗതക്കുരുക്കിനും വാഹനയാത്രികർ തമ്മിൽ കശപിശയ്ക്കും കാരണമാകുന്നുണ്ട്. മെയിൻ റോഡിൽ ഉൾപ്പെടെ പാർക്ക് ചെയ്താൽ ട്രാഫിക് എൻഫോഴ്‌സ്‌മെന്റിന്റെ പിഴ അടയ്ക്കുകയും വേണം.
നഗരഹൃദയമായ ചിന്നക്കടയിൽ വാഹനം പാർക്ക് ചെയ്യണമെങ്കിൽ ക്ളോക്ക് ടവറിന് സമീപമുള്ള നഗരസഭയുടെ സ്ഥലമുണ്ട്. പക്ഷേ വിരലിലെണ്ണാവുന്ന വാഹനങ്ങൾ പാർക്ക് ചെയ്യാൻ മാത്രമാണ് ഇവിടെ സൗകര്യമുള്ളത്. കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡ്, റെയിൽവേ സ്റ്റേഷൻ എന്നിവടങ്ങളിലെത്തുന്നവരുടെ വാഹനങ്ങൾ ലിങ്ക് റോഡ്, കണ്ണനല്ലൂർ റോഡ് എന്നിവിടങ്ങളിലാണ് പാർക്ക് ചെയ്യുന്നത്. ഇരുചക്ര വാഹനങ്ങൾക്ക് മാത്രമാണ് അനുമതി. ഇവിടെയും നഗരസഭ ഫീസ് ഈടാക്കുന്നുണ്ടെങ്കിലും വാഹനങ്ങളുടെ സുരക്ഷിതത്വം ഉറപ്പുനൽകാറില്ല.
പുതുതായി നിർമ്മിച്ച വസ്ത്ര വിപണനശാലകളൊഴികെ മറ്റൊരിടത്തും നിലവിൽ പാർക്കിംഗ് സൗകര്യമില്ല. റെയിൽവേ സ്റ്റേഷന് മുൻവശം മൾട്ടിലെവൽ പാർക്കിംഗ് സമുച്ചയം നിർമ്മിക്കുമെന്ന നഗരസഭയുടെ വാഗ്ദാനത്തിന് വർഷങ്ങളുടെ പഴക്കമുണ്ട്. റെയിൽവേ സ്റ്റേഷന് മുൻവശമുള്ള അലക്കുകുഴി കോളനി ഇതിനായി ഒഴിപ്പിച്ചെങ്കിലും തുടർനടപടികൾ ചുവപ്പുനാടയിലാണ്.
പാർക്കിംഗിന് സ്ഥലമുണ്ട്, പക്ഷേ നഗരസഭ തയ്യാറല്ല
നഗരത്തിലെ വാഹന പാർക്കിംഗിന് സ്ഥലം കണ്ടെത്താനുള്ള യാതൊരു നീക്കവും അധികൃതരുടെ ഭാഗത്തുനിന്ന് ഉണ്ടാകുന്നില്ല. ചിന്നക്കടയിൽ റെയിൽവേ ഓവർബ്രിഡ്ജ് പണിയുമ്പോൾ അതിനടിവശം പാർക്കിംഗിനായി ഉപയോഗപ്പെടുത്തണമെന്ന നാട്ടുകാരുടെ ആവശ്യവും അധികൃതർ മുഖവിലയ്ക്കെടുത്തില്ല. പാർക്കിംഗിനായി നഗരസഭയുടെ ഉടമസ്ഥതയിലുള്ള നിരവധി സ്ഥലങ്ങൾ ഉപയോഗപ്പെടുത്താമെന്നിരിക്കെ കണ്ടില്ലെന്ന് നടിക്കുകയാണ് അധികൃതർ.
ഉപയോഗപ്പെടുത്താം ഇവിടങ്ങൾ
01. ആണ്ടാമുക്കം ബസ് സ്റ്റാൻഡിന് തെക്കുഭാഗത്തെ കോർപ്പറേഷൻ വക സ്ഥലം
02. കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡ് - ലിങ്ക് റോഡിന് കിഴക്കുഭാഗത്തുള്ള കോർപ്പറേഷൻ വക സ്ഥലം
03. മെയിൻ റോഡ് - ഹോട്ടൽ കാർത്തിക രോഹിണി കോമ്പൗണ്ട്, ഗ്രാൻഡ് തിയേറ്ററിന് തെക്കുഭാഗം
04. ചാമക്കട- പുതിയപാലം, പള്ളിത്തോട്ടം റോഡ്
05. ചിന്നക്കട - പ്രസ് ക്ലബിന് തെക്കുഭാഗത്തുള്ള കോർപ്പറേഷൻ വക സ്ഥലം, ക്ളോക്ക് ടവറിന് സമീപം
06. ജില്ലാ ആശുപത്രി റോഡ് - പഴയ അൻസാർ ലോഡ്ജിന് സമീപം
07. കളക്ടറേറ്റ്- വെസ്റ്റ് പൊലീസ് സ്‌റ്റേഷൻ- ഗണപതി ക്ഷേത്രം റോഡ്