thankasseri
കൊല്ലം തങ്കശേരിയിൽ ബ്രേക്ക് വാട്ടർ ടൂറിസം പദ്ധതിയുടെ നിർമ്മാണം നടക്കുന്ന സ്ഥലം

കൊല്ലം: സന്ദർശകർക്ക് സമയം ചെലവിടാൻ വേറിട്ട കാഴ്ചകളൊരുങ്ങുകയാണ് തങ്കശേരിയിൽ. കാഴ്ചകളോടൊപ്പം അൽപ്പം കടൽക്കാറ്റ് കൊണ്ട് നടക്കാനും സൈക്കിൾ ചവിട്ടാനും ഒരു ചൂട് കാപ്പി കുടിക്കാനും ഒക്കെ സൗകര്യങ്ങളുണ്ടാകും.

തങ്കശേരി ബ്രേക്ക് വാട്ടർ ടൂറിസം പദ്ധതിയുടെ നിർമ്മാണ പ്രവർത്തനങ്ങൾ അന്തിമഘട്ടത്തിലാണ്. ഫെബ്രുവരിയോടെ പൂർത്തിയാകുമെന്നാണ് പ്രതീക്ഷ. ടൂറിസം വകുപ്പ് അനുവദിച്ച 5.55 കോടി വിനിയോഗിച്ച് ഹാർബർ എൻജിനിയറിംഗ് വകുപ്പാണ് നിർമ്മാണ പ്രവർത്തനങ്ങൾ നടത്തുന്നത്.

 ബോട്ടിലൊരു യാത്ര

തങ്കശേരി ഹാർബറിനും പുലിമുട്ടിനും ഇടയിലായി ഒരുക്കുന്ന ബോട്ട് സവാരിയാണ് ബ്രേക്ക് വാട്ടർ പദ്ധതിയുടെ പ്രധാന ആകർഷണം. ബോട്ട് ജെട്ടിയുടെ നിർമ്മാണം ഏകദേശം പൂർത്തിയായിട്ടുണ്ട്. തൊട്ടടുത്തായി ടിക്കറ്റ് കൗണ്ടറും കഫെറ്റേരിയയും ഉടൻ സജ്ജമാകും.

 സൂര്യനെ കാണാം

രണ്ട് കെട്ടിടങ്ങളുടെ ഉയരത്തിലുള്ള വ്യൂ ടവറിന്റെ നിർമ്മാണം പൂർത്തിയായി. ഇവിടെ നിന്നാൽ സൂര്യോദയവും അസ്തമയവും കാണാം. ഒരേസമയം പത്തുപേർക്ക് നിൽക്കാനുള്ള സൗകര്യം വ്യൂ ടവറിലുണ്ട്.

 സൈക്കിളിലൊരു ചുറ്റിക്കറക്കം

120 മീറ്ററുള്ള സൈക്കിൾ ട്രാക്കും പദ്ധതിയുടെ പ്രത്യേകതയാണ്. തൊട്ടടുത്തുള്ള കിയോസ്‌കിൽ നിന്ന് സൈക്കിൾ വാടകയ്‌ക്കെടുത്ത് ട്രാക്കിൽ ചുറ്രിക്കറങ്ങാം. കുട്ടികൾക്കായുള്ള കളിയുപകരണങ്ങൾ, ഇരിപ്പിടങ്ങൾ എന്നിവയും ഉടൻ സ്ഥാപിക്കും.

 പുലിമുട്ടിൽ വാക്ക് വേ

തങ്കശേരിയിൽ കടൽക്കാറ്റേറ്റ് നടക്കാനായി 2.1 കിലോമീറ്റർ നീളമുള്ള പുലിമുട്ടിൽ വാക്ക് വേ സജ്ജമായി. ഇനി കമാനം, ഔട്ട്ലെറ്റുകൾ, ടിക്കറ്റ് കൗണ്ടർ എന്നിവയുടെ നിർമ്മാണമാണ് അവശേഷിക്കുന്നത്.

'' തങ്കശേരി പൈതൃക ടൂറിസം കേന്ദ്രമാക്കുന്നതിന് മുന്നോടിയായാണ് ബ്രേക്ക് ടൂറിസം കേന്ദ്രമായി വികസിപ്പിക്കുന്നത്. എത്രയും പെട്ടെന്ന് നിർമ്മാണം പൂർത്തിയാക്കാനുള്ള ശ്രമം നടക്കുന്നുണ്ട്.''

എം. മുകേഷ് എം.എൽ.എ

5.5 കോടിയുടെ പദ്ധതി; ഉല്ലസിക്കാൻ ഏറെയുണ്ട്

01. ബോട്ട് സവാരി

02. കഫെറ്റേരിയ

03. വ്യൂ ടവർ

04. സൈക്കിൾ ട്രാക്ക്

05. പുലിമുട്ടിൽ വാക്ക് വേ