hospi
പുനലൂർ നഗരസഭയുടെ നിയന്ത്രണത്തിൽ ഗവ.താലൂക്ക് ആയൂർവേദ ആശുപത്രിക്ക് വേണ്ടി ചെമ്മന്തൂരിൽ പണിത കെട്ടിടം ഉദ്ഘാടനം കഴിഞ്ഞിട്ടും തുറന്ന് നൽകാതെ കാട് വളർന്ന് ഉയർന്ന നിലയിൽ.

4കോടിയോളം രൂപം ചെലവഴിച്ച് നിർമ്മാണം

പുനലൂർ: നിർമ്മാണം പൂർത്തിയാക്കി ഉദ്ഘാടനം കഴിഞ്ഞ് നാല് മാസം പിന്നിട്ടിട്ടും പുനലൂരിലെ ഗവ.താലൂക്ക് ഹോമിയോ ആശുപത്രി തുറന്ന് പ്രവർത്തിപ്പിക്കുന്നില്ല. നഗരസഭയുടെ നിയന്ത്രണത്തിൽ ചെമ്മന്തൂരിൽ 4കോടിയോളം രൂപം ചെലവഴിച്ച് രണ്ട് നിലയിൽ പണികഴിപ്പിച്ച ഗവ.താലൂക്ക് ഹോമിയോ ആശുപത്രി കെട്ടിടമാണ് ഉദ്ഘാടനം കഴിഞ്ഞിട്ടും തുറന്ന് പ്രവർത്തിക്കാതെ അനാഥമായി കിടക്കുന്നത്. ഇത് കാരണം കെട്ടിടത്തിന്റെ മേൽക്കൂരയോളം കാട് വളർന്ന് പന്തലിച്ചിരിക്കുകയാണ്.

തിരഞ്ഞെടുപ്പിന് മുമ്പേ ഉദ്ഘാടന മാമാങ്കം

നഗരസഭ തിരഞ്ഞെടുപ്പിനെ മുന്നിൽ കണ്ടാണ് കെട്ടിടത്തിന്റെ ഉദ്ഘാടന മാമാങ്കം നടത്തിയതെന്ന് ആരോപണവും ഉണ്ട്. പുനലൂർ ടി.വി.ജംഗ്ഷനിലെ ചോർന്ന് ഒലിക്കുന്ന പഴഞ്ചൻ കെട്ടിടത്തിലാണ് നിലവിൽ താലൂക്ക് ഹോമിയോ ആശുപത്രി പ്രവർത്തിച്ച് വരുന്നത്.ഇത് മാറ്റി സ്ഥാപിക്കാനായിരുന്നു ചെമ്മന്തൂരിൽ പുതിയ ആശുപത്രി കെട്ടിടം പണിത് ഉദ്ഘാ‌ടനം നടത്തിയത്.

അധികൃതരുടെ അനാസ്ഥ

വർഷങ്ങളായി ടി.ബി.ജംഗ്ഷനിൽ പ്രവർത്തിച്ച് വരുന്ന ഹോമിയോ ആശുപത്രി അധികൃതരുടെ അനാസ്ഥയെ തുടർന്നാണ് പുതിയ കെട്ടിടത്തിലേക്ക് മാറ്റി സ്ഥാപിക്കാത്തതെന്ന് നാട്ടുകാർ ആരോപിച്ചു.നിലവിലെ ആശുപത്രിയിൽ സ്ഥല സൗകര്യങ്ങൾ ഇല്ലാതെ ആശുപത്രി സൂപ്രണ്ട് അടക്കം പത്തിൽ അധികം ജീവനക്കാൻ ഏറെ നാളായി ബുദ്ധിമുട്ടിലാണ്.പുതിയ ആശുപത്രി കെട്ടിടത്തിൽ രോഗികളെ കിടത്തി ചികിത്സിക്കുന്ന തടക്കമുളള ആധുനിക സൗകര്യങ്ങൾ ഒരുക്കുമെന്ന് അധികൃതർ പറഞ്ഞെങ്കിലും ഇത് തുറന്ന് പ്രവർത്തിപ്പിക്കാൻ പോലും കഴിയാത്തത് കാരണം വയോധികർ അടക്കമുളള രോഗികളും ദുരിതത്തിലാണ്. പായൽ പിടിച്ചും കാട് വളർന്ന് കയറിയും പുതിയ കെട്ടിടം നശിക്കാൻ തുടങ്ങിക്കഴിഞ്ഞു.