കൊല്ലം: ശാസ്താംകോട്ട ജംഗ്ഷന് സമീപം കേരള വാട്ടർ അതോറിട്ടിയുടെ ഫിൽറ്റർ ഹൗസിന് മുന്നിലെ കാടുകൾ പൊതുജനങ്ങൾക്ക് ഏറെ ബുദ്ധിമുട്ടാകുന്നു. ചവറ- അടൂർ സംസ്ഥാന പാതയിൽ ഫിൽറ്റർ ഹൗസിന് മുന്നിലായി ഏതാണ്ട് 100 മീറ്ററോളം ദൂരത്തിലുള്ള സ്ഥലമാണ് വർഷങ്ങളായി കാടു പിടിച്ച് കിടക്കുന്നത്. ഇവിടെ ഇപ്പോൾ സാമൂഹിക വിരുദ്ധർ രാത്രികാലങ്ങളിൽ മാലിന്യം തള്ളുന്നത് പതിവാണ്. കൂടാതെ ഇഴ ജന്തുക്കളുടെയും ശല്യമുണ്ട്.
വാഹനം പാർക്ക് ചെയ്യാനിടമില്ല
കുന്നത്തൂർ താലൂക്ക് ആസ്ഥാനമായ ശാസ്താംകോട്ടയിൽ വിവിധ സ്ഥലങ്ങളിൽ നിന്ന് നിരവധി ആളുകളാണ് ദിനംപ്രതി വിവിധ ആവശ്യങ്ങൾക്കായി എത്തിച്ചേരാറുള്ളത്. ഫിൽട്ടർ ഹൗസിന് സമീപത്തായിട്ടാണ് ആശുപത്രികൾ ,ബാങ്കുകൾ ,പോസ്റ്റോഫീസ് , കെ. എസ് .ഇ. ബി ഓഫീസ് തുടങ്ങി നിരവധി സ്ഥാപനങ്ങൾ പ്രവർത്തിച്ചു വരുന്നത്. വിവിധ ആവശ്യങ്ങൾക്കായി വാഹനങ്ങളിൽ എത്തുന്ന യാത്രക്കാർക്ക് ടൗണിൽ വാഹനം പാർക്ക് ചെയ്യാൻ ഇടമില്ലാത്ത അവസ്ഥയാണ് .
കാടുപിടിച്ച് കിടക്കുന്ന സ്ഥലം
ടൗണിന്റെ ഹൃദയ ഭാഗത്ത് ഉപയോഗ ശൂന്യമായി കാടുപിടിച്ച് കിടക്കുന്ന ഈ സ്ഥലം വൃത്തിയാക്കി വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിനും മറ്റ് ജനോപകാരപ്രദമായ കാര്യങ്ങൾക്കും വേണ്ടി ഉപയോഗപ്പെടുത്താൻ വേണ്ട നടപടി അധികാരികളുടെ ഭാഗത്തു നിന്ന് ഉണ്ടാകണം എന്നാണ് നാട്ടുകാരുടെ ആവശ്യം.