fever

 റിവേഴ്‌സ് ക്വാറന്റൈൻ ശക്തമാക്കി


കൊല്ലം: കൊവിഡ് രോഗപ്പകർച്ച ഏറ്റവും കൂടുതൽ 31നും 45നുമിടയിൽ പ്രായമുള്ളവർക്കാണെന്ന് ജില്ലയിലെ ഡിസീസ് സർവൈലൻസ് യൂണിറ്റിന്റെ പഠനം. ഇതോടെ രോഗപ്രതിരോധം ശക്തമാക്കാൻ ആരോഗ്യവകുപ്പ് തീരുമാനിച്ചു.
രോഗലക്ഷണമുള്ളവരെ യഥാസമയം ക്വാറന്റൈൻ ചെയ്യുകയും ചികിത്സിക്കുകയും ചെയ്യുന്നതുകൊണ്ടാണ് രോഗപ്പകർച്ച നിയന്ത്രിക്കാൻ കഴിയുന്നത്. രോഗലക്ഷണം ഇല്ലാത്തവരിൽ നിന്നും അതിതീവ്ര രോഗബാധ ഉണ്ടാകാം. കുട്ടികളും വേഗത്തിലുള്ള രോഗ വ്യാപന വിഭാഗത്തിൽപെടുന്നു. 46 - 59 പ്രായക്കാരാണ് രോഗപ്പകർച്ചയിൽ രണ്ടാമത്. മൂന്നാമത് 19 - 30 വയസിനിടയിലുള്ളവരാണ്.

കൊവിഡ് രോഗമുക്തി നിരക്കിൽ ജില്ല സംസ്ഥാന ശരാശരിയേക്കാൾ മുന്നിലാണെന്നും താഴ്ന്ന മരണ നിരക്കിൽ മാതൃകയാണെന്നും ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.ആർ. ശ്രീലത അറിയിച്ചു. മരണനിരക്കിൽ ഏറ്റവും മുന്നിൽ 80 വയസിന് മുകളിലുള്ളവരാണ്. പ്രമേഹം, രക്തസമ്മർദ്ദം തുടങ്ങിയ ജീവിതശൈലീ രോഗങ്ങൾ ഉള്ളവരും കൊവിഡ് മരണത്തിൽ മുന്നിലാണ്. ഇതിനാൽ ജില്ലയിൽ ജീവിതശൈലീ രോഗനിർണയ ക്ലിനിക്കുകൾ ശക്തമാക്കുന്നതിന് തീരുമാനിച്ചു. പനി, ചുമ തുടങ്ങിയ രോഗലക്ഷണങ്ങൾ ഉള്ളവരുടെ നിരീക്ഷണവും കർശനമാക്കി.

''

കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കണം. ഇടവേളകളിൽ സോപ്പും വെള്ളവും ഉപയോഗിച്ചോ സാനിറ്റൈസർ ഉപയോഗിച്ചോ കൈകൾ വൃത്തിയാക്കണം.

ഡോ.ആർ. ശ്രീലത

ഡി.എം.ഒ