കൊട്ടിയം: തദ്ദേശ ജനപ്രതിനിധികളുടെ ഓഫീസുകൾ ജനസേവാ കേന്ദ്രങ്ങളായി മാറണമെന്ന് ബി.ജെ.പി ജില്ലാ പ്രസിഡന്റ് ബി.ബി. ഗോപകുമാർ പറഞ്ഞു. ആദിച്ചനല്ലൂർ ഗ്രാമ പഞ്ചായത്തിലെ തഴുത്തല ഒന്നാം വാർഡ് മെമ്പർ ശ്യാംകുമാറിന്റെ ഓഫീസായ ജനസേവാ കേന്ദ്രം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ജനസേവാ കേന്ദ്രങ്ങളിലൂടെ സർക്കാരിന്റെ ജനക്ഷേമ പദ്ധതികൾ ഇടനിലക്കാരില്ലാതെ ജനങ്ങളിലെത്തിക്കാൻ സാധിക്കും. കേന്ദ്ര സർക്കാരിന്റെ നിരവധി പദ്ധതികൾ കഴിഞ്ഞ ആറ് വർഷമായിട്ടും ജനങ്ങളിലെത്തിയിട്ടില്ല. ആ പദ്ധതികൾ ബി.ജെ.പി ജനപ്രതിനിധികൾ നേരിട്ട് ജനങ്ങളിലെത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ബി.ജെ.പി നിയോജക മണ്ഡലം പ്രസിഡന്റ് എസ്. പ്രശാന്ത് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന കൗൺസിൽ അംഗം ബി.ഐ. ശ്രീനാഗേഷ് മുഖ്യപ്രഭാഷണം നടത്തി. ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ശ്യാംകുമാർ, മൈലക്കാട് രാജു, മനീഷ, കർഷക മോർച്ച നിയോജക മണ്ഡലം പ്രസിഡന്റ് വേണുഗോപാൽ, ജില്ലാ കമ്മിറ്റി അംഗം ത്യാഗരാജൻ തുടങ്ങിയവർ സംസാരിച്ചു.