anil-panachooran-

കൊല്ലം: കാടിന്റെ സൗന്ദര്യവും നിഗൂഢതകളും വെള്ളിത്തിരയിലെത്തിക്കാനുള്ള യത്നത്തിനിടയിലാണ് അനിൽ പനച്ചൂരാന്റെ അപ്രതീക്ഷിത വിടവാങ്ങൽ. പാട്ടെഴുത്തുകാരനായി മലയാള സിനിമയുമായി ആഴത്തിൽ ബന്ധമുണ്ടാക്കിയ കാലം മുതൽ സ്വന്തം സിനിമ ചെയ്യാൻ പനച്ചൂരാൻ തയ്യാറെടുത്ത് തുടങ്ങിയിരുന്നു.

ഒട്ടുമിക്ക സിനിമാക്കാരുമായി തന്റെ ആഗ്രഹം പങ്കുവയ്ക്കുകയും അവരുടെ നിർദ്ദേശങ്ങൾ സ്വീകരിക്കുകയും ചെയ്തു. കഥയും തിരക്കഥയുമെഴുതി സംവിധാനം ചെയ്യാനുള്ള തയ്യാറെടുപ്പുകളും നടത്തിയിരുന്നു. തന്റെ സിനിമയിൽ മുരുകൻ കാട്ടാക്കട പാട്ടെഴുതിയാൽ മതിയെന്നാണ് പനച്ചൂരാൻ തീരുമാനിച്ചത്. കഴിഞ്ഞ ദിവസം കാട്ടാക്കടയുമായി വിഷയം സംസാരിക്കുകയും ഉറപ്പിക്കുകയും ചെയ്തിരുന്നു.

കാട് കറുത്ത കാട് എന്ന പഴയ പാട്ടിനേക്കാൾ മുകളിൽ നിൽക്കുന്ന പാട്ടുകളാകണമെന്ന അഭിപ്രായവും നടത്തിയിരുന്നു. കാട് എന്ന പേരിൽ തന്നെയാണ് സിനിമ ഇറക്കാൻ തീരുമാനിച്ചത്. കാടിന്റെ ചലനങ്ങളും നിറങ്ങളും ഒപ്പിയെടുക്കണമെന്ന ചിന്തയോടെയായിരുന്നു അന്വേഷണം നടത്തിയത്. ഏറെനാളത്തെ പഠനമാണ് കഥയ്ക്കപ്പുറം കാടിന്റെ വശ്യത തൂലികയിൽ പിറന്നത്.

നിർമ്മാതാവിനെ ലഭിച്ചതോടെ വേഗത്തിൽ സിനിമയ്ക്കുള്ള ഒരുക്കങ്ങൾ തുടങ്ങാനിരുന്നതുമാണ്. പ്രിയപ്പെട്ടവരോടെല്ലാം ഇക്കാര്യങ്ങൾ പറഞ്ഞത് അടുത്ത ദിവസങ്ങളിലാണ്. കൊവിഡ് ബാധിച്ചപ്പോഴും ഫോണിൽ സുഹൃത്തുക്കളുമായി വർത്തമാനം പറയുമായിരുന്നു. അതിനിടയിലാണ് വിധി അവിചാരിതമായി കൂട്ടിക്കൊണ്ടുപോയത്.