c
തുടക്കം സെൽഫിയിലാക്കാം... മാസങ്ങളായി അടഞ്ഞുകിടന്ന കോളേജുകൾ തുറന്നപ്പോൾ,​ കൂട്ടുകാരെ കണ്ട സന്തോഷത്തിൽ സെൽഫിയെടുക്കുന്ന വിദ്യാർത്ഥിനികൾ. കൊല്ലം എസ്.എൻ കോളേജിൽ നിന്നുള്ള ദൃശ്യം

യാത്രാ പ്രതിസന്ധിയിൽ വിദ്യാർത്ഥികൾ

കൊല്ലം: ഒൻപത് മാസത്തെ ഇടവേളയ്ക്ക് ശേഷം കോളേജുകൾ തുറന്ന ആവേശത്തിൽ വിദ്യാർത്ഥികളും, ഇവരുടെ യാത്രാ ചെലവിനായി കീശ കാലിയാകുന്ന അവസ്ഥയിൽ രക്ഷാകർത്താക്കളും. റെയിൽവേ പാസഞ്ചർ സർവീസുകൾ ആരംഭിക്കാത്തതും കെ.എസ്.ആർ.ടി.സി കൺസഷൻ പുനരാരംഭിക്കാത്തതും അടക്കം വിദ്യാർത്ഥികൾക്ക് തിരിച്ചടിയാവുകയാണ്.

ജില്ലയ്ക്ക് പുറത്തുള്ള കോളേജുകളിൽ പഠിക്കുന്നവർക്കും പത്ത് കിലോ മീറ്ററിലേറെ ദൂരത്തുനിന്ന് വരുന്നവർക്കും നിത്യേന കോളേജിൽ എത്തണമെങ്കിൽ ഭീമമായ തുക കണ്ടെത്തേണ്ട സ്ഥിതിയാണ്. ബസ് ചാർജ് കൊടുത്ത് പോകണമെങ്കിൽ ദിവസേന കുറഞ്ഞത് 100 രൂപയെങ്കിലും വേണം. അടുത്ത ജില്ലകളിൽ പോകുന്ന വിദ്യാർത്ഥികൾക്ക് ഇതിന്റെ ഇരട്ടിയും ചെലവാകും.

പാസഞ്ചർ, മെമു സർവീസുകൾ തുടങ്ങണം

ജില്ലയിൽ ആർട്സ് ആൻഡ് സയൻസ്, പ്രൊഫഷണൽ, നഴ്സിംഗ് എന്നീ വിഭാഗങ്ങളിലായി 99 കോളേജുകളാണ് ഉള്ളത്. അര ലക്ഷത്തിലേറെ വിദ്യാർത്ഥികളാണ് ഇവിടങ്ങളിൽ പഠിക്കുന്നത്. തൊട്ടടുത്ത ജില്ലകളിൽ പഠിക്കാൻ പോകുന്നവരും ഇത്രത്തോളമുണ്ട്. ഇവരിൽ 90 ശതമാനം പേരും ആശ്രയിച്ചിരുന്നത് പാസഞ്ചർ, മെമു ട്രെയിൻ സർവീസുകളെയായായിരുന്നു. സീസൺ ടിക്കറ്റുള്ളവർക്ക് മൂന്ന് മാസത്തേയ്ക്ക് 300 രൂപയിൽ താഴെ മാത്രമായിരുന്നു യാത്രാ ചെലവ്. നിലവിൽ എക്‌സ്‌പ്രസ് ട്രെയിനുകളിൽ പോലും റിസർവ് ചെയ്യാതെ യാത്ര ചെയ്യാൻ പറ്റില്ല.

പിന്നെയുള്ള ആശ്രയം സ്വകാര്യ ബസുകളും കെ.എസ്.ആർ.ടി.സിയുമാണ്. ജീവനക്കാരുമായി നിരന്തരം കൺസഷൻ പ്രശ്നങ്ങളുണ്ടാകുന്നതിനാൽ വിദ്യാർത്ഥികളിൽ ഭൂരിഭാഗവും ദൂരയാത്രയ്ക്ക് സ്വകാര്യ ബസുകളെ ആശ്രയിക്കാറില്ല. കോളേജുകളിൽ നിന്ന് പ്രത്യേക കത്തും അപേക്ഷയും വാങ്ങിനൽകിയാലെ കെ.എസ്.ആർ.ടി.സി കൺസഷൻ പാസ് കിട്ടുകയുള്ളു. അതിന് രണ്ടാഴ്ചയെങ്കിലും പിടിക്കും. ദൂരയാത്രയ്ക്ക് ഇത് ഉപയോഗപ്പെടാറുമില്ല.

മെമുവോ പാസഞ്ചറോ ഓടിക്കാൻ നേരത്തെ റെയിൽവേ ബോർഡ് അനുമതിയുണ്ട്. പക്ഷേ സംസ്ഥാന സർക്കാർ ആവശ്യപ്പെട്ടാലെ സർവീസ് ആരംഭിക്കാനാകൂ. കൊവിഡ് പശ്ചാത്തലത്തിൽ സർക്കാർ അനുമതിയില്ലാതെ സർവീസ് തുടങ്ങാനാവില്ല. മറ്റ് പല സംസ്ഥാനങ്ങളിലും പാസഞ്ചർ, സബർബൻ ട്രെയിനുകൾ ഓടിത്തുടങ്ങി.

റെയിൽവേ അധികൃതർ

കോളേജ് തുറക്കുന്നതിനൊപ്പം കുട്ടികൾ എങ്ങനെ യാത്ര ചെയ്യുമെന്ന് കൂടി സർക്കാർ ആലോചിക്കേണ്ടതായിരുന്നു. നല്ലൊരു വിഭാഗം കുട്ടികളും യാത്രാ ബുദ്ധിമുട്ടുകൾ അറിയിക്കുന്നുണ്ട്.

അദ്ധ്യാപകർ

പാസഞ്ചറോ, മെമുവോ സർവീസ് തുടങ്ങാതെ കോളേജുകൾ മാത്രം തുറന്നത് അനവസരത്തിലുളള തീരുമാനമായിപ്പോയി.

രക്ഷാകർത്താക്കൾ

ജില്ലയിലെ കോളേജുകൾ
അർട്‌സ് ആൻഡ് സയൻസ്: 21
ട്രെയിനിംഗ് ആൻഡ് ബി.എഡ്: 17
എം.സി.എ: 3
പോളിടെക്‌നിക്: 4
നഴ്‌സിംഗ്: 10
ലാ കോളേജ്: 2
സെൽഫ് ഫിനാൻസിംഗ് എൻജിനീയറിംഗ്: 13
എയ്ഡഡ്: 5
മെഡിക്കൽ കോളേജ്: 5
ബിസിനസ് മാനേജ്‌മെന്റ് ഇൻസ്റ്റിറ്റ്യൂട്ട്: 13
ഡിസൈൻ: 1
ആർക്കിടെക്ചർ: 3
ഫാഷൻ ടെക്‌നോളജി: 2