sree

കൊല്ലം: ശ്രീനാരായണ ഗുരു ഓപ്പൺ സർവകലാശാലയുടെ ലോഗോയിൽ ഗുരുദേവന്റെ സാന്നിദ്ധ്യമില്ലാത്തത് വിവാദമാകുന്നു. ഗുരുദേവനെ ലോഗോയിൽ നിന്ന് ഒഴിവാക്കാൻ ബോധപൂർവമായ ശ്രമം നടന്നതയാണ് ആക്ഷേപം.

വിവിധ വർണങ്ങളിലുള്ള ജ്യാമിതീയ രൂപങ്ങൾ ചേർത്തുവച്ചതാണ് ലോഗോ. സൂക്ഷ്മമായി നിരീക്ഷിച്ചാൽ ധ്യാനസ്ഥനായിരിക്കുന്ന ഗുരുദേവനെ മുകളിൽ നിന്നു വീക്ഷിക്കുന്ന അനുഭവമുണ്ടാകുമെന്നാണ് ലോഗോ തയ്യാറാക്കിയ കലാകാരന്റെ അവകാശവാദം. ബഹുവർണ അച്ചടിയിൽപ്പോലും അത് വ്യക്തമല്ല. ലോഗോ ബ്ലാക്ക് ആൻഡ് വൈറ്റായി ഉപയോഗിക്കുമ്പോൾ പ്രത്യേകിച്ച് അർത്ഥങ്ങളൊന്നുമില്ലാത്ത ഒരു രൂപമാണ് ദൃശ്യമാവുക.

വിവിധ സർവകലാശാലകളുടെ ലോഗോകൾ വിദ്യാഭ്യാസത്തിന്റെ പ്രാധാന്യത്തെ പ്രതീകാത്മകമായി അടയാളപ്പെടുത്തുന്നവയാണ്. 'ദൈവമാണ് പ്രകാശം' എന്നെഴുതിയ പുസ്തകമാണ് ലോകോത്തര സർവകലാശാലയായ ഓക്സ്‌ഫോർഡിന്റെ ലോഗോയിലെ പ്രധാനഘടകം. അറിവാണ് അധികാരം എന്ന സൂചനയും ഇതു നൽകുന്നു.

സംസ്ഥാനത്തെ എല്ലാ സർവകലാശാലകളുടെയും ലോഗോകൾ അറിവ്, ശാസ്ത്രസാങ്കേതികത വിദ്യ എന്നിവയുടെ പ്രാധാന്യം ഉയർത്തിപ്പിടിക്കുന്നവയാണ്. ശ്രീ ശങ്കരാചാര്യ സംസ്കൃത സർവകലാശാലാ ലോഗോയിൽ ശങ്കരാചാര്യരുടെ രേഖാചിത്രമാണുള്ളത്. എം.ജി സർവകലാശാലാ ലോഗോയിൽ ഗാന്ധിജിയോടുള്ള ആദരസൂചകമായി ചർക്കയുണ്ട്. എന്നാൽ ശ്രീനാരായണ ഗുരു ഓപ്പൺ സർവകലാശാലയുടെ ലോഗോയിൽ ഗുരുദേവനുമായി ബന്ധപ്പെട്ട പ്രതീകങ്ങൾ പോലുമില്ല.

മൂന്നംഗ സമിതി

ലഭിച്ച ലോഗോകളിൽ ഏറ്റവും ഉചിതമായത് തിരഞ്ഞെടുക്കാൻ സർവകലാശാല മൂന്നംഗ സമിതിയെ നിയോഗിച്ചിരുന്നു. ഈ സമിതിയിലെ അംഗങ്ങൾ വിദഗ്ദ്ധരല്ലെന്നും സമിതി തിരഞ്ഞെടുത്ത ലോഗോയല്ല പ്രസിദ്ധപ്പെടുത്തിയതെന്നും ആരോപണമുണ്ട്. എത്ര ലോഗോകൾ ലഭിച്ചെന്നും ലോഗോ നിശ്ചയിച്ച വിദഗ്ദ്ധ സമിതിയിലെ അംഗങ്ങൾ ആരൊക്കെയെന്നും വെളിപ്പെടുത്താൻ സർവകലാശാലാ അധികൃതർ തയ്യാറായിട്ടില്ല.

മുഖ്യമന്ത്രിക്ക് നിവേദനം

അർത്ഥശൂന്യമായ ലോഗോ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് ശ്രീനാരായണ പെൻഷണേഴ്സ് കൗൺസിൽ കേന്ദ്രസമിതിയുടെ ആഭിമുഖ്യത്തിൽ കഴിഞ്ഞ ദിവസം സർവകലാശാലാ ആസ്ഥാനത്തിനു മുന്നിൽ ധർണ നടത്തിയിരുന്നു. മുഖ്യമന്ത്രി, ഉന്നതവിദ്യാഭ്യാസ മന്ത്രി, വൈസ് ചാൻസലർ എന്നിവർക്ക് നിവേദനവും നൽകി.