അവധി ദിനങ്ങളിൽ നിരീക്ഷണമില്ല
കൊല്ലം: അവധി ദിവസങ്ങളിൽ അഷ്ടമുടിക്കായലിലെ നിരോധിത മേഖലകളിൽ മത്സ്യബന്ധനം പതിവാകുന്നു. ഇതിന് തടയിടാൻ അധികൃതർ നിരീക്ഷണം ശക്തമാക്കണമെന്നാണ് പരമ്പരാഗത മത്സ്യത്തൊഴിലാളികളുടെ ആവശ്യം.
അഷ്ടമുടിക്കായലിലെ മത്സ്യസമ്പത്ത് വർദ്ധിപ്പിക്കുന്നതിനായി ഫിഷറീസ് വകുപ്പിന്റെ നേതൃത്വത്തിൽ ലക്ഷങ്ങൾ മുടക്കി കായലിൽ സ്ഥാപിച്ച സംരക്ഷിത പ്രദേശങ്ങൾ കേന്ദ്രീകരിച്ചാണ് മത്സ്യബന്ധനം നടക്കുന്നത്. മിക്ക ദിവസങ്ങളിലും അധികൃതർ ബോട്ടിൽ നിരീക്ഷണം നടത്താറുണ്ട്. എന്നാൽ അവധി ദിവസങ്ങളിൽ നിരീക്ഷണമുണ്ടാകാറില്ല. ഇത് മുതലെടുത്താണ് അനധികൃത മത്സ്യബന്ധനം വ്യാപകമാകുന്നത്.
ഐപ്പുഴ ഭാഗത്തെ സംരക്ഷിത പ്രദേശത്ത് രണ്ടാഴ്ച മുമ്പ് മത്സ്യബന്ധനം നടത്തിക്കൊണ്ടിരുന്നയാളുടെ വള്ളവും വലയും അധികൃതർ പിടിച്ചെടുക്കുകയും താക്കീത് നൽകുകയും ചെയ്തിരുന്നു. കൂടുതൽ മത്സ്യങ്ങൾ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ഇത്തരക്കാർ ഇവിടം കേന്ദ്രീകരിക്കുന്നത്. കൃത്യമായ പ്രജനനവും മുട്ടയിടലും നടന്നാൽ കായലിലെ മത്സ്യസമ്പത്ത് വർദ്ധിക്കാനിടയാകുമെന്ന കണക്കുകൂട്ടലിലാണ് ഫിഷറീസ് വകുപ്പ് കായലിൽ സംരക്ഷിത പ്രദേശങ്ങൾ സ്ഥാപിച്ചത്.
സംരക്ഷിത മേഖല
മുളംകുറ്റികളും വലയും ഉപയോഗിച്ച് പ്രത്യേകമായി തിരിക്കുന്ന ഭാഗത്ത് കായലിന്റെ അടിത്തട്ടിൽ കോൺക്രീറ്റ് തൊടികൾ സ്ഥാപിക്കുകയും അതിൽ മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിക്കുകയും ചെയ്യും. കോൺക്രീറ്റ് തൊടിക്കുള്ളിലെ മത്സ്യകുഞ്ഞുങ്ങൾ വളർച്ചയെത്തുമ്പോൾ കായലിന്റെ മറ്റുഭാഗങ്ങളിലേക്ക് സഞ്ചരിക്കും. ഇവയുടെ പ്രജനനവും മുട്ടയിടലുമെല്ലാം ഈ ഭാഗത്ത് തന്നെ നടക്കും. കരിമീൻ, കൊഞ്ച്, കണമ്പ് തുടങ്ങിയ മത്സ്യങ്ങളുടെ കുഞ്ഞുങ്ങളെയാണ് കൂടുതലായും നിക്ഷേപിച്ചിരിക്കുന്നത്.