alind
സോമാനിയ ഗ്രൂപ്പ് 108 കോടി രൂപയുടെ നഷ്ടം വരുത്തിവച്ചതായി കാട്ടി കേരള സർക്കാർ അപ്പല്ലേറ്റ് അതോറിറ്റി ഫോർ ഇൻഡസ്ട്രിയൻ ആൻഡ് ഫിനാൻഷ്യൽ റീകൺസ്ട്രക്ഷന് മുമ്പാകെ ഫയൽ ചെയ്ത് അപ്പീലിന്റെ പകർപ്പ്

അലിൻഡിന്റെ കഷ്ടകാലമൊഴിയുമോ ?​

കൊല്ലം: ആഗോള സാമ്പത്തിക മാന്ദ്യത്തോടെയാണ് (1982) അലൂമിനിയം ഇൻഡസ്ട്രീസ് ലിമിറ്റഡിന്റെ (അലിൻഡ്) തകർച്ച ആരംഭിക്കുന്നത്. വിവിധ സംസ്ഥാന സർക്കാരുകളും പൊതുമേഖലാ സ്ഥാപനങ്ങളും സ്വകാര്യ കമ്പനികളും ഉത്പന്നങ്ങൾ വാങ്ങിയ ഇനത്തിൽ നൽകാനുള്ള കോടിക്കണക്കിന് രൂപ കുടിശികയായതോടെ അലിൻഡ് നഷ്ടത്തിലേക്ക് കൂപ്പുകുത്തുകയായിരുന്നു.

ധനകാര്യ സ്ഥാപനങ്ങളുമായി സഹകരിച്ച് പീഡിത വ്യവസായങ്ങളെ സംരക്ഷിക്കാൻ 1985ലാണ് ഇന്ത്യയിൽ പീഡിത വ്യവസായ നിയമം നിലവിൽ വരുന്നത്. 1989ൽ അലിൻഡും ഈ നിയമത്തിന് കീഴിലായി. തുടർന്ന് കൊണ്ടുവന്ന 9.5 കോടി രൂപയുടെ പുനരുദ്ധാരണ പാക്കേജിന് ബോർഡ് ഫോർ ഇൻഡസ്ട്രിയൽ ആൻഡ് ഫിനാൻഷ്യൽ റീകൺസ്ട്രക്ഷൻ (ബി.ഐ.എഫ്.ആർ) അംഗീകാരം നൽകി. ഇതുപ്രകാരം മുംബയ് ആസ്ഥാനമായ സൊമാനിയ ഗ്രൂപ്പിനെയാണ് പ്രൊമോട്ടറായി നിയമിച്ചത്. കേരള സർക്കാരും പൊതുമേഖലാ ബാങ്കുകളും അടക്കം അഞ്ച് കക്ഷികളാണ് പദ്ധതിയിൽ പങ്കാളികളായത്.

പത്ത് വർഷമായിരുന്നു പദ്ധതിയുടെ കാലാവധി. പദ്ധതി ധാരണ പ്രകാരം സൊമാനിയ ഗ്രൂപ്പ്‌ ആദ്യ വർഷം മൂന്ന് കോടി രൂപയും രണ്ടാം വർഷം ഒരു കോടി രൂപയും മുതൽ മുടക്കി. ഈ തുക അവർ അലിൻഡിൽ ഓഹരിയാക്കി മാറ്റി. കമ്പനി മൂന്നാം വർഷം ലാഭത്തിലാക്കണമെന്നും കമ്പനിക്ക് ഓരോ വർഷവും ഉണ്ടാകാൻ സാദ്ധ്യതയുള്ള ധനനഷ്ടവും ബാങ്ക് കുടിശികകളും പ്രൊമോട്ടർ സ്വന്തം നിലയ്ക്ക് നികത്തണമെന്നും കരാറുണ്ടായിരുന്നു.

എന്നാൽ 1994ൽ ധനനഷ്ടവും ബാങ്ക് കുടിശികയും കടപത്രവുമടക്കം 108 കോടി രൂപ നഷ്ടം വരുത്തി സൊമാനിയ ഗ്രൂപ്പ്, കമ്പനി ബോർഡിൽ നിന്നും മാനേജ്‌മെന്റിൽ നിന്നും രാജിവച്ചു. ഇത്‌ കമ്പനിയെ കൂടുതൽ പ്രതിസന്ധിയിലാക്കി. കമ്പനിയുടെ ദൈനംദിന കാര്യങ്ങൾ നോക്കിയിരുന്ന ലീഡ് ബാങ്കും മോണിറ്ററുമായിരുന്ന എസ്.ബി.ടിയോ ഡയറക്ടർ ബോർഡിലുള്ള സർക്കാരോ പ്രൊമോട്ടറെ തടയാനോ നഷ്ടപരിഹാരം ഈടാക്കാനോ ശ്രമിച്ചില്ല. ഇതോടെ ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളും നൽകിക്കൊണ്ടിരുന്ന സാമ്പത്തിക സഹായവും നിലച്ചു.

പലപ്രാവശ്യം ബി.ഐ.എഫ്.ആർ പുനരുദ്ധാരണ പദ്ധതി പുതുക്കി സമർപ്പിക്കാൻ പ്രൊമോട്ടറോട് ആവശ്യപ്പെട്ടെങ്കിലും അവർ തയ്യാറായില്ല. തുടർന്ന് കമ്പനി അടച്ചുപൂട്ടാതിരിക്കാൻ ബി.ഐ.എഫ്.ആർ 1996 ജൂലായിൽ കാരണം കാണിക്കൽ നോട്ടീസും പ്രസിദ്ധീകരിച്ചു. ഇതോടെ അലിൻഡിന്റെ പതനം കൂടുതൽ ദുരിതപൂർണമായി മാറുകയായിരുന്നു.

 ആദ്യ പുനരുദ്ധാരണ പാക്കേജ്: 1989ൽ

 പദ്ധതി പ്രകാരമുള്ള കക്ഷികൾ

01. കേരള സർക്കാർ

02. പൊതുമേഖലാ ബാങ്കുകർ

03. മറ്റ് ധനകാര്യ സ്ഥാപനങ്ങൾ

04. സൊമാനിയ ഗ്രൂപ്പ് (പ്രൊമോട്ടർ)

05. തൊഴിലാളികൾ