villege

അന്യഗ്രഹ ജീവികളെക്കുറിച്ച് നമ്മൾ കേട്ടിട്ടുണ്ട്. വിശ്വസനീയമായ തെളിവുകൾ ലഭിച്ചിട്ടില്ലെങ്കിലും അന്യഗ്രഹജീവികളെ കണ്ടുവെന്നും അവയുടെ പറക്കും തളികകൾ പ്രത്യക്ഷപ്പെട്ടുവെന്നുമൊക്കെ നിരവധി വാർത്തകൾ പലപ്പോഴും നമ്മൾ കാണാറുണ്ട്. ഇതിൽ നിന്നെല്ലാം പ്രചോദനമുൾക്കൊണ്ട് വ്യത്യസ്തതയോടെ കാര്യങ്ങൾ ചെയ്ത ഒരു ഗ്രാമമുണ്ട്... മോലെബ്ക ഗ്രാമം. അങ്ങ് റഷ്യയിലാണ് ആ ഗ്രാമം. സ്ഥിരമായി അന്യഗ്രഹ ജീവികൾ വരാറുണ്ടെന്ന് വിശ്വസിക്കപ്പെടുന്ന ഗ്രാമമാണത്. വളരെക്കാലം മുമ്പ് തന്നെ അന്യഗ്രഹ ജീവികൾ പ്രത്യക്ഷപ്പെടുന്നതായി ഗ്രാമീണർ പറയുമായിരുന്നു. എന്നാൽ, 1983ലാണ് ഇതു സംബന്ധിച്ച് കൃത്യമെന്ന് പറയാൻ സാധിക്കുന്ന തരത്തിലുള്ള നിരീക്ഷണം പുറത്തുവരുന്നത്. ജിയോളജിസ്റ്റായിരുന്ന എമിൽ ബഷൂറിൻ വേട്ടയ്ക്കിറങ്ങിയപ്പോഴാണ് അവിചാരിതമായി ആകാശത്ത് വൃത്താകൃതി പോലെ തോന്നിക്കുന്ന ഒന്ന് തെന്നിപ്പോകുന്നത് കാണുന്നത്. അതിന്റെ പിന്നാലെ പോയെങ്കിലും തീർത്തും വ്യത്യസ്തമായ മറ്റൊരു കാഴ്ചയായിരുന്നുവത്രേ അവിടെയുണ്ടായിരുന്നത്. മഞ്ഞിൽ വളരെ കൃത്യമായി അടയാളപ്പെടുത്തിയിരിക്കുന്ന, 63 മീറ്റർ വ്യാസത്തിൽ വരച്ച വൃത്തങ്ങളായിരുന്നു അവിടെയുണ്ടായിരുന്നത്. പറക്കുന്ന വസ്തുക്കളും അന്യഗ്രഹ ജീവികളും ഇവിടെ വരാറുണ്ടെന്നതിന് ആദ്യമായി ലഭിച്ച തെളിവായിരുന്നു അത്.

കൂടുതൽ അന്വേഷിച്ചപ്പോൾ ഈ വെളിച്ചവും വൃത്തങ്ങളും ഇവിടെ പതിവ് സംഭവമാണെന്നാണ് അന്ന് ഗ്രാമവാസികൾ പറഞ്ഞത്. പലരും പല തരത്തിലുള്ള പേടിപ്പെടുത്തുന്ന രൂപങ്ങളും ഇവിടെ കണ്ടുവെന്ന് നേരത്തെ തന്നെ പറഞ്ഞിട്ടുണ്ടായിരുന്നു. ഈ സംഭവം കഴിഞ്ഞതോടെ ഇത്തരം കാര്യങ്ങളിൽ താല്പര്യമുള്ള സഞ്ചാരികൾ വലിയ തോതിൽ ഇവിടെ എത്തിച്ചേരാൻ തുടങ്ങി. അങ്ങനെ വിനോദ സഞ്ചാരം നല്ല രീതിയിൽ വളർന്നപ്പോൾ ഗ്രാമവാസികൾ മരം കൊണ്ടുള്ള ഒരു അന്യഗ്രഹ ജീവിയുടെ രൂപംഗ്രാമത്തിൽ നിർമ്മിച്ചു. 180 സെന്റിമീറ്റർ ഉയരത്തിലുള്ള ഈ പ്രതിമ ഗ്രാമത്തിന്റെ കവാടത്തിൽ തന്നെ ഒരു ആതിഥേയനെപ്പോലെ നിൽക്കുന്നുണ്ട്.

മോലെബ്ക എന്ന ഈ ഗ്രാമത്തെക്കുറിച്ച് പുറംലോകം അധികമൊന്നും കേട്ടിട്ടുണ്ടായിരിക്കില്ല. റഷ്യയിലെ പേം മേഖലയിലാണ് ഈ ഗ്രാമം സ്ഥിതി ചെയ്യുന്നത്. വളരെ വിചിത്രമാണ് ഈ ഗ്രാമം. ഇവിടെ പണ്ടുമുതലേയുണ്ടായിരുന്ന ഒരുതരം കല്ലിൽ നിന്നാണ് ഗ്രാമത്തിന് ഈ പേരു ലഭിക്കുന്നത്. നേരത്തെ ഇവിടെ ജീവിച്ചിരുന്ന മാൻസി വിഭാഗക്കാർ ബലി നല്കുവാനായാണ് ഈ കല്ല് ഉപയോഗിച്ചിരുന്നത്. പിന്നീട് ഗ്രാമത്തിനു ഈ കല്ലിന്റെ പേര് ലഭിക്കുകയായിരുന്നു. ഇവിടുത്തെ പാരാനോർമൽ സംഭവങ്ങളുടെ പേരിൽ സോൺ എം എന്നും എം സോൺ എന്നുമെല്ലാം സഞ്ചാരികൾ ഈ പ്രദേശത്തെ വിളിക്കാറുണ്ട്.