c
സ്വാമി സൗപർണിക വിജേന്ദ്രപുരിയുടെ 41-ാം ജന്മദിനാഘോഷ സദസ്

ശ്രീചക്ര മഹാമേരു ക്ഷേത്ര നിർമ്മാണം ഉദ്ഘാടനം ചെയ്തു

അത്യാധുനിക ആശുപത്രിയടക്കം ഏഴ് ക്ഷേമ പദ്ധതികൾക്ക് തുടക്കം

കൊല്ലം: ഭക്തമനസുകളിൽ ആനന്ദസാഗരം തീർത്ത് സ്വാമി സൗപർണിക വിജേന്ദ്രപുരിയുടെ 41-ാം ജന്മദിനാഘോഷം നടന്നു. വേദിയിൽ ഭാരതത്തിന്റെ ആത്മീയ തേജസുകളായ ആചാര്യന്മാർ അണിനിരന്ന് സ്വാമിക്ക് ജന്മദിനാശംസകൾ നേർന്നപ്പോൾ സദസിലെ നൂറുകണക്കിന് ഭക്തർക്കത് ആത്മനിർവൃതിയുടെ പുണ്യനിമിഷമായി. കുണ്ടറ പെരുമ്പുഴ ശ്രീശങ്കരാചാര്യ മഠത്തിന് സമീപം പ്രത്യേകം തയ്യാറാക്കിയ വേദിയിലായിരുന്നു ജന്മദിനാഘോഷച്ചടങ്ങുകൾ. കേന്ദ്രമന്ത്രിമാരായ അർജ്ജുൻ മുണ്ടെ, പാർഷോതം ഖോദഭായ് രൂപാല, ജി. കിഷൻ റെഡ്ഡി എന്നിവർ ഓൺലൈനിലൂടെ സ്വാമിക്ക് ജന്മദിനാശംസകൾ നേർന്നു. എം. നൗഷാദ് എം.എൽ.എ ജന്മദിനാഘോഷ സമ്മേളനം ഉദ്ഘാടനം ചെയ്തു. ദുരിതം അനുഭവിക്കുന്നവർക്ക് ആശ്വാസം നൽകേണ്ടത് മനുഷ്യരുടെ കടമയാണെന്നും ഈ കടമ സർഗാത്മകമായി നിർവഹിക്കുകയാണ് സ്വാമി വിജേന്ദ്രപുരിയെന്നും അദ്ദേഹം പറഞ്ഞു.

ഏഴ് നിലകളുള്ള രാജ്യത്തെ ആദ്യ മഹാമേരു ക്ഷേത്രത്തിന്റെ നിർമ്മാണം ഇളനാട് സമസ്ഥ ലിംഗായത്ത് മഠത്തിലെ സ്വാമി ശ്രീ ശ്രീ ശ്രീ ജ്ഞാന പ്രഭു സിദ്ധർ ദേശീകേന്ദ്ര ഉദ്ഘാടനം ചെയ്തു. ഹിന്ദു ആചാര്യസഭാ ദേശീയ പ്രസിഡന്റ് രവീന്ദ്രകുമാർ ബെർവാർ അദ്ധ്യക്ഷത വഹിച്ചു. 25 നിർദ്ധന കുടുംബങ്ങൾക്ക് ഭവനം നിർമ്മിച്ച് നൽകുന്ന പദ്ധതി സംസ്ഥാന എൻ.ആർ.ഐ കമ്മിഷൻ ചെയർമാൻ ജസ്റ്റിസ് പി.ഡി. രാജൻ ഉദ്ഘാടനം ചെയ്തു. മഠത്തിന്റെ നേതൃത്വത്തിൽ നിർമ്മിക്കുന്ന ഹൈടെക് ആശുപത്രി, വയോജനങ്ങൾക്ക് പെൻഷൻ, മൊബൈൽ അംബുലൻസ്, ആയുർവേദ റിസർച്ച് സെന്റർ, ഓർഗാനിക് ഫാം, വിദ്യാഭ്യാസ, വിവാഹ ധനസഹായം തുടങ്ങിയ പദ്ധതികളുടെ ഉദ്ഘാടനവും ഇതോടൊപ്പം നടന്നു.

പറക്കും സ്വാമി എന്നറിയപ്പെടുന്ന മൗനസിദ്ധർ, സ്വാമിമാരായ ശിവാനന്ദഗിരി, മെയ്തവ അഡിഗൾ, ശിവബോധാനന്ദ, ഡോ. ജയപ്രകാശ്, ഡോ. മഹന്തി അഡ്ജഗുരു, ധർമ്മാനന്ദ സരസ്വതി, ആചാര്യന്മാരായ സതീശൻ ഭട്ടതിരി, ത്രിവിക്രമൻ അഡിഗൾ, ദേശീയ ബ്രാഹ്മണ സഭാംഗം നിർമ്മൽ വായിദ്, ഹിന്ദു ആചാര്യസഭ ഗ്ലോബൽ ഡയറക്ടർ ജനറൽ ഡോ. അഖിലേഷ് ശർമ്മ, സംസ്ഥാന മുന്നാക്ക കമ്മിഷൻ അംഗം അഡ്വ. എം. മനോഹരൻ പിള്ള, സീരിയൽ താരങ്ങളായ കനകലത, ജീജ സുരേന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു. ടെക്റ്റൈഡ് ഇന്നൊവേറ്റീവ് ചീഫ് ഡയറക്ടർ കൃഷ്ണലത മഠത്തിന്റെ പുതിയ പദ്ധതികൾ അവതരിപ്പിച്ചു. മഠം ട്രഷറർ ജയകുമാരി മറുപടി പ്രസംഗം നടത്തി. മഠം പി.ആർ.ഒ അഡ്വ. ഹസ്കർ സ്വാഗതവും അഡ്മിനിസ്ട്രേറ്റർ രാഹുൽ ആദിത്യ, ഹിന്ദു ആചാര്യ സഭ യുവജനവിഭാഗം ദേശീയ ജനറൽ സെക്രട്ടറി ആദിത്യലാൽ എന്നിവർ നന്ദിയും പറഞ്ഞു.

സ്നേഹത്തിലധിഷ്ഠിതമായ നവഭാരതത്തിന്

യത്നിക്കാം: സ്വാമി വിജേന്ദ്രപുരി

പരസ്പര സ്നേഹത്തിലധിഷ്ഠിതമായ നവഭാരതം പടുത്തുയർത്താൻ എല്ലാവരും ഒരേ മനസോടെ യത്നിക്കണമെന്ന് ജന്മദിന പ്രഭാഷണത്തിൽ സ്വാമി സൗപർണിക വിജേന്ദ്രപുരി പറഞ്ഞു. എല്ലാ മനുഷ്യരിലും സഹോദരചിന്തയുണ്ടായാൽ ഇന്നുള്ള പ്രശ്നങ്ങൾ ഇല്ലാതാകും. സമ്പത്തിന് വേണ്ടിയുള്ള പരക്കം പാച്ചിൽ അവസാനിക്കും. ഉള്ളവൻ ഇല്ലാത്തവന് പങ്കുവയ്ക്കുന്ന അവസ്ഥ രൂപപ്പെടും. അതിന് ഇന്നത്തെ പൊതുചിന്താ രീതികൾ മാറണം. സ്നേഹത്തിലധിഷ്ഠിതമായ ലോകമാണ് ശ്രീശങ്കരാചാര്യ മഠത്തിന്റെ ലക്ഷ്യം. ഇവിടെ മതം, ജാതി,വിശ്വാസം എന്നിവയുടെ അതിർവരമ്പുകളില്ല. ആർക്കും കടന്നുവരാം. മഹാമേരു ക്ഷേത്രത്തിന്റെ ലക്ഷ്യം ഭക്തർക്ക് പുനർജനി സമ്മാനിക്കുകയാണ്. അവരുടെ ഭൗതികാവശ്യങ്ങൾക്കായാണ് ആശുപത്രിയും സാധുജന കേന്ദ്രവും സ്ഥാപിക്കുന്നതെന്നും സ്വാമി വ്യക്തമാക്കി.