pho
പുനലൂർ നഗരസഭ ചെയർപേഴ്സൺ നിമ്മി എബ്രഹാം വാർത്ത സമ്മേളനം നടത്തുന്നു.വൈസ് ചെയർമാൻ വി..പി.ഉണ്ണികൃഷ്ണൻ സമീപം.

പുനലൂർ: നഗരസഭയിലെ 35 വാർഡുകളിലെയും ജനങ്ങൾ നേരിടുന്ന ഏറ്റവും വലിയ പ്രശ്നമായ കുടിവെള്ള ക്ഷാമം പരിഹരിക്കുന്നതിനാണ് ആദ്യ പരിഗണനയെന്ന് പുതിയതായി അധികാരമേറ്റ നഗരസഭ ചെയർപേഴ്സൺ നിർമ്മി എബ്രഹാമും വൈസ് ചെയർമാൻ വി.പി.ഉണ്ണികൃഷ്ണനും വാർത്താ സമ്മേളനത്തിൽ അറിയിച്ചു.പുതിയ കുടിവെളള പദ്ധതിക്കായി ഡി.പി.ആർ.സർക്കാരിന് സമർപ്പിച്ച് അംഗീകാരം വാങ്ങുന്നതിനൊപ്പം കല്ലടയാറ്റിലെ പേപ്പർ മില്ലിന് സമീപത്തെ തടയണയുടെ ഉയരം വർദ്ധിപ്പിക്കാനാവശ്യമായ നടപടികളും സ്വീകരിക്കും.

മാർക്കറ്റ് ആധുനികവൽക്കരണം

പുനലൂരിലെ ശ്രീരാമപുരം മാർക്കറ്റ് ആധുനികവൽക്കരിക്കുന്നതിന് പുറമെ പുതിയ മത്സ്യ മാർക്കറ്റും സ്ലോട്ടർ ഹൗസും പണിയും. പട്ടണം സൗന്ദര്യവത്ക്കരിക്കുന്നതിനൊപ്പം ക്ലീൻ പുനലൂർ പദ്ധതി നടപ്പിലാക്കും.വാർഡുകളിലെ നിരത്തുകൾ പ്ലാസ്റ്റിക് മുക്തമാക്കും.ഇതിൻെറ ഭാഗമായി നിലവിലെ ഗ്രീൻ വാളണ്ടിയേഴ്സിനൊപ്പം കുടുംബശ്രീ യൂണിറ്റുകളെ കൂടി പങ്കെടുപ്പിച്ച് കൊണ്ട് ഒരു വാർഡിലെ 5പേക്ക് വീതം ഗ്രാസ് കട്ടർ പരിശീലനം നൽകി റോഡുകൾ മാലിന്യ മുക്തമാക്കും.

മിനി ഹൈവേ

ലിങ്ക് റോഡുകൾ വീതി കൂട്ടി ബി.എം ആൻഡ് ബി.സി.നിലവാരത്തിൽ റീ ടാർ ചെയ്യും.തുടർന്ന് വാർഡുകൾ തമ്മിൽ ബന്ധിപ്പിച്ച് മിനി ഹൈവേ പദ്ധതി നടപ്പിലാക്കും.അത് വഴി നഗരവത്കരണം ഗ്രാമങ്ങളിൽ എത്തും.ഏല്ലാവർക്കും ശുദ്ധജലം എന്ന നിലയിൽ നിലവിലെ കുടിവെളള ശ്രോതസുകളിലെ മാലിന്യം പരിശോധിക്കും. 3 ഹയർസെക്കൻഡറി സ്കൂളുകളിൽ ലാബ് സ്ഥാപിച്ച് കുടിവെളള പരിശോധന നടത്തി മാലിന്യമുക്തമാക്കാൻ നടപടികൾ സ്വീകരിക്കും.

ടൂറിസം പദ്ധതി

പട്ടണത്തിലെ ടൂറിസത്തിന്റെ സാദ്ധ്യത പ്രയോജനപ്പെടുത്തുന്നതിനൊപ്പം ചെങ്കുളത്തെ ടൂറിസം പദ്ധതിയും, പ്രിൽ ഗ്രീം ടൂറിസം പദ്ധതിയും ഡി.ടി.പി.സിയുടെ സഹായത്തോടെ നടപ്പിലാക്കും.

ഫ്ലൈ ഓവർ

പേപ്പർ മിൽ റോഡിലെ റെയിൽവേ ട്രാക്കിന് മുകളിലും കെ.എസ്.ആർ.ടി.സി ജംഗ്ഷനിലും പുതിയ ഫ്ലൈ ഓവർ പണിയും.

ശുചിത്വ നഗരം പദ്ധതി

സമ്പൂർണ ശുചിത്വ നഗരം പദ്ധതി നടപ്പാക്കുന്നതിനായി റിംഗ് കമ്പോസ്റ്റ് പദ്ധതി നഗരസഭയിലെ 35വാർഡുകളിലും നടപ്പിലാക്കും.ചെമ്മന്തൂരിലെ ഇൻഡോർ സ്റ്രേഡിയത്തിന്റെ നിർമ്മാണം മാർച്ച് 31നകം പൂർത്തിയാക്കുമെന്നും പൗരാവകാശ രേഖ പ്രസിദ്ധീകരിക്കുമെന്നും ചെയർപേഴ്സൺ അറിയിച്ചു.കൗൺസിലർമാരായ ഡി.ദിനേശൻ, അജി ആൻറണി എന്നിവരും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.