പുനലൂർ: തെങ്കാശി - പാലക്കാട്, പാലരുവി ഏക്സ്‌പ്രസിന് (നമ്പർ-6791|6792) തെന്മല, ആര്യങ്കാവ്, കുണ്ടറ റെയിൽവേ സ്റ്റേഷനുകളിലും ചെന്നൈ - എഗ്മോർ - കൊല്ലം ട്രെയിനിന് (നമ്പർ-6101,6102) ആര്യങ്കാവിലും തെന്മലയിലും സ്റ്റോപ്പനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര റെയിൽവേ മന്ത്രിയെയും റെയിൽവേ ബോർഡ് ചെയർമാനെയും നേരിൽക്കാണുമെന്ന് എൻ.കെ. പ്രേമചന്ദ്രൻ എം.പി അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട് മധുര ഡിവിഷണൽ റെയിൽവേ മാനേജർ, ദക്ഷിണ റെയിൽവേ ജനറൽ മാനേജർ എന്നിവരുമായി ഫോണിലൂടെ ചർച്ച നടത്തി വിവരം ധരിപ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. കോടിക്കണക്കിന് രൂപ ചെലവഴിച്ച് കൊല്ലം - ചെങ്കോട്ട റെയിൽവേ പാത ബ്രോഡ്ഗേജാക്കി മാറ്റിയെങ്കിലും അതിൻെറ പ്രയോജനം പ്രദേശവാസികൾക്ക് ലഭിക്കുന്നില്ല. വിനോദ സഞ്ചാര കേന്ദ്രമായ തെന്മലയിലും പാലരുവിയിലും ജനങ്ങൾക്കെത്താൻ കഴിയുന്ന സ്റ്റോപ്പുകൾ റദ്ദാക്കുന്നത് പ്രതിഷേധാർഹമാണ്.