ചാത്തന്നൂർ: കൊല്ലം സഹകരണ സ്പിന്നിംഗ് മില്ലിനായി കേന്ദ്ര സർക്കാർ സ്ഥാപനമായ എൻ.സി.ഡി.സി 2014ൽ നൽകിയ 57 കോടി രൂപയുടെ വിനിയോഗം സംബന്ധിച്ച് അന്വേഷണം നടത്താൻ കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെടുമെന്ന് ബി.ജെ.പി ജില്ലാ പ്രസിഡന്റ് ബി ബി. ഗോപകുമാർ പറഞ്ഞു. മിൽ ചെയർമാന്റെ വസതിയിലേക്ക് സ്പിന്നിംഗ് മിൽ പെൻഷണേഴ്സ് ഫോറം സംഘടിപ്പിച്ച മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
2014ൽ മിൽ നവീകരണത്തിന് ഫണ്ട് അനുവദിച്ചിട്ടും നാളിതുവരെ നിർമ്മാണ പ്രവർത്തങ്ങൾ നടത്തിയിട്ടില്ല. രണ്ടര വർഷത്തിലധികമായി നവീകരണത്തിന്റെ പേരിൽ മിൽ അടച്ചിട്ടിരിക്കുന്നു. പത്ത് മാസത്തെ ശമ്പളം കുടിശികയാണ്. കേന്ദ്ര സർക്കാർ അനുവദിച്ച ഫണ്ട് വ്യവസായ വകുപ്പിന്റെ കൈവശമാണ്. ഫണ്ട് വിനിയോഗിക്കുന്നതിൽ ഗുരുതരമായ വീഴ്ച നടന്നിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
പെൻഷണേഴ്സ് ഫോറം പ്രസിഡന്റ് കിഷോർ കുമാർ അദ്ധ്യക്ഷത വഹിച്ചു. ബി.ജെ.പി നേതാക്കളായ എം. സുനിൽ, എസ്.വി. അനിത് തുടങ്ങിയവർ പങ്കെടുത്തു.