photo
രാജേഷ് കോട്ടവിള

കൊല്ലം: അധികൃതർ ഉണർന്നില്ല, മൂഴിക്കോട് ചിറയുടെ ദുരിതം മാറ്റാൻ ഒരു ചെറുപ്പക്കാരനിറങ്ങി. കോട്ടാത്തല കോട്ടവിള വീട്ടിൽ രാജേഷിന്റെ (36) ഒറ്റയാൾ പോരാട്ടത്തിന് നാടിന്റെ കൈയ്യടി. ഡിസംബർ 31ന് 'മൂഴിക്കോട് ചിറയുടെ ശാപം തീരുന്നില്ല' എന്ന തലക്കെട്ടിൽ കേരളകൗമുദി ചിറയുടെ ദുരിതാവസ്ഥ വാർത്തയായി പ്രസിദ്ധീകരിച്ചിരുന്നു. വാർത്ത വന്നിട്ടും അധികൃതർ ശ്രദ്ധിക്കാതെ വന്നതോടെയാണ് കാട് വെട്ടുന്ന യന്ത്രവുമായി ഒന്നര കിലോ മീറ്റർ അകലെ താമസിക്കുന്ന രാജേഷ് കോട്ടവിള ചിറയ്ക്ക് സമീപത്തെത്തിയത്.

നൂറു ദിനംകൊണ്ട് ചിറ വൃത്തിയാക്കും

പരിസരത്തെ കാടുമുഴുവൻ വെട്ടിത്തെളിച്ച് വൃത്തിയാക്കി. ആദ്യ ദിനത്തിലെ കഠിന പ്രയത്നത്തിന് നാടിന്റെ വലിയ പിന്തുണ ലഭിച്ചു. ചിറ സംരക്ഷണ കാര്യത്തിൽ മുന്നോട്ടുവരുമെന്ന് ജനപ്രതിനിധികളും മറ്റ് ചെറുപ്പക്കാരും രാജേഷിനെ അറിയിച്ചു. ഇന്ന് വീണ്ടും ചിറ സംരക്ഷണ പ്രവർത്തനവുമായി രാജേഷ് എത്തും. കൊല്ലത്ത് മൊബൈൽ കമ്പനിയിലെ ജീവനക്കാരനായ രാജേഷ് ഒഴിവു വേളകൾ ഇനി ചിറയ്ക്ക് വേണ്ടി മാറ്റിവയ്ക്കാനാണ് നിശ്ചയിച്ചിട്ടുള്ളത്. മറ്റാരുടെയും സഹായം ലഭിച്ചില്ലെങ്കിൽ നൂറു ദിനംകൊണ്ട് ചിറ വൃത്തിയാക്കി നാടിന് സമർപ്പിക്കുമെന്നാണ് ഈ ചെറുപ്പക്കാരന്റെ പ്രഖ്യാപനം. ചിറയ്ക്ക് ചുറ്റും ചെടികളും തണൽ മരങ്ങളും അലങ്കാര ബൾബുകളും സ്ഥാപിച്ചുള്ള സൗന്ദര്യ വത്കരണവും പാർക്കും നിർമ്മിക്കാനും ചിറയുടെ വെള്ളം ശുദ്ധിയാക്കി നീന്തൽ കുളമാക്കാനും മോട്ടോർ ഘടിപ്പിക്കാത്ത പെഡൽ ബോട്ട് ഇടുന്നതിനും ഒപ്പം അലങ്കാരമത്സ്യം വളർത്താനും പദ്ധതിയുണ്ട്. ഭാവനയോടെയുള്ള പ്രവർത്തനങ്ങൾക്ക് ജനപ്രതിനിധികൾ പിന്തുണ പ്രഖ്യാപിച്ചതിനാൽ മൂഴിക്കോട് ചിറയുടെ ശാപമോക്ഷമാകുമെന്നാണ് നാടിന്റെ പ്രതീക്ഷ.

കാട് മാറി, ഇപ്പോൾ ചിറ കാണാം

കൊട്ടാരക്കര - പുത്തൂർ റോഡരികിൽ മൂഴിക്കോട് ജംഗ്ഷന് സമീപത്താണ് മൈലം ഗ്രാമ പഞ്ചായത്തിന്റെ പരിധിയിൽ ചിറ സ്ഥിതിചെയ്യുന്നത്. നാലാൾ പൊക്കത്തിൽ കമ്പിവേലി നിർമ്മിച്ചതിൽ കാട് മൂടിയതിനാൽ വഴിയാത്രക്കാർക്ക് ചിറ കാണാൻ ഒക്കില്ലെന്ന സ്ഥിയായിരുന്നു. കാട് വെട്ടി മാറ്റിയതോടെ ഇപ്പോൾ ചിറ കാണാമെന്നായി. വെള്ളം തീർത്തും മലിനമാണ്. വർഷങ്ങൾക്ക് മുൻപ് അടൂർ ഗോപാലകൃഷ്ണൻ സംവിധാനം ചെയ്ത എലിപ്പത്തായമെന്ന സിനിമയിൽവരെ ഇടം നേടിയ മൂഴിക്കോട് ചിറ പഴയ പ്രതാപത്തിലേക്ക് മടങ്ങിവരാൻ നാട് കാത്തിരിക്കുകയാണ്.