മൺറോത്തുരുത്ത്: പ്രളയസമാനതയിൽ അനുദിനം ശക്തി പ്രാപിച്ചുകൊണ്ടിരിക്കുന്ന വേലിയേറ്റം മൺറോത്തുരുത്തിലെ ഭൂരിഭാഗം പ്രദേശങ്ങളെയും മുക്കി ജനജീവിതത്തെ ദുരിതത്തിലാഴ്ത്തുന്നു. സാധാരണഗതിയിൽ തുലാവേലിയേറ്റം ഏതാനും നാൾ ശക്തിയേടുകൂടി നിൽക്കുകയും ക്രമേണ ശക്തി കുറയുകയുമാണ് പതിവ്. എന്നാൽ ഇത്തവണ തുലാവേലി കഴിഞ്ഞ് ശക്തികുറഞ്ഞ വേലിയേറ്റം ദിവസങ്ങൾക്ക് മുമ്പ് വീണ്ടും ശക്തി പ്രാപിച്ചിരിക്കുകയാണ്.
കിടപ്പുറം തെക്ക്, കിടപ്പുറം വടക്ക്, പട്ടംതുരുത്ത് വെസ്റ്റ് വാർഡുകൾ പൂർണമായും വെള്ളത്തിലായി. ഈ പ്രദേശങ്ങളിലെ മിക്കവീടുകളിലും വെള്ളം കയറി. നടവഴികളെല്ലാം ചെളിക്കുണ്ടായി മാറി. പട്ടംതുരുത്ത് ഈസ്റ്റ്, നെന്മേനി, നെന്മേനി തെക്ക്, കൺട്രാംകാണി, പെരുങ്ങാലം എന്നീ വാർഡുകളിലെ താഴ്ന്ന പ്രദേശങ്ങളും വെള്ളത്തിനടിയിലാണ്.
വെള്ളം കയറിയ പ്രദേശങ്ങളിൽ ജനങ്ങൾ പുറത്തിറങ്ങാനാവാത്ത സ്ഥിതിയാണ്. വീടുകളിൽ വെള്ളം കെട്ടിനിൽക്കുന്നതിനാൽ പാചകം പോലും ചെയ്യാൻ സാധിക്കുന്നില്ല. ദുരിതമകറ്റാൻ അധികൃതരുടെ ഭാഗത്തുനിന്ന് നടപടിയുണ്ടാകാത്തതിൽ ശക്തമായ പ്രതിഷേധത്തിലാണ് മൺറോത്തുരുത്ത് നിവാസികൾ.