കൊല്ലം : കേരള സംസ്ഥാന കശുഅണ്ടി വികസന കോർപ്പറേഷന് കീഴിലെ 30 ഫാക്ടറികളിലൂടെ പതിനാലായിരത്തോളം പേർ തുടർപഠനത്തിലേക്ക് കാൽവയ്ക്കുന്നു. കേരള സംസ്ഥാന സാക്ഷരതാ മിഷനുമായി ചേർന്നാണ് കശുഅണ്ടി വികസന കോർപ്പറേഷൻ വിപുലമായ പഠന പരിപാടിക്ക് തുടക്കമിട്ടത്. രാജ്യത്ത് ആദ്യമായി കശുഅണ്ടി ഫാക്ടറികളിൽ വിദ്യാഭ്യാസത്തിന് അവസരമൊരുക്കുന്ന ഈ പദ്ധതിയിലൂടെ തൊഴിലാളികളുടെ സമഗ്ര വികസനമാണ് ലക്ഷ്യമിടുന്നത്. പഠന ക്ലാസുകളുടെ ഉദ്ഘാടനം കശുഅണ്ടി വികസന കോർപ്പറേഷൻ ചെയർമാൻ എസ്. ജയമോഹൻ ഇടമുളയ്ക്കൽ ഫാക്ടറിയിൽ നിർവഹിച്ചു.വിവിധ കോഴ്സുകളിൽ വിജയിക്കുന്നവർക്ക് ഉപരിപഠനത്തോടൊപ്പം ഫാക്ടറിയിൽ തന്നെ ജോലി നൽകുന്നതിനുള്ള പരിപാടികൾക്കും സൗകര്യമൊരുക്കുന്നുണ്ട്.
ആദ്യഘട്ടത്തിൽ 418 പേർ
ആദ്യ ഘട്ടമായി പത്താം തരം തുല്യതാ കോഴ്സിൽ രജിസ്റ്റർ ചെയ്ത 418 പേരാണ് ഇന്നലെ ഫാക്ടറികളിലൊരുക്കിയ ക്ലാസ് മുറികളിൽ മാസ്കണിഞ്ഞെത്തിയത്. ഓരോരുത്തർക്കും പ്രത്യേകം ഇരിപ്പിടം ക്രമീകരിച്ച് കൊവിഡ് മാനദണ്ഡങ്ങളോടെയാണ് ക്ലാസ് ഒരുക്കിയത്. പഠിതാക്കൾക്ക് സാമ്പത്തിക ഭാരമില്ലാതെ പ്രത്യേക സഹായത്തോടെയാണ് പഠന പരിപാടിക്ക് സൗകര്യമൊരുക്കിയിട്ടുള്ളത്. ഓരോ പഠിതാവും ഓരോ കുടുംബം എന്ന നിലയിൽ ജില്ലയിലെ ഏതാണ്ട് പതിനാലായിരം കുടുംബങ്ങളിലാണ് ഇതിന്റെ നേട്ടം ലഭിക്കുന്നത്.
ഉപരിപഠനത്തിനും സൗകര്യം
സാക്ഷരതാ ക്ലാസ് മുതൽ ഹയർ സെക്കൻഡറി വിദ്യാഭ്യാസം വരെയുള്ള പഠനപരിപാടി സാക്ഷരതാ മിഷന്റെ സഹായത്തോടെയാണ് ക്രമീകരിച്ചിട്ടുള്ളത്. തുടർന്ന് ഉപരിപഠനം ആഗ്രഹിക്കുന്നവർക്ക് ശ്രീനാരായണ ഓപ്പൺ യൂണിവേഴ്സിറ്റിയുടെ സൗകര്യവും ഉറപ്പാക്കും. തൊഴിലിനോടൊപ്പം പഠനവുമെന്ന ആശയം കശുഅണ്ടി ഫാക്ടറി തൊഴിലാളികൾ ഏറെ പ്രതീക്ഷയോടെയാണ് ഏറ്റെടുത്തത്.