തിരുവനന്തപുരം: പരാതി നോക്കാൻ മനസില്ല, നീ വേറെ പൊലീസ് സ്റ്രേഷനിൽ പോട, നിന്റെ പരാതി നോക്കാൻ മനസില്ല......നെയ്യാർ ഡാം പൊലീസ് സ്റ്റേഷനിൽ പരാതിയുമായെത്തിയ അച്ഛനും മകൾക്കുമുണ്ടായ ദുര്യോഗം അത്രപെട്ടെന്ന് ആർക്കും മറക്കാനാകില്ല. നെയ്യാർ ഡാമിലുണ്ടായത് ഒരു ഒറ്റപ്പെട്ട സംഭവമാണെന്ന് കരുതിയെങ്കിൽ തെറ്റി. ഒച്ചപ്പാടും ബഹളവും പരാതി അന്വേഷിക്കാത്തതിലുള്ള പ്രതിഷേധവും സമൂഹമാദ്ധ്യമങ്ങളിൽ വൈറലാകുന്നില്ലെന്നേയുള്ളൂ. കേരളത്തിലെ പല പൊലീസ് സ്റ്റേഷനുകളിലും ഏതാണ്ട് സമാനമാണ് സ്ഥിതി.
പൊലീസ് സ്റ്റേഷനുകളിൽ ഓൺലൈൻ വഴി പരാതി സമർപ്പിക്കാൻ തുണയെന്ന വെബ്പോർട്ടൽ നിലവിൽ വന്നെങ്കിലും തുണയിലൂടെയും നേരിട്ടും നൽകുന്ന പരാതികൾക്ക് രസീതോ കൃത്യമായ അന്വേഷണ വിവരങ്ങളോ നൽകാൻ പൊലീസ് കൂട്ടാക്കുന്നില്ലെന്നതാണ് വാസ്തവം. പരാതികൾ സ്വീകരിച്ചാൽ പരാതി രജിസ്റ്റർ ചെയ്തശേഷം കൈപ്പറ്റ് രസീത് നൽകണമെന്നാണ് ചട്ടം. കൊവിഡ് വന്നതോടെ അതിന്റെ മറവിൽ പരാതികൾ നേരിട്ട് സ്വീകരിക്കാൻ തന്നെ വിസമ്മതിക്കാൻ തുടങ്ങിയ പൊലീസ് പരാതിക്കാർക്ക് രസീത് നൽകുന്നതും നിർത്തി. എല്ലാ പരാതികളും ഇ മെയിലിൽ തരണമെന്നാക്കി. ഇ മെയിൽ അയക്കുന്ന പരാതി കൈപ്പറ്റിയതായി മറുപടി മെയിൽ ലഭിക്കില്ല. ഡി.ജി.പിക്ക് പരാതി നൽകിയാലും ഇതാണ് അവസ്ഥ. ആറു മാസം മുമ്പ് ഡി.ജി.പിക്ക് നൽകിയ പരാതികളിൽ ഇതുവരെ എന്തു നടപടി സ്വീകരിച്ചുവെന്ന് പരാതിക്കാർക്ക് അറിയില്ല.
ലോക്ക് ഡൗണും കൊവിഡ് ഡ്യൂട്ടിയും പൊലീസുകാരുടെ കുറവുൾപ്പെടെയുള്ള ഒഴിവുകഴിവുകൾ പരാതി സ്വീകരിക്കലിനെയും അന്വേഷണത്തെയും ബാധിച്ചു. ഇക്കാലത്ത് ഓൺലൈൻ പോർട്ടൽ വഴി പരാതി സമർപ്പിക്കുന്നതിന് സമൂഹമാദ്ധ്യമം വഴി വൻ പ്രചാരണം നടത്തിയ പൊലീസ് ഇതുവഴി ലഭിച്ച പരാതികളോടും പതിവ് സമീപനം തന്നെയാണ് സ്വീകരിച്ചത്. 'തുണ"യിലൂടെ പരാതി കൈമാറിയതിന് ഡിജിറ്റൽ തെളിവുകളുണ്ടെങ്കിലും അന്വേഷണവും പരിഹാരവും പതിവ് പടിയാണ്.
കൊവിഡിന് ശേഷം തിരഞ്ഞെടുപ്പും പിന്നീട് മണ്ഡലകാലവുമൊക്കെയായി കാരണങ്ങൾ പലതും പൊലീസിന് പറയാനുണ്ടെങ്കിലും പരാതികൾക്ക് തൃപ്തികരമായ പരിഹാരമുണ്ടായില്ലെന്ന സങ്കടമാണ് പാലക്കാട്ടെ ദുരഭിമാനക്കൊലയിലുൾപ്പെടെ പരാതിക്കാർക്കുള്ളത്. മുൻ കാലങ്ങളിൽ ഡിവൈ.എസ്.പിമാർ ഓരോസ്റ്റേഷനുകളിലെയും എസ്.പിമാർ ജില്ലകളിലെയും ഐ.ജിമാർ റേഞ്ചടിസ്ഥാനത്തിലെയും പരാതികളും അന്വേഷണ പുരോഗതിയും കുറ്റപത്ര സമർപ്പണവും കൃത്യമായി വിലയിരുത്തുകയും വീഴ്ചവരുത്തുന്നവർക്കെതിരെ നടപടി സ്വീകരിക്കുകയും ചെയ്തിരുന്നു. എന്നാൽ, കഴിഞ്ഞ കുറേ വർഷങ്ങളായി ഈ പതിവെല്ലാം നിലച്ചു. മേലുദ്യോഗസ്ഥരുടെ മേൽനോട്ടം കൂടി ഇല്ലാതായതോടെ പരാതികൾ കൈപ്പറ്റുന്നതും അന്വേഷണവുമെല്ലാം തന്നിഷ്ടപ്രകാരമായെന്ന് സാരം.