c

കൊല്ലം: ആലപ്പുഴയിലും കോട്ടയത്തും പക്ഷിപ്പനി സ്ഥിരീകരിച്ച പശ്ചാത്തലത്തിൽ വിവിധ വകുപ്പുകളുടെ ഏകോപനത്തിലൂടെ പ്രതിരോധ നടപടികൾ ശക്തമാക്കണമെന്ന് ജില്ലാ കളക്ടർ ബി. അബ്ദുൽ നാസർ നിർദ്ദേശിച്ചു. പക്ഷികളിൽ നിന്ന് പക്ഷികളിലേക്കും മനുഷ്യരിലേക്കും പകരാൻ സാദ്ധ്യതയുള്ളതിനാൽ പ്രതിരോധവും ശുചിത്വവും കർശനമായി പാലിക്കണം. മൃഗ സംരക്ഷണ, ആരോഗ്യ വകുപ്പുകൾ ഇക്കാര്യത്തിൽ ജാഗ്രതയോടെ പ്രവർത്തിക്കണമെന്ന് ടാസ്‌ക് ഫോഴ്‌സ് ടീമിന്റെ ജില്ലാതല യോഗത്തിൽ കളക്ടർ നിർദ്ദേശം നൽകി. സർക്കാർ, സ്വകാര്യ പൗൾട്രി ഫാം, ടർക്കി ഫാം തുടങ്ങിയവയുടെ വിശദ വിവരങ്ങൾ മൃഗസംരക്ഷണ വകുപ്പ് ആരോഗ്യ വകുപ്പിന് നൽകണം. പക്ഷികൾ കൂട്ടത്തോടെ ചത്തൊടുങ്ങുന്നതുപോലുള്ള അസ്വാഭാവിക സംഭവങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ ആരോഗ്യ വകുപ്പിനെ അറിയിക്കണം. പക്ഷിപ്പനിയുടെ രോഗലക്ഷണങ്ങൾ കൊവിഡിന് സമാനമാണ്. ശരീര സ്രവങ്ങൾ വഴിയാണ് പകരുന്നത്. പനി, ചുമ, തൊണ്ടവേദന, ന്യുമോണിയ പോലുള്ള രോഗലക്ഷണങ്ങൾ ഉണ്ടാകാം. അതിനാൽ മാസ്‌ക്, സാനിറ്റെസർ /ഹാൻഡ് വാഷ് എന്നിവ എപ്പോഴും ഉപയോഗിക്കണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ആർ. ശ്രീലത അറിയിച്ചു. എല്ലാ പ്രാഥമിക സാമൂഹികാരോഗ്യ കേന്ദ്രങ്ങളിലും പ്രതിരോധ ഗുളിക സ്റ്റോക്കുണ്ടെന്ന് ഉറപ്പുവരുത്തിയിട്ടുണ്ട്. രോഗലക്ഷണമുള്ളവരെ ചികിത്സിക്കുന്നതിനായി കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയിൽ ഐസോലേഷൻ വാർഡ് അടക്കമുള്ള സജ്ജീകരണങ്ങൾ ഏർപ്പെടുത്തി. പക്ഷിപ്പനി ബാധിച്ചാലും മുട്ട, മാംസം എന്നിവ ഉപയോഗിക്കുന്നതിന് പ്രശ്‌നമില്ല. എന്നാൽ പൂർണമായും വേവിച്ച ശേഷമാണ് കഴിക്കേണ്ടത്. പക്ഷികളുടെ അവശിഷ്ടം, വളം എന്നിവ കൈകാര്യം ചെയ്യുന്നവർ കൈയുറകളും മാസ്കും ഉപയോഗിക്കണം. എ.ഡി.എം പി.ആർ. ഗോപാലകൃഷ്ൻ, സബ് കളക്ടർ ശിഖ സുരേന്ദ്രൻ, സിറ്റി പൊലീസ് കമ്മിഷണർ ടി. നാരായണൻ, റൂറൽ ജില്ലാ പൊലീസ് മേധാവി കെ.ബി. രവി, മൃഗസംരക്ഷണ ഓഫീസർ ഡോ. ഡി. സുഷമകുമാരി തുടങ്ങിയവർ പങ്കെടുത്തു.