ulsavam

ആനയും കലാപരിപാടികളും ആവാം, കെട്ടുകാഴ്ചയും പറയെടുപ്പും വേണ്ട

കൊല്ലം: ക്ഷേത്രങ്ങളിലെ ഉത്സവമേളങ്ങൾക്ക് ഈ മാസം അവസാനത്തോടെ കൊടിയേറിത്തുടങ്ങും. ഉത്സവം നടത്തിപ്പുമായി ബന്ധപ്പെട്ട് തിരുവിതാംകൂർ ദേവസ്വം ബോർഡ് പുറപ്പെടുവിച്ച പുതിയ ഉത്തരവ് പ്രകാരം ക്ഷേത്രം തന്ത്രിയുടെ ഉപദേശമനുസരിച്ച് ആനയും, ജില്ലാ ഭരണകൂടത്തിന്റെ അനുമതിയോടെ കലാപരിപാടികളുമാകാം. അതേസമയം, ഘോഷയാത്രയ്ക്കും ക്ഷേത്രത്തിന് പുറത്തുള്ള പറയെടുപ്പിനും വിലക്കുണ്ട്. ക്ഷേത്രക്കുളത്തിലെ കുളി, അന്നദാനം, ശ്രീകോവിലിൽ നിന്ന് നേരിട്ടുള്ള പ്രസാദവിതരണം എന്നിവയും പാടില്ല.

നാലമ്പലത്തിനകത്ത് ഒരേസമയം അൻപത് പേർക്ക് മാത്രമേ പ്രവേശനമുണ്ടാകൂ. ദേവസ്വം ബോർഡ് ക്ഷേത്രങ്ങളിൽ ഉത്സവത്തിന് സ്‌പെഷ്യൽ ഡ്യൂട്ടിക്കായി നിയോഗിക്കുന്ന ഉദ്യോഗസ്ഥരുടെ എണ്ണം പരമാവധി കുറയ്‌ക്കണമെന്നും എല്ലാ ജീവനക്കാരും മാസ്ക്, കൈയുറ, ഫേസ് ഷീൽഡ് എന്നിവ നിർബന്ധമായി ഉപയോഗിക്കണമെന്നും ഉത്തരവിൽ പറയുന്നു. ക്ഷേത്ര കോമ്പൗണ്ടിൽ കൊവിഡ് മാനദണ്ഡം പാലിച്ച് പറയിടീൽ നടത്തുന്നതിന് അതത് അഡ്‌മിനിസ്‌ട്രേറ്റിവ്, സബ് ഗ്രൂപ്പ് ഓഫീസർമാരെയും ഉത്സവ നടത്തിപ്പിന് ബന്ധപ്പെട്ട അസിസ്റ്റന്റ് ദേവസ്വം കമ്മിഷണർ, ഡെപ്യൂട്ടി കമ്മിഷണർ എന്നിവരെയും ദേവസ്വംബോർഡ് ചുമതലപ്പെടുത്തിയിട്ടുണ്ട്.

ചെറുക്ഷേത്രങ്ങളിൽ ഉത്സവം കാണില്ല
ദേവസ്വം ബോർഡ് ക്ഷേത്രങ്ങളിൽ ഉത്സവം നടത്തിപ്പുമായി ബന്ധപ്പെട്ട് മാർഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ടെങ്കിലും ചെറിയ ക്ഷേത്രങ്ങളിൽ ഉത്സവം ഇത്തവണയും ചടങ്ങുകളായി മാത്രം നടത്തുവാനാണ് സാദ്ധ്യത. ക്ഷേത്രം തന്ത്രിയുടെ അഭിപ്രായം അനുസരിച്ചായിരിക്കും ഇക്കാര്യങ്ങളിൽ തീരുമാനമുണ്ടാകുക.