വ്യാജപരാതികൾ നൽകുന്നുവെന്ന് ആരോപണം
കൊല്ലം: കൈയേറ്റം ആരോപിച്ച് തങ്ങൾക്കെതിരെ വ്യാജപരാതികൾ നൽകുന്നതിൽ പ്രതിഷേധിച്ച് പേഴുംതുരുത്ത് - പെരുമൺ ജങ്കാർ സർവീസ് ജീവനക്കാർ നാളെ സൂചനാ പണിമുടക്ക് നടത്തും. പേഴുംതുരുത്തിൽ ജങ്കാർ കടവിന് സ്ഥലം ഏറ്റെടുത്തതുമായി ബന്ധപ്പെട്ട് ഉടമസ്ഥ തർക്കം നിലവിലുണ്ടായിരുന്നു. ഈ സ്ഥലം മൺറോത്തുരുത്ത് ഗ്രാമ പഞ്ചായത്ത് നേരത്തെ ഏറ്റെടുത്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ജീവനക്കാർ രാത്രികാലത്ത് ഇവിടെ ജങ്കാർ കെട്ടിയിടുന്നത്.
എന്നാൽ വിദേശത്തുള്ള ഉടമസ്ഥർ ജീവനക്കാർ സ്ഥലം കൈയേറുന്നതായി കാട്ടി തുടർച്ചയായി ഇ- മെയിൽ വഴി പൊലീസിന് പരാതി നൽകുകയാണ്. പരാതിയുടെ അടിസ്ഥാനത്തിൽ കിഴക്കേകല്ലട പൊലീസ് ജീവനക്കാരെ സ്ഥിരം സ്റ്റേഷനിലേക്ക് വിളിപ്പിക്കുകയാണ്. ഇതുമൂലം കൃത്യമായി ജോലിയിൽ പ്രവേശിക്കാൻ സാധിക്കുന്നില്ലെന്നും ജീവനക്കാർ പറഞ്ഞു.
വ്യാജപരാതികൾ നൽകുന്നവർക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ജീവനക്കാർ ഗ്രാമപഞ്ചായത്ത് സെക്രട്ടറിക്ക് കത്ത് നൽകിയിരിക്കുകയാണ്.