v
ഉളിയക്കോവിലെ കായൽ കൈയേറ്റം

എന്നും ശരിക്കൊപ്പമാണ് കേരള കൗമുദി. പലരും തുറന്നു പറയാത്ത നാടിന്റെ പ്രശ്നങ്ങൾ പുറത്തുകൊണ്ടുവരാൻ ഫോർ ദി പീപ്പിൾ എന്ന പംക്തി പുനരാരംഭിക്കുകയാണ്. ഇന്നുമുതൽ എല്ലാ ബുധനാഴ്ചയും വായിക്കാം -

ഉളിയക്കോവിൽ വിളപ്പുറത്ത് 40 ഏക്കറോളം കായൽ ഭൂമി കൈയേറി

കൊല്ലം: ജില്ലയിലെ പ്രധാന ജലാശയങ്ങളിലൊന്നായ അഷ്ടമുടിക്കായലിനെ കൈയേറ്റക്കാർ വിഴുങ്ങുന്നു. ആശ്രാമം ഉളിയക്കോവിൽ മേഖലയിലാണ് വ്യാപക കൈയേറ്റം നടക്കുന്നത്. ഉളിയക്കോവിൽ വിളപ്പുറം ഭാഗത്ത് യഥാർത്ഥ കരയിൽ നിന്ന് 200 മീറ്റർ വരെ നീളത്തിൽ കായൽ മണ്ണിട്ട് നികത്തിയിരിക്കുകയാണ്. ഈ മേഖലയിൽ മാത്രം ഏകദേശം 40 ഏക്കർ കൈയേറിയിട്ടുണ്ട്. പക്ഷേ ഇതൊന്നും നമ്മുടെ ഉദ്യോഗസ്ഥർ കണ്ടിട്ടുമില്ല. അറിഞ്ഞിട്ടുമില്ല.!

വിളപ്പുറം ഭാഗത്ത് ഏക്കറുകണക്കിന് ഭൂമി സ്വന്തമായുള്ളവർ തന്നെയാണ് കായൽഭൂമി കൂടി കൈവശപ്പെടുത്തുന്നത്. നഗരത്തിലെ പ്രമുഖ ബിസിനസുകാരനാണ് സ്ഥലത്ത് വമ്പൻ കൈയേറ്റം നടത്തുന്നതിൽ മുൻപന്തിയിൽ. അദ്ദേഹം കായൽഭൂമി നികത്തി വീടിന് മുന്നിൽ പാർക്കുകളുടെ മാതൃകയിൽ വലിയൊരു പൂങ്കാവനം തന്നെ നിർമ്മിച്ചിട്ടുണ്ട്. ഇതുകണ്ട് അയൽപുരയിടക്കാരൻ വലിയൊരു റിസോർട്ട് തട്ടിക്കൂട്ടുകയാണ്. അതിന് മുന്നോടിയായി കായലിൽ തെങ്ങിൻ കുറ്റികൾ അടിച്ച് മത്സ്യക്കൃഷിയും ആരംഭിച്ചു. റവന്യൂ വകുപ്പിന്റെയും ബന്ധപ്പെട്ട തദ്ദേശ സ്ഥാപനത്തിന്റെയും അനുമതിയില്ലാതെയാണ് കായലിൽ മത്സ്യക്കൃഷി നടത്തുന്നത്. കായൽ തീരത്ത് നിന്ന് 50 മീറ്റർ അകലെ മാത്രമേ കെട്ടിടം നിർമ്മിക്കാവൂ എന്നാണ് ചട്ടം. ഇതിന് വിരുദ്ധമായി ഇവിടെ ഒരു ഔട്ട്ഹൗസും കെട്ടിപ്പൊക്കിയിട്ടുണ്ട്. ഇവിടെ മദ്യപാനവും കഞ്ചാവ് ഉപയോഗവും പതിവാണെന്ന് പ്രദേശവാസികൾ പറയുന്നു.

മത്സ്യക്കൃഷിക്കാരന്റെ ബന്ധുവായ അയൽപുരയിടക്കാരനാണ് കൂട്ടത്തിലെ ഏറ്റവും മിടുക്കൻ. ഏകദേശം ഏഴ് വർഷം മുൻപാണ് അദ്ദേഹം കായൽ മണ്ണിട്ട് നികത്തിയത്. പക്ഷേ കൈയേറ്റ ഭൂമിയിൽ നിറയെ തെങ്ങുകളുണ്ട്. അതിൽ പലതിനും പത്ത് വർഷത്തിലേറെ പഴക്കവും. പണ്ടേ കരഭൂമിയാണെന്ന് കാഴ്ചയിൽ തോന്നാൻ മണ്ണിട്ട് നികത്തിയതിന് പിന്നാലെ മൂന്ന്, നാല് വർഷത്തെ വളർച്ചയുള്ള തെങ്ങിൻ തൈകൾ രാത്രിയിൽ കൊണ്ടുവന്ന് നടുകയായിരുന്നെന്ന് സമീപവാസികൾ പറയുന്നു.

അനങ്ങാപ്പാറകളായി

സർക്കാർ വകുപ്പുകൾ

കൈയേറ്റം തുടങ്ങിയപ്പോൾ തന്നെ പ്രദേശവാസികൾ റവന്യൂ അടക്കമുള്ള വിവിധ വകുപ്പുകൾക്ക് പരാതി നൽകിയതാണ്. പക്ഷേ ഒരു നടപടിയും ഉണ്ടായിട്ടില്ല. ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിക്കാൻ പോലും തയ്യാറായിട്ടില്ലെന്ന് ആക്ഷേപമുണ്ട്. കായലിൽ മണ്ണ് വീഴുമ്പോഴെല്ലാം പ്രാദേശിക രാഷ്ട്രീയ നേതാക്കൾ പരിസ്ഥിതി സ്നേഹവുമായി ഓടിയെത്തും. കീശ നിറയെ പണം കിട്ടിക്കഴിയുമ്പോൾ അവർ കൈയേറ്റക്കാരുടെ കാവൽക്കാരാകും. മാറിമാറി എത്തുന്ന ഉദ്യോഗസ്ഥരെയെല്ലാം കൈയേറ്റക്കാർക്ക് വേണ്ടി സ്വാധീനിക്കുന്നതും നിലയ്ക്ക് നിറുത്തുന്നതും ഇവരാണ്.

മിണ്ടാൻ ഭയന്ന് നാട്ടുകാർ

കൈയേറ്റക്കാരെ പ്രദേശവാസികൾക്ക് ഭയമാണ്. രണ്ട് വർഷം മുൻപ് കൈയേറ്റത്തിനെതിരെ ചായക്കടയിലിരുന്ന് സംസാരിച്ചയാളെ രാത്രി ഗുണ്ടാസംഘം ആക്രമിച്ചിരുന്നു. ആദ്യം തെങ്ങിൻകുറ്റികൾ അടിച്ച് മത്സ്യക്കൃഷിയായി തുടങ്ങും. പതുക്കെ കരിങ്കല്ലിറക്കി അടിസ്ഥാനം കെട്ടും. തൊട്ടുപിന്നാലെ പലപ്പോഴായി രാത്രികാലങ്ങളിൽ മണ്ണ് കൊണ്ടുവന്നാണ് കായൽ നികത്തുന്നതെന്ന് പ്രദേശവാസികൾ പറയുന്നു.