കൊല്ലം : ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്‌സിറ്റിയുടെ ലോഗോയിലൂടെ ഗുരുദേവനെയും ശ്രീനാരായണീയരെയും അപമാനിക്കുകയാണെന്ന് എസ്.എൻ.ഡി.പി യോഗം ശ്രീനാരായണാ പെൻഷണേഴ്സ് കൗൺസിൽ സംസ്ഥാന കോ ഒാർഡിനേറ്റർ പി.വി. രജിമോൻ പറഞ്ഞു. ലോഗോ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് ശ്രീനാരായണ ഓപ്പൺ യൂണിവേഴ്സിറ്റിയുടെ മുന്നിൽ പെൻഷണേഴ്സ് കൗൺസിൽ നടത്തിയ ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ശ്രീനാരായണ ഗുരുദേവന്റെ പേരിലുള്ള യൂണിവേഴ്സിറ്റിയുടെ ലോഗോയിൽ ഗുരുവിന്റെ രൂപം ദൃശ്യമാകുന്നില്ല. സംസ്ഥാന സർക്കാരിന്റെ നിയന്ത്രണത്തിലുള്ള കാലടി ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാലയുടെ ലോഗോയിൽ ശങ്കരാചാര്യരുടെ ചിത്രം വ്യക്തമാണ്. കലാപരമായും ലോഗോയെന്ന നിലയിലും ശരാശരിയിൽ താഴെ നിലവാരം മാത്രമാണ് ഇപ്പോൾ തിരഞ്ഞെടുത്ത ലോഗോയ്ക്കുള്ളത്. വിദ്യാർത്ഥികളെ ആകർഷിക്കുകയെന്ന പ്രഖ്യാപിതലക്ഷ്യം നിറവേറ്റാൻ ഈ ലോഗോ പര്യാപ്തമല്ല. ലോഗോയിൽ ശ്രീനാരായണ ഗുരു ഓപ്പൺ യൂണിവേഴ്സിറ്റിയെന്ന് ഇംഗ്ലീഷിൽ രേഖപ്പെടുത്തിരിക്കുന്നതു പോലും ഭാഷയുടെ അടിസ്ഥാന നിയമങ്ങൾ തെറ്റിച്ചുകൊണ്ടാണെന്നും അദ്ദേഹം വ്യക്തമാക്കി. കൗൺസിൽ പ്രസിഡന്റ് പ്രൊഫ. ജയചന്ദ്രൻ, കേന്ദ്ര കമ്മിറ്റി അംഗം ചവറ ഗണേശ് റാവു, സെക്രട്ടറി ഡോ. എം.എൻ. ദയാനന്ദൻ, കുണ്ടറ യൂണിയൻ കൗൺസിൽ പ്രസിഡന്റ് അംബുജാക്ഷ പണിക്കർ, സെക്രട്ടറി വിജയകുമാർ, കൊല്ലം യൂണിയൻ വൈസ് പ്രസിഡന്റ് വിമല ടീച്ചർ, ട്രസ്റ്റ് ബോർഡ് മെമ്പർ കുട്ടിക്കട ബേബി എന്നിവർ പങ്കെടുത്തു. ലോഗോ പിൻവലിക്കണമെന്നാവശ്യപ്പെട്ട് വൈസ് ചാൻസലർക്ക് കൗൺസിൽ നിവേദനം നൽകി.