ട്രാക്ക്, പീപ്പിൾസ് ഫോർ ആനിമൽസ് പ്രവർത്തകർ രക്ഷകരായി
കൊല്ലം: പ്ളാസ്റ്റിക് കുപ്പിയിൽ തല കുടുങ്ങിയ തെരുവുനായയ്ക്ക് രക്ഷകരായി ട്രാക്കും പീപ്പിൾ ഫോർ അനിമൽസും. തല പൂർണമായും കുപ്പിക്കുള്ളിലായതോടെ ശരിക്ക് ശ്വാസിക്കാനോ ഭക്ഷണം കഴിക്കാനോ മാർഗമില്ലാതെ വലഞ്ഞ മിണ്ടാപ്രാണിയെ ഒടുവിൽ കുപ്പി മുറിച്ചുമാറ്റിയാണ് രക്ഷപ്പെടുത്തിയത്.
ഇന്നലെ രാവിലെ പതിനൊന്നരയോടെയാണ് മയ്യനാട് വാളത്തുംഗൽ റെയിൽവേ ലെവൽ ക്രോസിന് സമീപത്ത് കഴുത്തിൽ പ്ലാസ്റ്റിക്ക് കുപ്പി കുരുങ്ങിയ നിലയിൽ തെരുവുനായയെ ട്രാക്ക് പ്രവർത്തകരായ അലൻ സാമുവൽ പ്ലാസിഡ്, സനൽ കുമാർ എന്നിവർ കണ്ടത്. ഇരുവരും ചേർന്ന് നായയെ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും അവിടെയുണ്ടായിരുന്ന മറ്റ് നായകളുടെ സാന്നിദ്ധ്യം രക്ഷാപ്രവർത്തനത്തിന് ബുദ്ധിമുട്ടായി.
ഇതോടെ അവർ പീപ്പിൾ ഫോർ ആനിമൽസ് പ്രവർത്തകരുടെ സഹായം ആവശ്യപ്പെട്ടു. ഒപ്പം ട്രാക്ക് പ്രവർത്തകനും മൃഗക്ഷേമ പ്രവർത്തകനുമായ ടൈറ്റസ് ഡേവിഡിനെയും വിവരം അറിയിച്ചു. തുടർന്ന് പീപ്പിൾ ഫോർ ആനിമൽസ് പ്രവർത്തകരായ ശ്യാം, സോണി എന്നിവരുടെ സഹായത്തോടെ നായയെ വലയിട്ട് പിടിച്ച ശേഷമാണ് കുപ്പി മുറിച്ചുമാറ്റിയത്.