child

കൊല്ലം: കല്ലുവാതുക്കൽ ഊഴായ്ക്കോട് ക്ഷേത്രത്തിനു സമീപത്തെ പുരയിടത്തിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയ ജനിച്ച് മണിക്കൂറുകൾ മാത്രമായ ആൺകുഞ്ഞ് ആശുപത്രിയിൽ മരിച്ചു. ഇന്നലെ രാത്രി ഏഴരയോടെ തിരുവനന്തപുരം എസ്.എ.ടി ആശുപത്രിയിലായിരുന്നു മരണം. ഇന്നലെ രാവിലെ 6 മണിയോടെയാണ് ഊഴായ്ക്കോട് സുദർശനൻ പിള്ളയുടെ പുരയിടത്തിൽ കുഞ്ഞിനെ കണ്ടെത്തിയത്. വസ്ത്രമില്ലാതെ കരിയിലകൊണ്ട് മൂടിയ നിലയിലായിരുന്നു ശിശു.

സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നതിങ്ങനെ - രാവിലെ നാല് മണിയോടെ കുട്ടിയുടെ കരച്ചിൽ കേട്ട് സുദർശനൻ പിള്ള നോക്കിയപ്പോൾ മുറ്റത്ത് പൂച്ചകൾ നിൽക്കുന്നത് കണ്ടു. കേട്ടത് പൂച്ചകളുടെ ശബ്ദമാണെന്ന് കരുതി കതകടച്ച് ഉറങ്ങി. രാവിലെ പുറത്തിറങ്ങിയ വീട്ടുകാർ പുരയിടത്തിൽ കുട്ടിയുടെ ശബ്ദം കേട്ട് നോക്കിയപ്പോഴാണ് പൊക്കിൾക്കൊടിപോലും മുറിച്ചുമാറ്റാത്ത അവസ്ഥയിൽ കുഞ്ഞിനെ കണ്ടത്. പൊലീസെത്തി കുഞ്ഞിനെ പാരിപ്പള്ളി മെഡി. കോളേജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു. ശ്വാസതടസവും ഹൃദയമിടിപ്പിൽ വ്യതിയാനവുമുണ്ടായതോടെ കുഞ്ഞിനെ വൈകിട്ട് എസ്.എ.ടിയിലേക്ക് മാറ്റി. പൂർണ വളർച്ചയെത്തിയ കുഞ്ഞിന് മൂന്ന് കിലോ ഭാരമുണ്ട്. ജില്ലാ ചൈൽഡ് വെൽഫെയർ കമ്മിറ്റി ചെയർമാൻ അഡ്വ. കെ.പി. സജിനാഥിന്റെ നേതൃത്വത്തിലുള്ള സംഘം പാരിപ്പള്ളി മെഡി. കോളേജിലെത്തി കുഞ്ഞിനെ നിയമപരമായി ഏറ്റെടുത്തിരുന്നു.

ശ്വാസകോശത്തിലെ അണുബാധയാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. ഇന്ന് പോസ്റ്റ്മോർട്ടത്തിന് ശേഷം തിരുവനന്തപുരത്തുതന്നെ സംസ്കരിക്കാനാണ് സാദ്ധ്യത. ഡി.എൻ.എ പരിശോധനയ്ക്കായി കുഞ്ഞിന്റെ സാമ്പിളുകൾ ശേഖരിക്കും. കുഞ്ഞിനെ ആശുപത്രിയിലെത്തിക്കുമ്പോൾ ജനിച്ച് 12 മണിക്കൂറേ പിന്നിട്ടിരുന്നുള്ളൂവെന്ന് പാരിപ്പള്ളി മെഡി. കോളേജ് അധികൃതർ പറഞ്ഞു.വിരലടയാള വിദഗ്ദ്ധരും ഡോഗ് സ്ക്വാഡും പരിശോധന നടത്തി. പൊലീസ് നായ മണം പിടിച്ചു തൊട്ടടുത്ത തോട്ടുവരുമ്പിലൂടെ സമീപത്തെ കുളത്തിൻ കരയിലെത്തി മടങ്ങി. കുഞ്ഞിനെ ഉപേക്ഷിച്ചവർ കുളത്തിൽ കൈകാൽ കഴുകി സ്ഥലം വിട്ടതാകാമെന്നാണ് നിഗമനം.