watertank
watertank

അറ്റകുറ്റപ്പണികൾ നടത്താതെ കുടിവെള്ള പദ്ധതികൾ

തഴവ: വേനൽ ആരംഭിച്ചതോടെ കുലശേഖരപുരം, തഴവ പഞ്ചായത്തുകളിൽ കുടിവെള്ള ക്ഷാമം രൂക്ഷമാകുന്നു.

കുലശേഖരപുരം വള്ളിക്കാവ്, കാട്ടിൽ കടവ്, തുറയിൽ കടവ്, കമ്യൂണിറ്റി ഹാൾ വാർഡ് , ശക്തികുളങ്ങര, കോട്ടയ്ക്കു പുറം, തഴവ കടത്തൂർ , പാവുമ്പ മേഖലകളിലെ ആളുകൾ കുടിവെള്ളത്തിനായി നെട്ടോട്ടമോടുകയാണ്.

പഞ്ചായത്ത് പ്രദേശങ്ങളിൽ കുടിവെള്ളമെത്തിക്കുന്നതിന് കാലാകാലങ്ങളിൽ ലക്ഷക്കണക്കിന് രൂപ ചെലവഴിച്ച് സർക്കാർ നിരവധി പദ്ധതികൾ ആരംഭിക്കാറുണ്ടെങ്കിലും അത് യഥാസമയം അറ്റകുറ്റപ്പണികൾ നടത്തി സംരക്ഷിക്കുന്നതിൽ അധികൃതർ തികഞ്ഞ അനാസ്ഥയാണ് തുടരുന്നത്. അതുകൊണ്ട് തന്നെ പല പദ്ധതികളും പാഴായിപോകുകയും ചെയ്തു. മേഖലകളിലെ ജലക്ഷാമം പരിഹരിക്കാൻ തദ്ദേശീയ സ്രോതസുകൾ ഉപയോഗപ്പെടുത്തണമെന്നതാണ് നാട്ടുകാരുടെ ആവശ്യം. പലയിടത്തും വലിയ തുക നൽകി ടാങ്കറുകളിൽ കുടിവെള്ളമെത്തിക്കുന്നത് പതിവായി. എന്നാൽ നിസാര പ്രശ്നങ്ങളുടെ പേരിൽ മുടങ്ങിക്കിടക്കുന്ന പദ്ധതികൾ പുനഃസ്ഥാപിക്കാൻ നടപടിയില്ല. ജല അതോറിട്ടി ഉദ്യോഗസ്ഥരും അറ്റകുറ്റപണികൾ ഏറ്റെടുക്കുന്നവരും ടാങ്കറുകളിൽ കുടിവെള്ളമെത്തിക്കുന്നവരും തമ്മിലുള്ള അവിശുദ്ധ കൂട്ടുകെട്ടാണ് പല പദ്ധതികളും അവതാളത്തിലാക്കുന്നതെന്ന് നാട്ടുകാർ ആരോപിക്കുന്നു.

കുലശേഖരപുരത്ത് ടാങ്കർ വെള്ളത്തിന് 20 ലക്ഷം

ടാങ്കറിലുള്ള കുടിവെള്ള വിതരണത്തിന് കഴിഞ്ഞ മൂന്ന് വർഷമായി പ്രതിവർഷം ഇരുപത് ലക്ഷം രൂപ വരെയാണ് കുലശേഖരപുരം ഗ്രാമ പഞ്ചായത്ത് ചെലവഴിക്കുന്നത്. എന്നാൽ പഞ്ചായത്തിൽ നിലവിലുള്ള കുടിവെള്ള വിതരണ സംവിധാനങ്ങളെ പൂർണമായും ഉപയോഗിക്കാൻ അധികൃതർ നടപടി സ്വീകരിക്കാറില്ല.

കുലശേഖരപുരം പഞ്ചായത്തിൽ പുതിയ മൂന്ന് കുടിവെള്ള പദ്ധതികൾക്ക് നിർമ്മാണ അനുമതി ലഭിച്ചിട്ട് ഒരു വർഷം പിന്നിടുകയാണ്.

തഴവ 5 ലക്ഷം

തഴവ ഗ്രാമ പഞ്ചായത്ത് പ്രതിവർഷം അഞ്ച് ലക്ഷം രൂപ വരെയാണ് ടാങ്കർ ഉപയോഗിച്ചുള്ള കുടിവെള്ള വിതരണത്തിന് ചെലവഴിക്കുന്നത്. ഇവിടെ കാലപ്പഴക്കം ചെന്ന പൈപ്പുകളിൽ ഉയർന്ന മർദ്ദത്തിൽ പമ്പ് ചെയ്യുവാൻ കഴിയാത്തതാണ് പ്രതിസന്ധിക്ക് കാരണമാകുന്നത്. പഞ്ചായത്ത് പ്രദേശത്ത് നിലവിലുള്ള കുടിവെള്ള ക്ഷാമം പരിഹരിക്കാനും കുടിവെള്ള വിതരണ സംവിധാനങ്ങൾ പരിശോധിച്ച് പ്രയോജനപ്പെടുത്താനും അധികൃതർ തയ്യാറാകണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.