കഴിഞ്ഞ മാസം 9.80 ലക്ഷം രൂപ വരുമാനം
പുനലൂർ:കൊവിഡിനെ തുടർന്ന് എട്ട് മാസം അടച്ച് പൂട്ടിയിരുന്ന തെന്മല ഇക്കോ ടൂറിസം മേഖലയിൽ ഇപ്പോൾ വിനോദ സഞ്ചാരികളുടെ തിരക്കേറുന്നു. കൊല്ലം, തിരുവനന്തപുരം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം തുടങ്ങിയ ജില്ലകൾക്ക് പുറമെ അയൽ സംസ്ഥാനങ്ങളിൽ നിന്നുള്ള വിനോദസഞ്ചാരികളാണ് തെന്മലയിലേക്ക് കുടുംബ സമേതം എത്തിക്കൊണ്ടിരിക്കുന്നത്. സഞ്ചാരികളുടെ തിരക്ക് വർദ്ധിച്ചതോടെ കഴിഞ്ഞ മാസം 9.80 ലക്ഷം രൂപയാണ് വരുമാനമായി ലഭിച്ചെന്ന് അധികൃതർ അറിയിച്ചു.കൊവിഡിന് മുമ്പ് ഒരുമാസം 27.42ലക്ഷം രൂപ വരെ ടിക്കറ്റ് ചാർജ്ജ് ഇനത്തിൽ വരുമാനമായി ലഭിച്ചിരുന്നു. എന്നാൽ സഞ്ചാരികളുടെ തിരക്ക് വർദ്ധിച്ചതോടെ വരുമാനത്തിൽ ഇതിലും ഗണ്യമായ വർദ്ധനവ് ഉണ്ടാകുമെന്നും അധികൃതർ പറഞ്ഞു.
സഞ്ചാരികളെ ആകർഷിക്കാൻ
ശനി, ഞായർ ദിവസങ്ങളിലാണ് തിരക്ക് കൂടുതൽ. ആധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ച് കഴിഞ്ഞ വർഷം പ്രവർത്തനം ആരംഭിച്ച ലൈറ്റ് ആൻഡ് സൗണ്ട് ഷോയും വാട്ടർ ഫൗണ്ടനുമാണ് സഞ്ചാരികളെ ഏറെ ആകർഷിക്കുന്നത്. ഇത് കൂടാതെ എർത്ത് ഡാമിലെ ജലാശയങ്ങളിൽ സജ്ജമാക്കിയിട്ടുളള ഉല്ലാസ ബോട്ട് യാത്രക്കിടെ കാട്ടാന, കാട്ട് പോത്ത്, കടുവ, പുലി, മ്ലാവ്, മാൻ, കാട്ട് പന്നി എന്നിവയ്ക്ക് പുറമെ വിവിധയിനം പക്ഷികളെയും നേരിൽ കണ്ട് ആസ്വദിക്കാൻ കഴിയുമെന്ന പ്രത്യേകതയും ഉണ്ട്. ദേശീയ പാതയോരത്തെ ഒറ്റക്കല്ലിൽ പ്രത്യേകം സജ്ജമാക്കിയ കുട്ടി വനത്തിൽ 50 ഓളം മാനുകളെയാണ് വളർത്തുന്നത്.ഇതിനെ നേരിൽ കാണാനുളള വൻ തിരക്കാണ് ഓരോ ദിവസവും.
കടുത്ത നിയന്ത്രണങ്ങളോടെ
കൊവിഡിനെ തുടർന്ന് കന സുരക്ഷാ സംവിധാനങ്ങളോടെയാണ് ആളുകളെ തെന്മലയിലേക്ക് കടത്തി വിടുന്നത്.മാസക്, സാനിറ്റൈസർ തുടങ്ങിയവ നിർബന്ധമായും ഉപയോഗിച്ചിരിക്കണം.സഞ്ചാരികളുടെ താപ നിലയും പരിശോധിക്കും.