കൊല്ലം: സൊമാനിയ ഗ്രൂപ്പ് പിൻവാങ്ങിയതോടെ അടച്ചുപൂട്ടലിന്റെ വക്കോളമെത്തിയ അലൂമിനിയം ഇൻഡസ്ട്രീസ് ലിമിറ്റഡിനെ (അലിൻഡ്) കരകയറ്രാൻ 1996ൽ കേരള സർക്കാർ സജീവ ഇടപെടലുമായി രംഗത്തെത്തിയിരുന്നു. പക്ഷേ തിരിച്ചുകയറാനാകാത്ത വിധം കൂപ്പുകുത്തിയ കമ്പനിയെ സംരക്ഷിക്കാൻ സർക്കാരിനുമായില്ല.
ബോർഡ് ഫോർ ഇൻഡസ്ട്രിയൽ ആൻഡ് റീകൺസ്ട്രക്ഷൻ (ബി.ഐ.എഫ്.ആർ) കാരണംകാണിക്കൽ നോട്ടീസ് പ്രസിദ്ധീകരിച്ച സാഹചര്യത്തിൽ അന്നത്തെ വ്യവസായ മന്ത്രിയായിരുന്ന സുശീലാ ഗോപാലനാണ് അലിൻഡിനെ സംരക്ഷിക്കാൻ മുൻകൈയെടുത്തത്. ഉത്പാദന യൂണിറ്റുകൾ നഷ്ടത്തിലാകില്ലെന്നും പുനരുദ്ധാരണത്തിന് സംസ്ഥാന സർക്കാർ മുൻകൈ എടുക്കുമെന്നും 1996 സെപ്തംബർ 25ന് വ്യവസായ വകുപ്പ് ബി.ഐ.എഫ്.ആറിനെ രേഖാമൂലം അറിയിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ ബി.ഐ.എഫ്.ആർ അടച്ചുപൂട്ടൽ നടപടികൾ അവസാനിപ്പിച്ചു.
തുടർന്ന് അന്നത്തെ വൈദ്യുതി വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി കെ. മോഹനചന്ദ്രൻ കമ്പനിയുടെ നടത്തിപ്പുകാരനായി ചുമതലയേറ്റു.
സർക്കാരിന്റെ പൂർണ നിയന്ത്രണത്തിലായെങ്കിലും ശമ്പള കുടിശിക, പ്രോവിഡന്റ് ഫണ്ട്, ഇ.എസ്.ഐ ഗഡു മുതലായവ അടയ്ക്കാനുള്ള ശേഷിയില്ലാതായതോടെ 1998 നവംബർ 30ന് അലിഡിൽ ഉത്പാദനം നിറുത്തിവച്ചു.
ആസ്തികളിൽ കണ്ണുടക്കി വ്യവാസിയകൾ
ആഗോളവത്കരണത്തിന്റെ ഫലമായി ഭൂമിക്ക് ക്രമാതീതമായി വില വർദ്ധിക്കാൻ തുടങ്ങിയതോടെ ആയിരക്കണക്കിന് കോടി രൂപ വിലമതിക്കുന്ന അലിൻഡിന്റെ ആസ്തികളിൽ കണ്ണുടക്കിയ വ്യവസായികളുടെ കുത്തൊഴുക്കാണ് പിന്നീട് ഉണ്ടായത്. ഇതേത്തുടർന്ന് 2005ൽ മൂന്ന് പുനരുദ്ധാരണ പാക്കേജുകൾക്ക് ബി.ഐ.എഫ്.ആർ അംഗീകാരം നൽകി.
പുതിയ പദ്ധതി പ്രകാരം ഹൈദരാബാദ്, തിരുവനന്തപുരം, ഒഡിഷ, മാന്നാർ എന്നിവിടങ്ങളിലെ യൂണിറ്റുകൾ ഏറ്റെടുക്കാൻ വിവിധ കമ്പനികളും വ്യവസായികളും രംഗത്തെത്തി. അതേസമയം, പുനരുദ്ധാരണ പാക്കേജുകൾ സമർപ്പിക്കാൻ കഴിയാത്തതോടെ കുണ്ടറയിലെ യൂണിറ്റ് പൊളിച്ചുവിൽക്കാനും ഉത്തരവായി.
വീണ്ടും പിടിമുറുക്കാൻ സൊമാനിയ
ബി.ഐ.എഫ്.ആറിന്റെ നടപടിക്കെതിരെ സൊമാനിയ ഗ്രൂപ്പ് അപ്പല്ലേറ്റ് അതോറിറ്റി ഫോർ ഇൻഡസ്ട്രിയൽ ആൻഡ് ഫിനാൻഷ്യൽ റീകൺസ്ട്രക്ഷന് (എ.എ.ഐ.എഫ്.ആർ) മുമ്പാകെ അപ്പീൽ സമർപ്പിച്ചു. മുൻ പ്രൊമോട്ടർ എന്ന നിലയിൽ കമ്പനിയുടെ എല്ലാ യൂണിറ്റുകളും പുനരുദ്ധരിക്കുന്നതിന് അവസരം നൽകണമെന്നായിരുന്നു അവരുടെ ആവശ്യം. 2007 ഫെബ്രുവരി 6ന് എ.എ.ഐ.എഫ്.ആർ നാല് നിർദ്ദേശങ്ങളോടെ സൊമാനിയയ്ക്ക് അനുകൂലമായി ഉത്തരവിറക്കി. എന്നാൽ നാലിൽ മൂന്ന് നിർദ്ദേശവും അവഗണിച്ചുകൊണ്ട് അലിൻഡിൽ തങ്ങളുടെ പ്രതിനിധികളെ മാത്രം നിയമിച്ച് സൊമാനിയ ആധിപത്യമുറപ്പിച്ചു.
ഓർഡിനൻസുമായി സർക്കാർ
സൊമാനിയയുടെ യഥാർത്ഥ ഉദ്ദേശം പുനരുദ്ധാരണമല്ലന്ന് മനസിലാക്കിയ അന്നത്തെ വ്യവസായ വകുപ്പ് മന്ത്രി എളമരം കരീം മുൻകൈയെടുത്ത് 2010 ജൂലായ് 28ന് അലിൻഡിനെ സംസ്ഥാന സർക്കാർ ഏറ്റെടുത്തതായി ഓർഡിനൻസ് പുറപ്പെടുവിച്ചു. അലിൻഡിന് മറ്റു സംസ്ഥാനങ്ങളിലും ആസ്തികൾ ഉള്ളതിനാൽ ഓർഡിനൻസ് കേന്ദ്ര സർക്കാരിന്റെ അംഗീകാരത്തിനായി അയച്ചു.
2011 മേയ് 11നാണ് കേന്ദ്ര സർക്കാരിൽ നിന്ന് മറുപടി ലഭിച്ചത്. ഇതിൻപ്രകാരം ഏറ്റെടുക്കലിന് കേന്ദ്ര സർക്കാരിന്റെ അനുമതി വേണ്ടെന്നും നിയമസഭയിൽ ബില്ല് അവതരിപ്പിച്ച് പാസാക്കാനുമായിരുന്നു നിർദ്ദേശം. എന്നാൽ തുടർന്നുവന്ന സർക്കാർ വേണ്ട നടപടികൾ സ്വീകരിക്കാത്തതോടെ അവസരം മുതലെടുത്ത് സൊമാനിയ ഗ്രൂപ്പ് വീണ്ടും രംഗപ്രവേശം ചെയ്യുകയായിരുന്നു.