plastic
നഗരസഭ ആരോഗ്യവിഭാഗം പിടിച്ചെടുത്ത നിരോധിത പ്ലാസ്റ്റിക് ഉല്പന്നങ്ങൾ

കൊല്ലം: കൊവിഡ് വന്നതോടെ നിലച്ച പ്ലാസ്റ്റിക് പരിശോധന നഗരത്തിൽ വീണ്ടും പുനരാരംഭിക്കുന്നു. പ്ലാസ്റ്റിക് ഉപയോഗം വ്യാപകമായ സാഹചര്യത്തിലാണ് നഗരസഭാ ആരോഗ്യ വിഭാഗത്തിന്റെ നടപടി.

പ്ലാസ്റ്റിക് ക്യാരി ബാഗുകളുടെയും ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ആവരണമുള്ള പേപ്പർ ഗ്ലാസുകളുടെയും പ്ലേറ്റുകളുടെയും നിരോധനം നിലവിൽ വന്നതിന് പിന്നാലെ നഗരത്തിൽ പരിശോധന വ്യാപകമാക്കിയിരുന്നു. ഗോഡൗണുകളിൽ രഹസ്യമായി സൂക്ഷിച്ചിരുന്ന ലക്ഷക്കണക്കിന് രൂപയുടെ പ്ലാസ്റ്റിക് ഉത്പന്നങ്ങൾ ഇത്തരത്തിൽ പിടിച്ചെടുത്തിരുന്നു.

കൊവിഡ് കാലത്ത് രോഗവ്യാപനം ഒഴിവാക്കാൻ ഒറ്റത്തവണ ഉപയോഗിക്കുന്ന ഗ്ലാസുകളും പ്ലേറ്റുകളും ആവശ്യമായി വന്നു. ഇതോടെ ആരോഗ്യവിഭാഗം പരിശോധനയും നിറുത്തിവച്ചു. ഇത് മുതലെടുത്താണ് നഗരത്തിലേക്ക് വൻതോതിൽ പ്ലാസ്റ്റിക് എത്തിത്തുടങ്ങിയത്. പൊതുസ്ഥലങ്ങളിലടക്കം പ്ലാസ്റ്റിക് കവറുകളിൽ മാലിന്യം വലിച്ചെറിഞ്ഞ് തുടങ്ങിയതോടെയാണ് വീണ്ടും നടപടി ശക്തമാക്കുന്നത്.

ഇന്നലെ പിടികൂടി 100 കിലോ

നഗരസഭാ ആരോഗ്യവിഭാഗം കടപ്പാക്കട, കിളികൊല്ലൂർ, കച്ചേരി, തേവള്ളി എന്നിവിടങ്ങളിലെ വ്യാപാര സ്ഥാപനങ്ങളിലും ചന്തകളിലും നടത്തിയ പരിശോധനയിൽ നൂറുകിലോ നിരോധിത പ്ലാസ്റ്റിക് ഉത്പന്നങ്ങൾ ഇന്നലെ പിടിച്ചെടുത്തു. ഹെൽത്ത് ഇൻസ്പെക്ടർമാരായ ജി.എസ്. സുരേഷ്, ഡി. പ്രസന്നകുമാർ, ഡി. പ്രശാന്ത്, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ കെ. വിനോദ് കുമാർ, ആർ. ബിജോയി ചന്ദ്രൻ, ധന്യ ആർ. പിള്ള, ദിവ്യ, ആർ. അഖില, ടി.എസ്. പ്രീത, റജീന മോൾ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന. വരുംദിവസങ്ങളിലും പരിശോധന തുടരുമെന്ന് നഗരസഭാ സെക്രട്ടറി അറിയിച്ചു.