photo
വാട്ടർ അതോരിറ്റി ഓഫീസിന് മുന്നിൽ ബി.ജെ.പി സംഘടിപ്പി ഉപരോധ സമരം.

കരുനാഗപ്പള്ളി.കുടിവെള്ള ക്ഷാമം പരിഹരിക്കുന്നതിൽ അധികൃതർ കാണിക്കുന്ന അനാസ്ഥയിൽ പ്രതിഷേധിച്ച് കുലശേഖരപുരം ഗ്രാമപഞ്ചായത്തിലെ ജനപ്രതിനിധികളായ അജീഷ്, ആര്യ രാജ് എന്നിവരുടെ നേതൃത്വത്തിൽ നാട്ടുകാർ ഇടപ്പള്ളികോട്ടയിലെ വാട്ടർ അതോറിട്ടി ഓഫീസ് ഉപരോധിച്ചു.രാവിലെ 8 മണിക്ക് ആരംഭിച്ച ഉപരോധ സമരം വൈകിട്ട് 5 മണിയോടെയാണ് സമാപിച്ചത്. കുടിവെള്ള ക്ഷാമം പരിഹരിക്കാൻ അടിയന്തര നടപടികൾ സ്വീകരിക്കുമെന്ന് ഉയർന്ന ഉദ്യോഗസ്ഥരിൽ നിന്നും ലഭിച്ച ഉറപ്പിനെ തുടർന്ന് സമരത്തിൽ നിന്ന് പിന്മാറുകയായിരുന്നു. ഓഫീസ് ഉപരോധത്തെ തുടർന്ന് ജീവനക്കാർക്ക് ഓഫീസിൽ പ്രവേശിക്കാൻ കഴിഞ്ഞില്ല. കുലശേഖരപുരം തീരദേശങ്ങളിലെ ജനങ്ങൾ കുടിവെള്ളത്തിനായി വാട്ടർ അതോറിട്ടിയുടെ പൈപ്പ് ലൈനിൽ നിന്നുള്ള വെള്ളമാണ് ആശ്രയിക്കുന്നത്.കുടിവെള്ള ക്ഷാമം രൂക്ഷമായിട്ടും ഇവിടെ സ്ഥാപിക്കുന്ന കുഴൽ കിണറിന്റെ പണി പൂർത്തിയാക്കുന്നതിനോ, ടാങ്കറുകളിൽ വെള്ളമെത്തിക്കുന്നതിനോ ബന്ധപ്പെട്ടവർ തയ്യാറാകുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി.കുടിവെള്ളം എത്തിക്കുന്നതിൽ ഗ്രാമപഞ്ചായത്ത് അധികൃതർ അടിയന്തര നടപടികൾ സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെടുന്നു. .ഉപരോധസമരം ബി. ജെ .പി ജില്ലാ സെക്രട്ടറി വെറ്റമുക്ക് സോമൻ ഉദ്ഘാടനം ചെയ്തു.