കൊല്ലം : അവസാനഘട്ടവും വിജയകരമായി പൂർത്തിയാക്കിയ ശേഷമാണ് കൊവിഡ് വാക്‌സിനുകൾ ജനങ്ങൾക്കായി നൽകുന്നതെന്നും 28 ദിവസത്തെ ഇടവേളയിൽ രണ്ടു ഡോസാണ് എടുക്കേണ്ടതെന്നും ജില്ലയിലെ ആരോഗ്യ വകുപ്പ് അറിയിച്ചു.രണ്ട് ഡോസും കൃത്യമായി എടുത്താലേ പ്രതിരോധം ഫലപ്രദമാവുകയുള്ളൂ. സർക്കാർ, സ്വകാര്യ മേഖലകളിലെ ആരോഗ്യപ്രവർത്തകർക്കാണ് പ്രഥമ പരിഗണന. മുൻനിര കൊവിഡ് പ്രവർത്തകർക്കും സന്നദ്ധ സേവകർക്കും രണ്ടാംഘട്ടത്തിൽ വാക്‌സിൻ കുത്തിവയ്പ് നൽകും. അമ്പത് വയസിനു മുകളിലുള്ളവർക്കും പ്രമേഹം, ഹൈപ്പർ ടെൻഷൻ, വൃക്ക സംബന്ധമായ തകരാർ, കാൻസർ തുടങ്ങിയ മാരക രോഗങ്ങളുള്ള 50 വയസിനു താഴെയുള്ളവർക്കും തുടർന്ന് വാക്‌സിനേഷൻ ലഭ്യമാക്കും. ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ആർ. ശ്രീലതയാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.
ഗർഭിണികൾക്കും 18 വയസിൽ
താഴെയുള്ളവർക്കും വേണ്ട
ഗർഭിണികൾ, 18 വയസിനു താഴെ പ്രായമുള്ളവർ എന്നിവർക്ക് തത്കാലത്തേയ്ക്ക് വാക്‌സിൻ എടുക്കേണ്ടതില്ല. ക്ലിനിക്കൽ ട്രയൽ, ഗവേഷണ പഠനപ്രവർത്തനങ്ങൾ തുടങ്ങിയവ ഇതുവരെ പൂർത്തീകരിച്ചിട്ടില്ലാത്തതിനാലാണ് ഇക്കൂട്ടരെ ഒഴിവാക്കുന്നത്. 12 വയസിന് മുകളിൽ പ്രായമുള്ളവർക്കുള്ള വാക്‌സിൻ പരീക്ഷണ ഘട്ടത്തിലാണ്. കൊവിഡ് ഭേദമായവർക്കും വാക്‌സിനെടുക്കാം.
പനി, ചുമ തുടങ്ങിയ രോഗലക്ഷണങ്ങളുള്ളവർ അവ ഭേദമായി രണ്ടാഴ്ച കഴിഞ്ഞ് വാക്‌സിനെടുത്താൽ മതി.
പ്രത്യേകം രജിസ്‌ട്രേഷൻ
വാക്‌സിനേഷനുവേണ്ടി പ്രത്യേകം രജിസ്‌ട്രേഷൻ ചെയ്യണം. 'കോവിൻ' പോർട്ടലിൽ രജിസ്റ്റർ ചെയ്യുന്നവർക്കും മുൻഗണനാപട്ടികയിൽ ഉള്ളവർക്കും മാത്രമേ വാക്‌സിൻ ലഭിക്കൂ. രജിസ്‌ട്രേഷൻ സംബന്ധിച്ച വിവരങ്ങൾ പിന്നീട് നൽകും. കാൻസർ, പ്രമേഹം, ഹൈപ്പർ ടെൻഷൻ, കിഡ്‌നി സംബന്ധമായ അസുഖങ്ങൾ തുടങ്ങിയവയുള്ളവർ ഹൈ റിസ്‌ക് ഗ്രൂപ്പായതിനാൽ നിർബന്ധമായും വാക്‌സിനെടുക്കണം.