elephant
elephant

പത്തനാപുരം: മലയോരത്ത് ദിനംപ്രതി പെരുകുന്ന കാട്ടാനശല്യത്തിൽ പൊറുതിമുട്ടി ജനം . പകലെന്നോ രാത്രിയെന്നോ ഇല്ലാതെ കാട്ടാന കുട്ടം നാട്ടിലേക്കിറങ്ങുന്നു. വിദ്യാർത്ഥികൾക്കും തൊഴിലാളികർക്കും വീടിന് പുറത്ത് ഇറങ്ങാനാകാത്ത അവസ്ഥയാണ്. ജനപ്രതിനിതികളോടും വനം വകുപ്പ്,​ സ്റ്റേറ്റ് ഫാമിംഗ് കോർപ്പറേഷൻ അധികൃതരോടും പരാതി പറഞ്ഞ് മടുത്തിരിക്കുകയാണ് നാട്ടുകാർ. കടശ്ശേരി,​ വെള്ളം തെറ്റി,​ മുള്ളു മല,​ കോട്ടക്കയം,​പാടം തുടങ്ങിയ മേഖലകളിലാണ് കാട്ടാനയുടെ അതിക്രമണം രൂക്ഷമാകുന്നത്. അടിയന്തര നടപടി സ്വീകരിക്കണമെന്നും കൃഷി നാശത്തിന് നഷ്ടപരിഹാരം നൽകാൻ നടപടി സ്വീകരിക്കണമെന്നും സി..പി.എം ഏരിയാ കമ്മിറ്റിയംഗവും സംസ്ഥാന ഫാം വർക്കേഴ്സ് ഫെഡറേഷൻ സി.ഐ.ടി.യു പ്രസിഡന്റു മായ കറവൂർ എൽ. വർഗീസ് ആവശ്യപ്പെട്ടു.

ശാശ്വത പരിഹാരം വേണം

പ്രദേശവാസികളുടെ കൃഷി പൂർണമായി വന്യമൃഗങ്ങൾ നശിപ്പിക്കുന്നുണ്ട്. കാട്ടാനയും പന്നിയുംകുരങ്ങും കരടിയും കടുവയും പുലിയും തുടങ്ങിയ വന്യമൃഗങ്ങളെ ഭയന്നാണ് ഇവിടെ ജനങ്ങൾ താമസിക്കുന്നതും യാത്ര ചെയ്യുന്നതും. വന്യമൃഗശല്യത്തിന് ശാശ്വത പരിഹാരം കാണാൻ ജന പ്രതിനിധികൾ മുന്നോട്ട് വരണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്. കഴിഞ്ഞ രാത്രിയിൽ കാട്ടാന ഇറങ്ങി നാട്ടുകാരനായ എൻ.ഷിൻസിയുടെ കൃഷി പൂർണമായി തകർത്തു. വിവരം പറയാൻ വനപാലകരെ വിളിച്ചപ്പോൾ ഫോണുകൾ സ്വിച്ച് ഒഫ് ആണ്. കുട്ടികളും വീട്ടമ്മമാരും മാത്രമുള്ള വീടുകളിൽ രാത്രി വന്യമൃഗങ്ങളെ ഭയന്ന് ആരും ഉറങ്ങാറില്ല. വന്യമൃഗശല്യത്തിൽ നിന്നും ജനങ്ങളെ സംരക്ഷിക്കാൻ നടപടി സ്വീകരിക്കണം. അല്ലെങ്കിൽ ശക്തകമായ പ്രക്ഷോഭം ആരംഭിക്കുമെന്നും നാട്ടുകാർ പറയുന്നു.