കൊട്ടിയം: പിതാവിനെ തല്ലിയെന്നാരോപിച്ച് പുതുവത്സരത്തലേന്ന് ആളുമാറി യുവാവിനെ കുത്തിപ്പരിക്കേൽപ്പിച്ച ആക്രമികളെ കണ്ണനല്ലൂർ പൊലീസ് പിടികൂടി. ചേരിക്കോണം ഷർമി മൻസിലിൽ ഷഹാർ (21), പള്ളിമൺ ചാലക്കര പുത്തൻ വീട്ടിൽ മുഹമ്മദ് അസ്ലം (22) എന്നിവരാണ് അറസ്റ്റിലായത്. മറ്റൊരു യുവാവിനെ കാത്ത് പ്രതികൾ പതിയിരുന്ന സ്ഥലത്തേയ്ക്ക് അപ്രതീക്ഷിതമായി കടന്നുവന്ന കണ്ണനല്ലൂർ പാലമുക്ക് സ്വദേശിയായ യുവാവാണ് ആക്രമണത്തിന് ഇരയായത്.
ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ യുവാവിനെ ആദ്യം കൊട്ടിയത്തെ സ്വകാര്യ ആശുപത്രിയിലും തുടർന്ന് തിരുവനന്തപുരത്തെ സ്വകാര്യ മെഡി. കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഇയാൾ ഇതുവരെ അപകടനില തരണം ചെയ്തിട്ടില്ല.
ചാത്തന്നൂർ അസിസ്റ്റന്റ് കമ്മിഷണർ ഷൈനു തോമസിന്റെ നിർദ്ദേശാനുസരണം കണ്ണനല്ലൂർ പൊലീസ് ഇൻസ്പെക്ടർ യു.പി. വിപിൻ കുമാറിന്റെ നേതൃത്വത്തിൽ എസ്.ഐമാരായ രഞ്ജിത്ത്, സുന്ദരേശൻ, പ്രൊബേഷണറി എസ്.ഐ രതീഷ്, എ.എസ്.ഐ സതീഷ്, സി.പി.ഒമാരായ അരുൺ കുമാർ, ഷമീർ ഖാൻ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
പ്രതികളെ കൊട്ടാരക്കര ജുഡിഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.