c

കൊല്ലം : ജില്ലയിൽ പലയിടങ്ങളിലും കൂണുപോലെ മുളച്ചുപൊങ്ങുകയാണ് മത്സ്യസ്റ്റാളുകൾ. കൃത്യമായ വില നിശ്ചയിച്ചിട്ടില്ലാത്തതിനാൽ ഉപഭോക്താക്കളിൽ നിന്ന് തോന്നുംപടിയാണ് ഇവർ പണം ഈടാക്കുന്നത്. കിഴക്കൻ മേഖലകളിൽ മത്സ്യസ്റ്റാളുകളുടെ മുന്നിൽ നീണ്ടകര, വാടി മത്സ്യങ്ങൾ എന്ന ബോർഡ് വച്ചാണ് വില്പന. എന്നാൽ 'പെട്ടിമീനുകൾ' എന്നറിയപ്പെടുന്ന അന്യസംസ്ഥാനത്ത് നിന്നുള്ള മത്സ്യങ്ങളും ഇക്കൂട്ടത്തിൽ വിൽക്കുന്നുണ്ട്. ഇവയിലധികവും ചൂര, ചാള ഇനത്തിൽപ്പെടുന്നവയാണ്. കായൽ മത്സ്യങ്ങളെന്ന പേരിൽ വിൽക്കുന്നവയിലധികവും വളർത്തുമീനുകളാണ്. കരിമീൻ, കൊഞ്ച്, കണമ്പ് ഇനങ്ങളാണ് കായൽമത്സ്യങ്ങളിൽ ഏറ്റവും കൂടുതൽ വിറ്റുപോകുന്നത്.

കൊവിഡിന്റെ പശ്ചാത്തലത്തിൽ തൊഴിൽ നഷ്ടപ്പെട്ടവരാണ് കൂടുതലായും മത്സ്യസ്റ്റാളുകൾ ആരംഭിക്കാൻ മുന്നിട്ടിറങ്ങുന്നത്. അൽപ്പം ബുദ്ധിമുട്ടുണ്ടെങ്കിലും ലാഭകരമായ കച്ചവടം എന്ന തരത്തിലാണ് പലരും ഇതിനെ സമീപിക്കുന്നത്. നീണ്ടകര, വാടി തുറമുഖങ്ങളിൽ മത്സ്യങ്ങൾക്ക് നേരത്തേ മതിപ്പുവിലയായിരുന്നു. എന്നാൽ ഇപ്പോൾ തൂക്കത്തിനനുസരിച്ചാണ് വില. പ്രതിദിന വിലകൾ തുറമുഖങ്ങളിൽ മാറുന്നില്ലെങ്കിലും സ്റ്റാളുകളിൽ വിൽക്കുന്ന മത്സ്യങ്ങളുടെ വില ഓരോദിവസവും മാറുന്നതിന്റെ അടിസ്ഥാനം എന്താണെന്ന് വ്യക്തമല്ല.

മത്സ്യം - മത്സ്യസ്റ്റാളുകളിലെ വില (ഒരു കിലോയ്ക്ക്) - മറ്റ് വിപണികളിലെ ശരാശരി വില
കരിമീൻ - 450 മുതൽ 650 വരെ - 450 മുതൽ 550 വരെ
കൊഞ്ച് - 300 മുതൽ 550 വരെ - 250 മുതൽ 400 വരെ
അയല - 240 മുതൽ 300 വരെ - 225
കേര ചൂര - 300 മുതൽ 375 വരെ - 300
നെയ്മീൻ - 600 മുതൽ 750 വരെ - 650
നെത്തോലി - 280 മുതൽ 300 വരെ - 250
ചെമ്പല്ലി - 350 മുതൽ 400 വരെ - 350

വേണ്ടത് തദ്ദേശസ്ഥാപനങ്ങൾ നൽകുന്ന ലൈസൻസ്

മത്സ്യവിപണകേന്ദ്രങ്ങൾ ആരംഭിക്കുന്നതിന് കൃത്യമായ മാനദണ്ഡങ്ങളൊന്നും നിഷ്കർഷിച്ചിട്ടില്ല. മറ്റുസ്ഥാപനങ്ങളിലേതുപോലെ തദ്ദേശസ്ഥാപനങ്ങൾ നൽകുന്ന ലൈസൻസ് മാത്രമാണ് മത്സ്യസ്റ്റാളുകൾക്കുമുള്ളത്. ഡ്രയിനേജ്, മാലിന്യസംസ്കരണം എന്നിവയൊന്നും കൃത്യമായ തരത്തിൽ മിക്ക സ്ഥാപനങ്ങളിലുമില്ലെന്നതാണ് വാസ്തവം. മത്സ്യസ്റ്റാളുകളിൽ ആരോഗ്യവകുപ്പ് അധികൃതരുടെ പരിശോധന മാത്രമാണ് ആശ്വാസമായുള്ളത്.