കൊല്ലം: പുത്തൂർ ശ്രീനാരായണപുരം പുതുച്ചിറ പാലവും റോഡും നാടിന്റെ പതിറ്റാണ്ടുകളുടെ സ്വപ്നമാണ്. കാൽ നൂറ്റാണ്ട് മുൻപുതന്നെ പുതുച്ചിറ തോടിന് കുറുകെ പാലം നിർമ്മിക്കാൻ പദ്ധതി തയ്യാറാക്കിയതുമാണ്. ഇപ്പോൾ പാലവും റോഡുമുണ്ട് എന്നിട്ടും നാട്ടുകാർക്ക് സഞ്ചരിക്കാൻ കഴിയുന്നില്ല. റോഡിന്റെ സ്ഥിതി ദയനീയമാണ്. കുത്തൊഴുക്കിൽ മണ്ണൊലിച്ച് പോയതോടെ പലയിടങ്ങളും വലിയ കുഴികളായി മാറി. വാഹനങ്ങൾക്ക് കടന്നുപോകാൻ കഴിത്ത വിധം റോഡ് നാശത്തിലേക്ക് കൂപ്പുകുത്തുമ്പോഴും അധികൃതർ ശ്രദ്ധിയ്ക്കുന്നില്ല.
നാട്ടുകാർ നിരാശയിൽ
എസ്.എൻ.പുരം, പുതുച്ചിറ ഗ്രാമങ്ങളെ ചെറുപൊയ്ക തോട്ടാവിള ഭാഗവുമായി കൂട്ടിയിണക്കാൻ ഉപകരിക്കുന്നതാണ് പാലവും റോഡും. പുതുച്ചിറ തോടിന് കുറുകെ മുൻപ് കാൽനടയാത്രികർക്കായി ചെറിയ പാലം ഉണ്ടായിരുന്നു. ഇത് തകർന്നതോടെ തീർത്തും ബുദ്ധിമുട്ടിലായിരുന്നു. പാലം അടിത്തറക്കല്ലിൽ പതിറ്റാണ്ടുകൾ നിൽക്കേണ്ടിവന്നു. രണ്ടര വർഷം മുൻപാണ് നിർമ്മാണം പൂർത്തിയാക്കി നാടിന് സമർപ്പിച്ചത്. അപ്രോച്ച് റോഡിനായി വശങ്ങൾ കെട്ടി മണ്ണിട്ടു. അതോടെ അധികൃതർ മടങ്ങി. പിന്നെ പെരുമഴ പെയ്തതോടെ റോഡ് കുളമായി. ഏലായുടെ നടുക്കുകൂടിയുള്ള റോഡായതിനാൽ എപ്പോഴും ചെളിക്കുണ്ടാണ്. ടാറിംഗോ, കോൺക്രീറ്റോ നടത്താൻ അധികൃതർ തയ്യാറാകുന്നുമില്ല. വലിയ പ്രതീക്ഷയോടെ പാലത്തെയും റോഡിനെയും വരവേറ്റ നാട്ടുകാർ ഇപ്പോഴും നിരാശയിലാണ്.
നാട്ടുകാർ സമർപ്പിച്ച റോഡ്
പുതുച്ചിറ- ചെറുപൊയ്ക റോഡ് യാഥാർത്ഥ്യമാകുന്നതോടെ നാടിന്റെ വികസന സ്വപ്നങ്ങൾ സാക്ഷാത്കരിക്കപ്പെടുമെന്നാണ് നാട്ടുകാർ പ്രതീക്ഷിച്ചിരുന്നത്. പുതുച്ചിറ പുലക്കാവ് ഏലായിലൂടെയാണ് റോഡ് നിർമ്മിക്കേണ്ടത്. ഇതിനായി നാട്ടുകാരുടെ കൂട്ടായ്മ രൂപീകരിച്ച് തുക സമാഹരിച്ചു. ചിലർ ഭൂമി ദാനമായി നൽകി. മറ്റുചിലർ വിലയ്ക്കും. നാട്ടുകൂട്ടായ്മതന്നെ റോഡ് ഒരുക്കി സമർപ്പിച്ചു. കോവൂർ കുഞ്ഞുമോൻ എം.എൽ.എ പലതവണ ഇവിടം സന്ദർശിക്കുകയും ചെയ്തു. പാലത്തിനും റോഡിനും തുക അനുവദിച്ച് നിർമ്മാണം ഏറെക്കുറെ പൂർത്തിയാക്കി ഉദ്ഘാടനവും നടത്തി. എന്നാൽ റോഡ് സഞ്ചാര യോഗ്യമാണോയെന്നകാര്യം ആരും ചോദിച്ചതുമില്ല, പരിഹരിക്കാൻ ആരും വന്നതുമില്ല. റോഡ് നിർമ്മിച്ചിട്ടും ഇരുചക്ര വാഹനംപോലും നേരെചൊവ്വേ കൊണ്ടുപോകാനാകാതെ വിഷമിക്കുകയാണ് നാട്ടുകാർ.
മഴക്കാലം ദുരിതം
പെരുമഴക്കാലത്ത് ഈ പ്രദേശമാകെ വെള്ളം കയറാറുണ്ട്. റോഡ് നിർമ്മിച്ചതിന്റെ മുകളിൽക്കൂടി വെള്ളം ഒഴുകുന്നതാണ് കഴിഞ്ഞ മഴക്കാലത്ത് കണ്ടത്. ആ നില ഇനിയും തുടർന്നാൽ റോഡ് ഒലിച്ചുപോകും. വെള്ളം ഒഴുകിപ്പോകാൻ ശാസ്ത്രീയ സംവിധാനങ്ങൾ ഉണ്ടാക്കേണ്ടത് അനിവാര്യമാണ്. പുതുച്ചിറ തോടിന്റെ സംരക്ഷണപ്രവർത്തനങ്ങളും നിലച്ചിട്ട് വർഷങ്ങളായി.