boat

അനർഹമായി ശമ്പളം കൈപ്പറ്റുന്നവർ അനവധി

കൊല്ലം: ജില്ലയിൽ പൊതുമരാമത്ത് വകുപ്പിന് കീഴിലുള്ള കടവുകളിൽ ജീവനക്കാരില്ലാത്തതിനാൽ സർവീസ് നിലയ്ക്കുന്നു. വകുപ്പ് ചുമതലപ്പെടുത്തിയവരിൽ പലരും മറ്റ് ജോലികൾക്ക് പോകുന്നതാണ് പ്രതിസന്ധി സൃഷ്ടിക്കുന്നത്.

പൊതുമരാമത്ത് വകുപ്പിന് കീഴിൽ 78 കടവുകളാണ് ജില്ലയിലുള്ളത്. ജനങ്ങൾക്ക് സൗജന്യമായി യാത്ര ചെയ്യാൻ അഷ്ടമുടി, പരവൂർ കായലുകളിലെയും ഇത്തിക്കര, കല്ലട ആറുകളിലെയും പ്രധാന കടവുകളിൽ കടത്തുവള്ളങ്ങളും അനുവദിച്ചിട്ടുണ്ട്. ഇവിടങ്ങളിൽ പി.എസ്.സി വഴി നിയമനം ലഭിച്ചവരിൽ പലരും ഇപ്പോൾ ജോലിക്ക് വരാറില്ലെന്നാണ് ആക്ഷേപം. എന്നാൽ ഇവരെല്ലാം അനർഹമായി ശമ്പളവും ആനുകൂല്യങ്ങളും കൈപ്പറ്റുന്നുമുണ്ട്. പ്രതിസന്ധി പരിഹരിക്കാൻ താത്കാലിക ജീവനക്കാരെ നിയോഗിച്ചിട്ടുണ്ടെങ്കിലും പര്യാപ്തമല്ല.

യാത്രക്കാരുടെ കുറവാണ് കടത്തുവള്ളങ്ങളുടെ പ്രതിസന്ധിയെന്ന് പറയുമ്പോൾ പോലും അഷ്ടമുടി, സാമ്പ്രാണിക്കോടി, പാണാമുക്കം, തോലുകടവ് എന്നിവിടങ്ങളിൽ യന്ത്രവത്കൃത കടത്തുവള്ളങ്ങൾ സ്വകാര്യമേഖലയിൽ പ്രവർത്തിക്കുന്നുണ്ട്. എന്നാൽ പൊതുമരാമത്ത് വകുപ്പിന് കീഴിലുള്ള ചിലയിടങ്ങളിൽ പേരിനുപോലും കടത്തുവള്ളങ്ങളില്ലെന്നാണ് യാത്രക്കാർ പറയുന്നത്.

 നഗരപരിധിയിലും വള്ളക്കാരെ കാണാനില്ല

നഗരസഭയുടെ തൃക്കടവൂർ സോണൽ പരിധിയിൽ ഉൾപ്പെടെയുള്ള നിരവധി കടവുകളിൽ കടത്തുകാരില്ല. തൃക്കരുവയിലെ ഒരു ദേവാലയത്തിന് മുന്നിലുള്ള കടവിൽ കടത്തുകാരനെ കണ്ടിട്ട് കാലങ്ങളായി. ജീവനക്കാരുടെ അഭാവം മൂലം പതിനഞ്ച് മുതൽ ഇരുപത്തിയഞ്ച് കിലോമീറ്റർ വരെ റോഡ് മാർഗം യാത്രചെയ്യേണ്ട അവസ്ഥയിലാണ് ജനങ്ങൾ.

വെങ്കെക്കര - ആശ്രാമം, പ്ലാവറക്കടവ് - കുളങ്ങര കടവുകളിൽ ജങ്കാർ സർവീസ് ആരംഭിക്കുമെന്നാണ് നഗരസഭാ ഭരണം കൈയാളുന്ന ഇടതുമുന്നണിയുടെ തിരഞ്ഞെടുപ്പ് പ്രകടനപത്രികയിലെ വാഗ്ദാനം. വെങ്കെക്കര കടവ് ഉൾപ്പെടെയുള്ള പല സ്ഥലങ്ങളിലും കടത്തുവള്ളങ്ങളുടെ അഭാവത്തിൽ ജനങ്ങൾ മറ്റ് യാത്രാമാർഗങ്ങൾ തേടുകയാണ്.

 ജില്ലയിലെ സർക്കാർ കടത്തുവള്ളങ്ങൾ: 78

 ജീവനക്കാർ കൈപ്പറ്റുന്ന ആനുകൂല്യങ്ങൾ
ശമ്പളം: 17500 + ഡി.എ + സർക്കാർ ആനുകൂല്യങ്ങൾ + യൂണിഫോം
യാത്രാചാർജ്: സൗജന്യം (സർക്കാർ വള്ളങ്ങളിൽ)