neeravil
സംസ്ഥാന സർക്കാരിന്റെ രാജാ രവിവർമ്മ പുരസ്‌കാരം നേടിയ വിഖ്യാത ചിത്രകാരൻ പാരീസ് വിശ്വനാഥന് വേണ്ടി വി.കെ.പ്രശാന്ത് എം.എൽ.എയിൽ നിന്ന് നീരാവിൽ നവോദയം ഗ്രന്ഥശാലാ സെക്രട്ടറി എസ്. നാസർ പുരസ്കാരം സ്വീകരിക്കുന്നു. 2019 ലെ അവാർഡ് ജേതാവ് ബി.ഡി. ദത്തൻ, സംസ്‌കാരിക വകുപ്പ് സെക്രട്ടറി റാണി ജോർജ്, അക്കാഡമി സെക്രട്ടറി സി.വി. ബാലൻ തുടങ്ങിയവർ സമീപം

കൊല്ലം: സംസ്ഥാന സർക്കാരിന്റെ 2018ലെ രാജാ രവിവർമ്മ പുരസ്‌കാരം നേടിയ ചിത്രകാരൻ വിഖ്യാത പാരീസ് വിശ്വനാഥൻ​ പുരസ്‌കാരവും അവാർഡ് തുകയായ മൂന്ന് ലക്ഷം രൂപയും നീരാവിൽ നവോദയം ഗ്രന്ഥശാലയ്ക്ക് സമർപ്പിച്ചു. വിശ്വനാഥന്റെ ആഗ്രഹപ്രകാരം ലളിതകലാ അക്കാഡമി കഴിഞ്ഞ ദിവസം തിരുവനന്തപുരം വൈലോപ്പിള്ളി സംസ്‌കൃതി ഭവനിൽ നടത്തിയ പുരസ്‌കാര സമർപ്പണ ചടങ്ങിൽ വി.കെ. പ്രശാന്ത് എം.എൽ.എയിൽ നിന്ന് അവാർഡ് ശില്പവും പ്രശസ്തി പത്രവും തുകയും ഗ്രന്ഥശാലാ സെക്രട്ടറി എസ്. നാസർ ഏറ്റുവാങ്ങി.

തൃക്കടവൂർ പള്ളിയാവിളയിൽ കെ. വേലു ആചാരിയുടെയും നാണിഅമ്മയുടെയും മകനായ വിശ്വനാഥൻ കേരളത്തിൽ താമസിച്ചിരുന്ന കാലത്ത് നവോദയം ഗ്രന്ഥശാല കലാസമിതിയുടെ സജീവ പ്രവർത്തകനായിരുന്നു. മദ്രാസ് ആർട്‌സ് ആൻഡ് ക്രാഫ്റ്റ്‌സ് കോളേജിലാണ് അദ്ദേഹം തന്റെ കലാപഠനം പൂർത്തിയാക്കിയത്. തുടർന്ന് വിശ്രുത ചിത്രകാരൻ കെ.സി.എസ്. പണിക്കർക്കൊപ്പം രാജ്യത്തെ ആദ്യ കലാഗ്രാമമായ ചോഴമണ്ഡലത്തിന്റെ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കെയാണ് ഒരു ചിത്രപ്രദർശനത്തിന്റെ ഭാഗമായി പാരീസിലേക്ക് പോകുന്നതും അവിടെ സ്ഥിരതാമസമാക്കുന്നതും.

വിശ്വനാഥന്റെ ചിത്രങ്ങൾ ഉൾക്കൊള്ളുന്ന 'വിശ്വചിത്രജാലകം' ആർട്ട് ഗ്യാലറി നവോദയം ഗ്രന്ഥശാലയുടെ പുതിയ ഓഡിറ്റോറിയ സമുച്ചയത്തിൽ പൂർത്തിയായി വരികയാണ്. വർഷംതോറും സംസ്ഥാനത്തെ ശ്രദ്ധേയനായ ഒരു ചിത്രകലാ വിദ്യാർത്ഥിക്ക് പുരസ്‌കാരം നൽകുക, കുട്ടികൾക്കായി ചിത്രരചനാ മത്സരം സംഘടിപ്പിക്കുക മുതലായ പ്രവർത്തനങ്ങൾക്ക് അവാർഡ് തുക ഉപയോഗിക്കുമെന്ന് ഗ്രന്ഥശാലാ ഭാരവാഹികൾ അറിയിച്ചു.