pho
പുനലൂർ പേപ്പർ മില്ലിന് സമീപത്തെ ഭൂമി ഉദ്യോഗസ്ഥർ അളന്ന് തിട്ടപ്പെടുത്തുന്നു..

പുനലൂർ: പത്തനാപുരം താലൂക്കുകളിലെ ഭൂ രഹിതരായ കുടുംബങ്ങളുടെ കൈവശ ഭൂമിക്ക് പട്ടയം നൽകുന്നതിന് മുന്നോടിയായുള്ള സർവേ നടപടികൾ പുരോഗമിക്കുന്നു.രണ്ട് താലൂക്കുകളിലെ പുനലൂർ, വിളക്കുടി വില്ലേജുകളിൽ താമസിക്കുന്ന 1001 കുടുംബങ്ങളുടെ കൈവശ ഭൂമിക്കാണ് പട്ടയം നൽകുന്നത്.രണ്ട് മാസം മുമ്പാണ് സർവേ നടപടികൾ ആരംഭിച്ചത്.താമസക്കാരുടെ കൈവശമിരിക്കുന്ന 128 ഹെക്ടർ ഭൂമിയുടെ പട്ടയമാണ് നൽകുന്നതെന്ന് തഹസീൽദാർ(എൽ.ആർ.) ബിജു രാജ് അറിയിച്ചു.ഈ ഭൂമി അളന്ന് തിട്ടപ്പെടുത്തി കല്ലുകൾ സ്ഥാപിച്ചു.ഇനി ഓരോ കുടുംബാംഗങ്ങൾ താമസിക്കുന്ന ഭൂമികൾ പ്രത്യേകം അളന്ന് തിട്ടപ്പെടുത്തും.തുടർന്ന് മഹസർ തയ്യാറാക്കി ഓരോ കുടുംബങ്ങളുടെയും ഭൂമിയെ സംബന്ധിച്ച് പ്രത്യേകം ഫയലുകളാക്കി മാറ്റും. പിന്നീട് ഫയൽ സർക്കാരിൽ സമർപ്പിക്കും.തിരുവനന്തപുരത്ത് നിന്നെത്തിയ പത്ത് അംഗ സർവേ ടീമാണ് കൈവശ ഭൂമി അളന്ന് തിട്ടപ്പെടുത്തി കൊണ്ടിരിക്കുന്നത്. രണ്ട് മാസത്തിനകം ഭൂമിയുടെ പട്ടയം നൽകുമെന്നും തഹസീൽദാർ അറിയിച്ചു.ഇതിന്റെ ഭാഗമായി പുനലൂർ റെയിൽവേ സ്റ്റേഷന് സമീപത്തെ റെയിൽവേ, റോഡ്, ആറ്റ് പുറമ്പോക്ക് ഭൂമികളും അളന്ന് തിട്ടപ്പെടുത്തുമെന്നും തഹസീൽദാർ അറിയിച്ചു. ഹെഡ് സർവേയർ ഒ.ഷാജി,സർവേയർമാരായ എസ്.മുരളി, എസ്.ജയകുമാർ, സതീഷ്കുമാർ, ശിവകുമാർ, മനോജ് ലാൽ, പ്രീയകുമാർ, പ്രേംകുമാർ, കിരൺ, ഐ.സബീന തുടങ്ങിയവരുടെ നേതൃത്വത്തിലാണ് നടപടികൾ പൂർത്തിയായി വരുന്നത്.