കൊല്ലം : കഴിഞ്ഞ ദിവസം കല്ലുവാതുക്കലിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയ നവജാത ശിശു മരണത്തിന് കീഴടങ്ങിയതിന്റെ പശ്ചാത്തലത്തിൽ ജില്ലാകളക്ടർ അബ്ദുൾനാസർ ഫേസ്ബുക്കിലെഴുതിയ വരികൾ ശ്രദ്ധേയമാകുന്നു. ഫേസ് ബുക്ക് പോസ്റ്റ് ഇങ്ങനെ : കുഞ്ഞുങ്ങളെ എവിടെയെങ്കിലും ഉപേക്ഷിക്കല്ലേ. ഇന്നലെ നടന്നത് ക്രൂരമായ നരഹത്യയാണ്. കുഞ്ഞിനെ ഞങ്ങൾക്ക് തരൂ, ഈ പാപം പൊറുക്കാൻ കഴിയില്ല, നിങ്ങളുടെ വിവരങ്ങളെല്ലാം രഹസ്യമായിരിക്കും, ഒട്ടും ആശങ്ക വേണ്ട, ഒരു കുറവും വരുത്താതെ ഞങ്ങൾ നോക്കിക്കൊള്ളാം. വനിതാശിശുക്ഷേമ വകുപ്പിന്റെ നിയമപരമായി രക്ഷാകർതൃത്വം ഒഴിയുന്നതിനെക്കുറിച്ചുള്ള അറിയിപ്പും പോസ്റ്റിനൊപ്പം കളക്ടർ ചേർത്തിട്ടുണ്ട്. ചൈൽഡ് വെൽഫെയർ കമ്മിറ്റി, അമ്മത്തൊട്ടിൽ, ജില്ലാശിശു സംരക്ഷണ യൂണിറ്റ് എന്നിവിടങ്ങളിൽ കുട്ടികളെ ഏൽപ്പിക്കാം. ആദ്യ അരമണിക്കൂറിനുള്ളിൽ 400 പേരാണ് പോസ്റ്റ് ഷെയർ ചെയ്തത്.